സൈബര്‍ ആക്രമണത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കി സംവിധായകന്‍ ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ മലയാള സിനിമയുടെ ഗതി മാറ്റിയ സംവിധായകനാണ് ചിദംബരം. തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ചിദംബരത്തിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
ദിലീപിനെ നായകനാക്കി ചിദംബരം ചിത്രമൊരുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ചിദംബരം തന്നെ രംഗത്തെത്തി. പിന്നാലെയാണ് സംവിധായകന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇതോടെയാണ് ചിദംബരം അക്കൗണ്ട് പ്രൈവറ്റാക്കിയത്.
ദിലീപിനെ നായകനാക്കിയൊരു സര്‍വൈവല്‍ ത്രില്ലര്‍ ഒരുക്കുന്നുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞ ചിദംബരം ചവറ് പോസ്റ്റ് ചെയ്യും മുമ്പ് ഉറപ്പു വരുത്തണമെന്നും താന്‍ സര്‍വൈവര്‍ ത്രില്ലര്‍ സ്‌പെഷ്യലിസ്റ്റ് അല്ലെന്നും പ്രതികരിച്ചിരുന്നു. ഇതോടെ ദിലീപ് ആരാധകര്‍ സംവിധായകനെതിരെ തിരിയുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അതേസമയം വ്യാജ വാര്‍ത്ത നിരസിച്ചതിന്റെ പേരില്‍ സംവിധായകനെ ആക്രമിക്കുന്നത് എന്തിനെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നുണ്ട്.
ചിദംബരം അക്കൗണ്ട് പൂട്ടിയെങ്കിലും ചിലര്‍ ഈ അവസരം മുതലെടുത്ത് റാപ്പര്‍ ഹനുമാന്‍ കൈന്‍ഡിന്റെ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്. എന്തിനാ വര്‍ക്കിച്ചന്‍ ഞങ്ങടെ റണ്‍വേയില്‍ കേറി കളിച്ചത്. മേലാല്‍ ആവര്‍ത്തിക്കരുത് കെട്ടോടാ എന്നും മറ്റും ഹനുമാന്‍ കൈന്‍ഡിന്റെ പോസ്റ്റിന് താഴെ ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഹനുമാന്‍ കൈന്‍ഡും ചിദംബരവും തമ്മിലുള്ള രൂപസാദൃശ്യം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates