'ഏജന്റ്' എന്ന സിനിമയുടെ പരാജയത്തിന് പിന്നാലെ അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടമാണ് സിനിമാ രംഗത്തു നിന്ന് കുറച്ചു കാലം താൻ വിട്ടു നിൽക്കാൻ കാരണമായതെന്ന് തെലുങ്ക് നടൻ അഖിൽ അക്കിനേനി. മുരളി കിഷോർ അബ്ബുരു സംവിധാനം ചെയ്യുന്ന ലെനിൻ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് അഖിൽ ഇപ്പോൾ.
വീട്ടിലെ കുളിമുറിയിലെ നനഞ്ഞ തറയിൽ തെന്നിവീണുണ്ടായ ഒരു അപകടം തന്നെ ശാരീരികമായി തളർത്തിയെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ അക്കിനേനി പറഞ്ഞു. വീഴ്ചയിൽ ഒരു ഗ്ലാസ് കഷണത്തിന് മുകളിൽ കൈ അമരുകയും ഇടത് കയ്യിലെ ഞരമ്പുകൾക്കും പേശികൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
രണ്ട് ശസ്ത്രക്രിയകളും 48 തുന്നിക്കെട്ടുകളും വേണ്ടി വന്ന ഈ അപകടം മാസങ്ങളോളം തന്നെ വിശ്രമിക്കാൻ നിർബന്ധിതനാക്കിയെന്നും അഖിൽ പറഞ്ഞു. "എനിക്ക് മനസിലാകും, ഇതൊരു വലിയ ഇടവേളയാണ്. ഇതിൽ പകുതി എൻ്റെ തെറ്റായിരുന്നു, പകുതി എൻ്റെ കയ്യിലായിരുന്നില്ല. എനിക്ക് 16 മാസത്തെ ചികിത്സ വേണ്ടിവന്ന ഒരു പരിക്ക് സംഭവിച്ചു.
എൻ്റെ ഇടതുകൈയിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നു. ഏജൻ്റ് റിലീസ് ചെയ്ത് 3- 4 മാസങ്ങൾക്ക് ശേഷമാണ് എനിക്ക് പരിക്ക് പറ്റിയത്. അതൊരു ആകസ്മിക അപകടമായിരുന്നു. നനഞ്ഞ ബാത്ത്റൂം തറയിൽ തെന്നി വീഴുകയായിരുന്നു, ഒരു ഗ്ലാസ് കഷണത്തിൽ ഞാൻ വീണു. അത് എൻ്റെ ഇടതുകൈയിലെ മോതിര വിരലിലും നടുവിരലിലെ ഞരമ്പുകളെയും സിരകളെയും ടൻഡനുകളെയും മുറിച്ചു. ഇവിടെ 48 തുന്നലുകളുണ്ട്".- അഖിൽ പറഞ്ഞു.
ഈ 16 മാസ കാലയളവിൽ താൻ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയതെന്നും 'ഇരുണ്ട ചിന്തകൾ' തന്നെ വേട്ടയാടിയിരുന്നതായും അദ്ദേഹം പറഞ്ഞു. ശാരീരികമായും മാനസികമായും തകർന്നുപോയ ആ എട്ടു മാസക്കാലം തനിക്ക് ഭാരമുയർത്താനോ ജിമ്മിൽ പോകാനോ പോലും സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"ഈ പരിക്ക് എന്നെ പൂർണമായും തളർത്തി. ഏകദേശം 7-8 മാസത്തോളം എനിക്ക് ഒരു ഭാരവും ഉയർത്താൻ കഴിഞ്ഞില്ല. പൂർണമായി സുഖം പ്രാപിക്കാൻ ആകെ 16 മാസമെടുത്തു. മാനസികമായി കരകയറാനും വീണ്ടും ജിമ്മിൽ പോകാനും, ആക്ഷൻ ചെയ്യാനോ മറ്റെന്തെങ്കിലും ചെയ്യാനോ വേണ്ടത്ര ശക്തി നേടാനും എനിക്ക് കഴിഞ്ഞില്ല.
ഇതിനോടൊപ്പം എൻ്റെ അവസാന ചിത്രത്തിൻ്റെ ഫലവും ചേർന്നപ്പോൾ, ഞാൻ കടന്നുപോകേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു അതെന്ന് ഞാൻ കരുതുന്നു. ഇനി ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാം". -അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ആ വേദനയെയും നിരാശയെയും തന്റെ തിരിച്ചുവരവിനുള്ള ഊർജ്ജമാക്കി മാറ്റാനാണ് അഖിൽ ഇപ്പോൾ ശ്രമിക്കുന്നത്. നാഗാർജുനയും സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന 'ലെനിൻ' ജൂലൈ 10-ന് തിയറ്ററുകളിലെത്തും. ഭാഗ്യശ്രീ ബോർസെ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates