Parvathy Thiruvothu, Alleppey Ashraf വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കയ്യടികൾക്ക് പകരം കൂവൽ, മലയാളത്തിലെ പലരും ചേർന്ന് മൂലയ്ക്കിരുത്താൻ നോക്കി; എന്നിട്ടും ഒറ്റയ്ക്ക് നിന്ന് പടവെട്ടി', നടിയെക്കുറിച്ച് ആലപ്പി അഷ്റഫ്

അവർ സത്യത്തിനു നേരെ കണ്ണടച്ചില്ല. അച്ചാരം കൈപ്പറ്റി മൊഴി മാറ്റി പറഞ്ഞതുമില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടി പാർവതി തിരുവോത്തിന്റെ അതിജീവനത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്. മലയാള സിനിമയ്ക്ക് ലഭിച്ച ഒരു വരദാനമാണ് പാർവതിയെന്നും ഒറ്റയ്ക്ക് നിന്ന് പടവെട്ടി നേടിയ വിജയത്തിന് ശക്തിയും തിളക്കവും കൂടുതലാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. മലയാളികൾക്കിന്ന് പാർവതിയോട് ആരാധന മാത്രമല്ല, ബഹുമാനവും കൂടിയുണ്ടെന്ന് അദ്ദേഹം പറയുന്നു.

"സ്ത്രീ ഒരു പേരല്ല, ശബ്ദമല്ല, കാലത്തിന്റെ പ്രഖ്യാപനമാണ്. അവരുടെ ഭാഷ ധൈര്യമാണ്, സ്വാതന്ത്ര്യം തിരിച്ചറിവാണ്, വിജയം യാത്രയാണ്. ലോകം പറഞ്ഞ വഴിയെ നടക്കുന്നത് സാധാരണമാണ്. പുതിയ വഴികൾ സൃഷ്ടിക്കുന്നതാണ് അസാധാരണം. സ്ത്രീയുടെ ആത്മവിശ്വാസം ഒരു കുടുംബത്തെ ഉയർത്തും, സ്വപ്നങ്ങൾ സമൂഹത്തെ ഉണർത്തും, ധൈര്യം തലമുറകളെ പ്രചോദിപ്പിക്കും.

ഇത്തരം കാഴ്ചപ്പാടുകളിലൂടെ ജീവിത വിജയം നേടിയ ഒരു അഭിനേത്രിയുടെ കല്ലും മുള്ളും നിറഞ്ഞ ജീവിത വീഥിയിലൂടെ നമുക്കൊന്ന് കടന്നുചെല്ലാം. മലയാള സിനിമയിലെ ഒരു പ്രമുഖ നടി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ആർക്കും എന്തും ചെയ്യാവുന്ന, എങ്ങനെയും സമീപിക്കാവുന്ന ഒരു ഉല്പന്നമാണോ സ്ത്രീ ?. സ്വതന്ത്രമായ ചിന്തകളും വികാരങ്ങളും തീരുമാനങ്ങളും നിലപാടുകളും നീതിബോധവും എല്ലാമുള്ള മനുഷ്യജന്മം തന്നെയാണ് സ്ത്രീ.

ആ രീതിയിൽ അവളെ പരിഗണിക്കുന്നതിനു വേണ്ടിയുള്ള ഒരു ലോകത്തിനു വേണ്ടിയാണ് തന്റെ പോരാട്ടം എന്ന് പറഞ്ഞത് മറ്റാരുമല്ല, നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് അഭിനയ മികവിലൂടെ പ്രേക്ഷക മനസ്സുകളെ കീഴടക്കിയ നടി പാർവതി തിരുവോത്താണ്. പുരുഷാധിപത്യ സമൂഹത്തിൽ വ്യക്തിത്വം അടിയറവ് വെക്കാതെ ഒരു സ്ത്രീ എങ്ങനെയൊക്കെ പൊരുതി നേടാം എന്ന സന്ദേശമാണ് അവർ പലപ്പോഴായി അവരുടെ അഭിമുഖങ്ങളിലൂടെ പങ്കുവച്ചിട്ടുള്ളത്.

അതെല്ലാം അവർ നടന്നുനീങ്ങിയ വഴികളിലെ അത്ര സുഖകരമല്ലാത്ത ജീവിതാനുഭവങ്ങളുമാണ്. സിനിമാ മേലാളന്മാർ പാർവതിയെ പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാക്കിയത് നടി ആക്രമിക്കപ്പെട്ടപ്പോൾ വ്യക്തിപരമായ ലാഭനഷ്ടങ്ങൾ കണക്കാക്കാതെ അതിജീവിതയ്ക്കൊപ്പം നിലയുറപ്പിച്ചു എന്നതിനാലാണ്. അവർ സത്യത്തിനു നേരെ കണ്ണടച്ചില്ല. അച്ചാരം കൈപ്പറ്റി മൊഴി മാറ്റി പറഞ്ഞതുമില്ല. സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നു.

ഇതാണ് ചിലരുടെയൊക്കെ കണ്ണുകളിൽ അവർ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിയാകുവാനുള്ള കാരണം. 'അമ്മ' എന്ന താര സംഘടനയിൽ നിന്നുകൊണ്ട് അവിടെ നടന്നിരുന്ന പല അനീതികൾക്കുമെതിരെ അവർ ശബ്ദമുയർത്തി. അവരുടെ ശബ്ദം ഉയർന്നു കേൾക്കാതിരിക്കാൻ അവരെ അടിച്ചമർത്തുന്ന ഒരു ഘട്ടം വന്നപ്പോൾ ആ സംഘടനയിൽ നിന്നാൽ സ്ത്രീകൾക്കൊരിക്കലും നീതി കിട്ടില്ല എന്ന ബോധ്യത്തിൽ നിന്നുകൊണ്ടാണ് അവർ അവിടെനിന്നും പടിയിറങ്ങുന്നതും സമാന ചിന്താഗതിയിലുള്ളവരുമായി ചേർന്നുകൊണ്ട് ഡബ്ല്യുസിസി എന്ന സംഘടനയ്ക്ക് രൂപം നൽകുന്നതും.

അപ്പോഴേക്കും അവരെ മലയാള സിനിമയിൽ നിന്നും ഒറ്റപ്പെടുത്തി നിഷ്കാസനം ചെയ്യുവാനുള്ള ശ്രമം ആരംഭിച്ചു എന്നു പറയാതിരിക്കാൻ നിർവാഹമില്ല. അതൊക്കെ തന്നെ കുറേ നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ മലയാളം മൂലയ്ക്കിരുത്താൻ നോക്കിയപ്പോൾ അവർ തമിഴിലും ഹിന്ദിയിലുമൊക്കെ വിജയം കൊയ്തു. പാർവതി സാധാരണ സിനിമാ താരങ്ങളിൽ നിന്നും വ്യത്യസ്തമായി ആഴത്തിൽ വായനാശീലമുള്ള ഒരു നടിയാണ്.

സമകാലിക വിഷയങ്ങളിൽ താല്പര്യമെടുക്കുകയും അതേക്കുറിച്ച് ചിന്തിച്ച് സ്വാഭിപ്രായം ആരുടെ മുൻപിലും തുറന്നു പറയുന്നതും പാർവതിയുടെ ഒരു ശീലമാണ്. ഭംഗിയും തീക്ഷ്ണതയും സമന്വയിപ്പിക്കുന്ന അവരുടെ നേത്രങ്ങളിൽ ഒരു അഭിനേത്രി എന്നതിനപ്പുറം നിലപാടുകളുള്ള ഒരു സ്ത്രീയുടെ ആർജ്ജവം പ്രകടമാണ്. മലയാളികൾക്കിന്നിപ്പോൾ പാർവതിയോട് ആരാധന മാത്രമല്ല ബഹുമാനവുമുണ്ട്.

സിനിമയിൽ പലരും പലപ്പോഴും സ്വയം സംരക്ഷണമൊരുക്കി സുരക്ഷിതരാകാൻ കാലാകാലങ്ങളിൽ സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് നിലപാടുകൾ മാറ്റിപ്പറയുന്നത് നാം കണ്ടിട്ടുള്ളതാണല്ലോ. എന്നാൽ സ്വന്തം നിലനിൽപ്പിനായി നിലപാടുകളിൽ വെള്ളം ചേർക്കാതെ ഉറച്ചുനിന്നുകൊണ്ട് കരിയർ മെച്ചപ്പെടുത്തിയ നടിയാണ് പാർവതി.

നായക പ്രാധാന്യമുള്ള സിനിമകൾ മാത്രമേ വിജയിക്കൂ എന്ന ധാരണ നിലനിൽക്കുമ്പോൾ തന്നെയാണ് പല വലിയ നായകന്മാരുടെയും ചിത്രങ്ങൾ ബോക്സ് ഓഫിസിൽ അടിതെറ്റി വീഴുന്നത്. ഈ സാഹചര്യത്തിലാണ് പാർവതി കേന്ദ്ര കഥാപാത്രമായി നായികയായി എത്തിയ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രം ചരിത്രം കുറിച്ച് വിജയം കൈവരിച്ചത്.

മലയാള സിനിമയിൽ പല നടിമാരും പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് പരാജയപ്പെട്ടുപോയിട്ടുണ്ട്. എന്നാൽ പൊലീസ് വേഷത്തിലെത്തി കയ്യടി നേടിയിട്ടുള്ള നടിമാരാണ് വാണി വിശ്വനാഥും പിന്നീട് വർഷങ്ങൾക്ക് ശേഷം വന്ന ആശ ശരത്തും. എന്നാൽ ഇപ്പോൾ അവരെയൊക്കെ കടത്തിവെട്ടി പൊലീസ് വേഷത്തിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ച് ജനഹൃദയങ്ങളെ, പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ് പാർവതി തിരുവോത്ത്.

പാർവതി അഭിനയിച്ചിട്ടുള്ള ചില ചിത്രങ്ങളൊക്കെ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അത്തരം ചിത്രങ്ങളിലും പാർവതിയുടെ അഭിനയമികവ് മുഴച്ചുനിൽക്കുന്നതായിരുന്നു. പാർവതി അഭിനയിച്ചിട്ടുള്ള ചിത്രങ്ങളും കഥാപാത്രങ്ങളും വിഭിന്നവും വ്യത്യസ്തവുമാണ്. സ്വതസിദ്ധമായ സ്വഭാവങ്ങളോ രീതികളോ അഭിനയത്തിൽ കടന്നുവരാതിരിക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളൊന്നും കഥാപാത്രത്തിൽ കടന്നുവരാറില്ലെന്ന് അവർ പറയുന്നുണ്ട്.

'കസബ' എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത നിറഞ്ഞ രംഗത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവർ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളും എത്ര ഭീകരമായിരുന്നു എന്നതിന്റെ ഒരു ചിത്രം ഈയിടെ ഒരു അഭിമുഖത്തിൽ അവർ വരച്ചുകാണിക്കുകയുണ്ടായി. പതിനായിരങ്ങൾ പങ്കെടുത്ത അവാർഡ് നിശയിൽ തനിക്ക് ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് കയറുമ്പോൾ പതിനായിരങ്ങളുടെ ഒരുമിച്ചുള്ള കൂക്കുവിളികൾ ഏറ്റുവാങ്ങേണ്ടിവന്നു.

അവാർഡ് വാങ്ങുമ്പോൾ കിട്ടേണ്ട കയ്യടികൾക്ക് പകരം അവിടെ കൂടിയിരുന്നവർ മുഴുവനും എന്നെ കൂവി വിളിക്കാൻ തുടങ്ങി. അപ്പോൾ എന്റെയുള്ളിൽ എല്ലാം സ്ലോഡൗൺ ആയതുപോലെ തോന്നി. പതുക്കെ നടക്കുക, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂർത്തീകരിക്കുക എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു. സത്യത്തിൽ ആ 7 മിനിറ്റുകൾ എനിക്ക് 7 വർഷം പോലെയാണ് തോന്നിയത്.

പതിനായിരക്കണക്കിന് ആളുകൾ ഒന്നിച്ചുനിന്ന് നിങ്ങളെ കൂകുമ്പോൾ ഒന്നുകിൽ നിങ്ങൾ തളർന്ന് ഇല്ലാതാകും. അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് ഉരുക്കുപോലെ ഉറച്ചതാകും. ആ അനുഭവം എന്റെ ഡിഎൻഎയെ വരെ മാറ്റിമറിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ഞാൻ അതിജീവിച്ചു. എനിക്ക് നിരവധി ബലാത്സംഗ ഭീഷണികളും വധഭീഷണികളും ലഭിച്ചിരുന്നു. ആ സമയത്ത് പുറത്തിറങ്ങാൻ പോലും ഞാൻ ഭയപ്പെട്ടിരുന്നു.

സൈബർ ആക്രമണം അതിന്റെ എല്ലാ പരിധികളും ലംഘിക്കപ്പെട്ടു. ആ സമയത്ത് എന്റെ മാതാപിതാക്കളും ഒരുപറ്റം സുഹൃത്തുക്കളും എന്നോടൊപ്പം ഉറച്ചുനിന്നു. ആ സമയത്ത് ആസിഫ് അലിയും ടൊവിനോയും എനിക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് എന്നോടൊപ്പം ഉറച്ചുനിന്നത് എനിക്കൊരിക്കലും വിസ്മരിക്കാനാവില്ലെന്നും അവർ പറയുന്നുണ്ട്. ആസൂത്രിതമായി ചിലരൊക്കെ ചേർന്ന് പാർവതിയെ മൂലയ്ക്കിരുത്താൻ ശ്രമിച്ചപ്പോൾ പാർവതി 'ഉയരെ' എന്ന ചിത്രത്തിലൂടെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക് പറന്നുയർന്നു.

പ്രശസ്ത നിർമാതാവായിരുന്ന പി വി ഗംഗാധരന്റെ മകളാണ് എസ് ക്യൂബ് പ്രൊഡക്ഷൻസിന് വേണ്ടി 'ഉയരെ' എന്ന ചിത്രത്തിലേക്ക് പാർവതിയെ അഭിനയിക്കാൻ ക്ഷണിക്കുന്നത്. പാർവതിയോടൊപ്പം അഭിനയിക്കുവാൻ അന്ന് പല നടന്മാരും ഭയന്നിരുന്നു. അവിടെയാണ് ആസിഫും ടൊവിനോയും പാർവതിയോടൊപ്പം അഭിനയിക്കുവാൻ തയ്യാറായി മുന്നോട്ടുവന്നത്. അതുകൊണ്ടാണ് അവർ തന്ന പിന്തുണയെ എപ്പോഴും നന്ദിയോടെ സ്മരിക്കുന്നത്.

‘കസബ’യുടെ പേരിൽ ഉണ്ടായ വിവാദം അല്പം വൈകിയാണെങ്കിലും മമ്മൂട്ടിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചപ്പോൾ അത് പരിഹരിക്കപ്പെട്ടു. മമ്മൂട്ടിയോടൊപ്പം പിന്നീട് ഒരു പടത്തിൽ അഭിനയിക്കുകയും ചെയ്തു. ഈ അടുത്ത് നടി ഉർവ്വശി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ പാർവതി എന്നോടൊപ്പം അഭിനയിച്ചപ്പോൾ പലരും ആ കുട്ടിയോട് വിരോധവും അകൽച്ചയും കാണിക്കുന്നതായി എനിക്ക് തോന്നി.

അപ്പോൾ ഞാൻ ചിന്തിച്ചത് നല്ല പെരുമാറ്റവും സംസാരവും അഭിനയ മികവുമുള്ള ഈ കുട്ടിയോട് എന്തിനാണ് എല്ലാവർക്കും ഇത്രയും ദേഷ്യവും വിരോധവുമെന്ന്. അതിനുതക്ക എന്ത് തെറ്റാണ് ഈ കുട്ടി ചെയ്തതെന്ന്. ഈ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സിനിമയിലുള്ള ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് പലരുടെയും തെറ്റുകൾ പൊതുമധ്യത്തിൽ പറയുന്നത് തെറ്റാണെങ്കിൽ ആ ഒരു വലിയ തെറ്റാണ് അവരുടെയൊക്കെ വിരോധത്തിന് കാരണം.

ഇപ്പോൾ പാർവതിയോടുള്ള പകയും വിരോധവുമൊക്കെ പഴങ്കഥകളായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ അബലയല്ല പ്രബലയാണെന്ന് അവർ തെളിയിച്ചു കഴിഞ്ഞു. അത് അഭിനയത്തിലൂടെ ആണെങ്കിലും ജീവിതത്തിലൂടെ ആണെങ്കിലും. ഇന്ന് അവർ ആഗ്രഹിച്ചതുപോലെ, സ്വപ്നം കണ്ടതുപോലെ സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രങ്ങളെ ജനം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു തുടങ്ങി.

എന്തൊക്കെ പറഞ്ഞാലും പാർവതി മലയാള സിനിമയ്ക്ക് ലഭിച്ച ഒരു വരദാനം തന്നെയാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ഒറ്റയ്ക്ക് നിന്ന് പടവെട്ടി നേടിയ വിജയത്തിന് ശക്തിയും തിളക്കവും കൂടുതലാണ്. ഇച്ഛാശക്തി കൊണ്ടും അചഞ്ചലമായ മനസാന്നിധ്യം കൊണ്ടും വിജയിച്ച പെൺകരുത്തായ പാർവതിക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് നിർത്തുന്നു. നന്ദി, നമസ്കാരം".- ആലപ്പി അഷ്റഫ് വിഡിയോയിൽ പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Alleppey Ashraf praises Parvathy Thiruvothu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

പ്രവൃത്തി പരിചയം വേണ്ട; ഡിഗ്രിക്കാർക്ക് മാരിടൈം അഡ്മിനിസ്ട്രേഷനിൽ ജോലി; 30 ഒഴിവുകൾ, ശമ്പളം 75000 രൂപ

ഒറ്റപ്പാലം കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു

വൻ അട്ടിമറി... 8 തവണ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി അനാഹത് സിങ്!

ഏലൂരിൽ 11 കെവി വൈദ്യുതി ലൈൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലേക്ക് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം