ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

"കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട്, എല്ലാവരും കൊച്ചിയിൽ നിന്ന് രായ്ക്കുരാമാനം പറന്നകലുന്നു"

പ്ലാസ്റ്റിക് കത്തിപ്പടരുന്ന സാഹചര്യത്തിൽ ഓടിപ്പോകേണ്ടി വരുന്നത് തീർത്തും ഗത്യന്തരമില്ലാതെ തന്നെയാണ്, സുരഭി കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ പ്രതികരിച്ച് നടി സുരഭി ലക്ഷ്മി. കൊച്ചിയുടെ ഇന്നത്തെ അവസ്ഥ ഏറെ വിഷമം ഉണ്ടാക്കുന്നതാണെന്നും എല്ലാവരും കൊച്ചിയിൽ നിന്ന് രായ്ക്കുരാമാനം പറന്നകലുന്നെന്നും സുരഭി കുറിച്ചു. "ഈ വിഷപ്പുക ശ്വസിച്ചുകൊണ്ട് തന്നെ പറയട്ടെ, ആരോഗ്യപരമായ ജീവിതാന്തരീക്ഷം, നല്ല ഭക്ഷണവും വെള്ളവും, വസ്ത്രം തുടങ്ങിയവ മനുഷ്യൻ്റെ അടിസഥാനപരമായ അവകാശങ്ങളാണ്. അന്തർദേശീയ തുറമുഖം, മെട്രോ റെയിൽ തുടങ്ങിയവ എല്ലാം കൊച്ചിയിലുണ്ടെന്ന് വീമ്പു പറഞ്ഞിരിക്കുമ്പോൾ തന്നെ കൊതുക് കയ്യിലെ ചോരയൂറ്റി നമ്മെ വലച്ചിരുന്നു. ഇപ്പോഴിതാ കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട്", സുരഭി ഫേയ്സ്ബുക്കിൽ കുറിച്ചു. 

സുരഭിയുടെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഏറെ ആലോചിച്ചു വിഷമത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കൊച്ചിയുടെ ഇന്നത്തെ അവസ്ഥ ഏറെ വിഷമം ഉണ്ടാക്കുന്നതാണ്. സിനിമയ്ക്കായി ഇവിടേയ്ക്ക് കൂടുമാറി ചേക്കേറുമ്പോഴും ഒരു സുരക്ഷിതത്വം എന്നും തോന്നിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കൂടാനും കഴിയാനും ജോലി ചെയ്യാനും എല്ലാത്തിനും പറ്റിയ ഒരിടം. ഇപ്പോ എല്ലാവരും കൊച്ചിയിൽ നിന്ന് രായ്ക്കുരാമാനം പറന്നകലുന്നു. ബ്രഹ്മപുരത്തെ മാലിന്യപ്ലാൻ്റിൽ നിന്ന് തീയും പുകയും ഉയരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഞെട്ടിക്കുന്നതാണ്. അത് ഏറെ ബാധിക്കുന്നത് വൃദ്ധരെയും ഗർഭിണികളെയും കുഞ്ഞുമക്കളെയും. ഈ വിഷപ്പുക ശ്വസിച്ചുകൊണ്ട് തന്നെ പറയട്ടെ, ആരോഗ്യപരമായ ജീവിതാന്തരീക്ഷം, നല്ല ഭക്ഷണവും വെള്ളവും, വസ്ത്രം തുടങ്ങിയവ മനുഷ്യൻ്റെ അടിസഥാനപരമായ അവകാശങ്ങളാണ്. അന്തർദേശീയ തുറമുഖം, മെട്രോ റെയിൽ തുടങ്ങിയവ എല്ലാം കൊച്ചിയിലുണ്ടെന്ന് വീമ്പു പറഞ്ഞിരിക്കുമ്പോൾ തന്നെ കൊതുക് കയ്യിലെ ചോരയൂറ്റി നമ്മെ വലച്ചിരുന്നു. ഇപ്പോഴിതാ കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട്. 
യുദ്ധവും കലാപവും മൂലം മനുഷ്യർ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത് ജീവിതത്തിലും സിനിമയിലുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ പ്ലാസ്റ്റിക് കത്തിപ്പടരുന്ന സാഹചര്യത്തിൽ ഓടിപ്പോകേണ്ടി വരുന്നത് തീർത്തും ഗത്യന്തരമില്ലാതെ തന്നെയാണ്. കോവിഡാനന്തര കാലത്ത് ശ്വാസകോശത്തിൻ്റെ ആരോഗ്യം എത്ര മാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്ര പേരെ മരണം കൊണ്ടുപോയി.. എത്ര പേർ മരണം മുഖാമുഖം കണ്ട് തത്കാല ജാമ്യത്തിൽ ജീവിതത്തിലേക്ക് തിരികെ വന്നു.. ശ്വാസകോശത്തിന് താങ്ങാനാകാത്തത് കൊണ്ട് ഇനിയൊരു കോവിഡ് വരാതെ നോക്കാൻ ഡോക്ടർ  താക്കീത് തന്നവർ എത്ര.. ആറടി താഴ്ചയിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ തീ കത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സർക്കാരിൻ്റെ ഫയർ ഫോഴ്സിലെ, പോലീസ് വിഭാഗത്തിലെ എത്രയും പ്രിയപ്പെട്ട സഹോദരങ്ങൾ, സന്നദ്ധ സേവകർ ജീവൻ പണയപ്പെടുത്തി തീ കെടുത്താൻ ശ്രമിക്കുന്നത് കാണുന്നുമുണ്ട്. വ്യാവസായികപരമായും സാമൂഹികപരമായും സാംസ്കാരികപരമായും ഇത്രയും പ്രധാനപെട്ട ഒരു ജില്ലയിൽ മനുഷ്യൻ്റെ ജീവന് ഭീഷണിയാകുന്ന പ്ലാൻ്റ്  ഇത്രയും ഉദാസീനമായി കൈകാര്യം ചെയ്യാൻ എങ്ങനെ കഴിഞ്ഞു എന്നതാണ് അദ്ഭുതപെടുത്തുന്നത്. കോവിഡ് പരത്തിയ ഭീതി ഇനിയും വിട്ടു മാറാതെ, പ്രിയപെട്ടവരോട് പോലും അടുത്ത് മനസാൽ ഇടപഴകാൻ കഴിയാത്ത ഒരുപാട് പേർ നമുക്കിടയിലുണ്ട്. കോവിഡ് വീട്ടിനുള്ളിൽ ഇരിക്കാനാണ് നിർബന്ധിച്ചതെങ്കിൽ ഇന്നിപ്പോൾ ഇവിടംവിട്ടു പോകലാണ് പോംവഴിയാകുന്നത്. ഈ വിഷയത്തിൽ ഭരണകൂടത്തിൻ്റെ വ്യക്തമായ നിലപാട് എന്താണെന്ന് അറിയില്ല. ഓഖി ചുഴലിക്കാറ്റ്, രണ്ടു മഹാപ്രളയങ്ങൾ, നിപ വൈറസ്, കോവിഡ് മഹാമാരി, തീരദേശ പ്രക്ഷോഭങ്ങൾ തുടങ്ങിയവ അതിജീവിച്ച കേരളം ഇതും അതിജീവിക്കും എന്നതിൽ സംശയം ഒന്നുമില്ല. പക്ഷേ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും സ്വയം വെള്ളപൂശുന്നവർ അതെല്ലാം കഴിഞ്ഞ് ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്വം നടപ്പാക്കുമ്പോൾ എത്ര ജീവനുകൾ നഷ്ടപ്പെടും? എത്ര പേർ മാറാരോഗികകളാകും? കോവിഡ് കാലത്ത് ദിവസേന ഡിസ്പോസിബിൾ മാസ്ക് വാങ്ങാൻ പണമില്ലാതെ സ്വയം ഉപയോഗിച്ച  മാസ്ക് കഴുകി വീണ്ടും ഉപയോഗിച്ച നിരവധി പേരുള്ള നാടാണ് കേരളം; അവർക്ക് ഗ്യാസ് മാസ്കും ഫിൽട്ടറും വാങ്ങാനുള്ള പാങ്ങുണ്ടാകുമെന്ന് തോന്നുന്നില്ല. സ്വന്തം വീടുവിട്ടു എങ്ങോട്ടെന്നില്ലാതെ പോകാൻ മനസ്സും ഉണ്ടാകില്ല. രാഷ്ട്രീയം മറന്ന് ഒന്നായി ഇക്കാര്യത്തിൽ എല്ലാവരും ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കണം. ജീവനാണ് വലുത് എന്നത് ദയവായി മനസ്സിലാക്കണം. ഇനി ഇത് ഉണ്ടാകാതെ നോക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാനുൾപ്പെടെ എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT