നിമിഷ സജയനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോൾ സിനിമയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പതിവ് രീതികളിൽ നിന്ന് മാറിയുള്ള ഒരു സിനിമയാണ് ഇതെന്നും തന്നെപ്പോലെയുള്ള ഒരാൾ മലയാളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ജിയോ ബേബിയുടെ ഫേയ്സ്ബുക്ക് പേജിലാണ് സിനിമയെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘മഹാനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മഹത്തായ അടുക്കളയേ കുറിച്ച് സംസാരിക്കുന്നു…ഞങ്ങള്‍ക്ക് ഇതൊരു വലിയ അംഗീകാരമാണ്’ എന്ന കുറിപ്പിലാണ് വിഡിയോ. ഇത്തരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഈ ചിത്രം അന്തര്‍ ദേശീയ ചലച്ചിത്ര മത്സരങ്ങള്‍ക്കൊക്കെ ഈ സിനിമ അയക്കണമെന്നും പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ
‘ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കാണാനിടയായി. ആ സിനിമ കണ്ടപ്പോള്‍ തന്നെ വളരെ വ്യത്യസ്തമായൊരു സിനിമ കാണുന്ന പ്രതീതി അതിന് സൃഷ്ടിക്കാന്‍ കഴിഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. നമ്മുടെ പതിവ് രീതികളില്‍ നിന്ന് മാറിയിട്ടുള്ള ഒരു സിനിമ. അതാണ് എന്നെ പോലെയുള്ള ഒരാള്‍ മലയാള സിനിമയില്‍ പ്രതീക്ഷിക്കുന്നത്. സാധാരണ രീതിയില്‍ നിന്ന് മാറി പുതിയതായി ചെയ്യുന്ന എന്തെങ്കിലും സിനിമ മലയാളത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. അത്തരത്തില്‍ ഉള്ള മാറ്റങ്ങള്‍ മലയാള സിനിമയില്‍ കണ്ടുതുടങ്ങിയതില്‍ സന്തോഷമുണ്ട്. ഈ സിനിമയുടെ പ്രത്യേകത അടുക്കളയില്‍ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ച് വീട്ടില്‍ കൊണ്ടുവന്ന് അവരെ അടുക്കളയിലേക്ക് ഒതുക്കുന്ന ഒരു പ്രവണതയെ കുറിച്ചും. പുരഷന്‍മാരുടെ ഇടയില്‍ ഇതുവരെ മാറിയിട്ടില്ലാത്ത സമീപന രീതിയ കുറിച്ചുമാണ് സിനിമ പറയുന്നത്.
ചിത്രത്തില്‍ അഴുക്ക് വെള്ളം പോകുന്ന ചോരുന്ന ഓസ് ഒരു കഥാപാത്രമാക്കിയത് എനിക്ക് ഇഷ്ടപ്പെട്ടു. അവസാനം രോഷാകുലയായ ആ പെണ്‍കുട്ടി അതേ അഴുക്ക് വെള്ളം തന്നെയാണ് ഭര്‍ത്താവിന്റെയും അയാളുടെ അച്ഛന്റെയും ദേഹത്തേക്ക് ഒഴിച്ച് അവിടെ നിന്ന് ഇറങ്ങി പോകുന്നതും. അതിന് പകരം അവിടെ നിന്ന് ആ വ്യക്തികളെ ശരിയാക്കണം എന്ന് പറയുന്നതിലൊന്നും അര്‍ത്ഥമില്ല. അത്തരത്തില്‍ ആ വീട്ടിലെ അടുക്കളയില്‍ അവരുടെ ജീവിതം അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് അവര്‍ ഇറങ്ങി പോയത് നന്നായെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
നമ്മള്‍ ജീവിക്കുന്നത് ചെറിയൊരു കാലയളവിലാണ്. അത് നമുക്ക് ഇഷ്ടപ്പെട്ടത് ചെയ്ത് ജീവിക്കുകയാണ് വേണ്ടത്. അതുകൊണ്ട് ആ കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തോട് അങ്ങേയറ്റം കൂറ് പുലര്‍ത്തുന്നുണ്ട് എന്റെ മനസ്. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് ഒരു അത്ഭുതം തോന്നിയത് ഒരു നായര്‍ തറവാട്ടില്‍ നടക്കുന്ന ചെയ്തികളെല്ലാം ജിയോ കൃത്യമായി മനസിലാക്കിയിരിക്കുന്നു എന്നുള്ളതാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കാണേണ്ട സിനിമയാണ്. തീര്‍ച്ഛയായും ഇത്തരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ചിത്രം അന്തര്‍ ദേശീയ ചലച്ചിത്ര മത്സരങ്ങള്‍ക്കൊക്കെ ഈ സിനിമ അയക്കണം. അതിന് പറ്റിയ ചിത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates