തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് അംബിക. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം നമ്പര്‍ വണ്‍ നായികയായിരുന്നു ഒരുകാലത്ത് അംബിക. പക്ഷെ കരിയറിന്റെ തുടക്കത്തില്‍ പല അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട് അംബികയ്ക്ക്. നേരത്തെ അമൃത ടിവിയിലെ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ അംബിക ആ അനുഭവം പങ്കിട്ടിരുന്നു.
''തുടക്കകാലത്ത് എന്നെ കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത് നടിമാരാണ്. പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിന് പോലും എന്നെ അപമാനിച്ചിട്ടുണ്ട്. ഒരിക്കല്‍ എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്ന സമയം. ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടു വരുന്ന കാര്യം പറയാന്‍ വന്നപ്പോള്‍, നമ്മുടെ കാതില്‍ വീഴുന്നത് പോലെ ചിലര്‍ പറഞ്ഞത് കേട്ടു. 'എന്താണ് അതിന്റെ ആവശ്യം? കരിമീന്‍ ഇല്ലെങ്കില്‍ ഇറങ്ങില്ലേ?'. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ അമ്മയ്‌ക്കൊക്കെ ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ വല്ലാതെ വേദനിക്കും'' അംബിക പറയുന്നു.
''എന്റെ കണ്ണൊക്കെ നിറഞ്ഞു. അപ്പോള്‍ അമ്മ അടുത്ത് വിളിച്ചു. വേണ്ട, നീ കഴിക്കണ്ട വാ എന്ന് പറഞ്ഞു. അവര്‍ എന്നെ വേറെ ഒന്ന് രണ്ട് സിനിമകളിലും അപമാനിച്ചിട്ടുണ്ട്. പുതുമുഖമല്ലേ അവര്‍ക്ക് അതിന്റെ ആവശ്യമില്ലെന്നാണ് അവര്‍ പറയുന്നത്. അമ്മ എറണാകുളത്തെ ഗ്രാന്റ് ഹോട്ടലില്‍ നിന്നും കരിമീന്‍ വാങ്ങി കൊണ്ടു വന്നു അന്ന്.'' എന്നും താരം ഓര്‍ക്കുന്നുണ്ട്. അതേ നടി മനപ്പൂര്‍വ്വം ഷൂട്ടിംഗ് വൈകിപ്പിച്ച അനുഭവവും അംബിക പങ്കുവെക്കുന്നുണ്ട്.
''എനിക്ക് വേറൊരു സിനിമയില്‍ അഭിനയിക്കാന്‍ ഉള്ളതിനാല്‍ അന്നൊരു ദിവസം വൈകുന്നേരം നേരത്തെ പോകണം. വൈകുന്നേരത്തെ ട്രെയ്‌നില്‍ ആണ് പോകേണ്ടത്. അവര്‍ വേണമെന്ന് കരുതി പത്തും പന്ത്രണ്ടും ടേക്ക് പോകും. സംവിധായകന്‍ വിളിച്ച് കൊച്ചേ നിനക്കും അവര്‍ക്കും ഇടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാന്‍ പറഞ്ഞു.'' എന്നാണ് താരം പറയുന്നത്. ഭക്ഷണത്തിന് മുന്നില്‍ നിന്നും എഴുന്നേല്‍പ്പിച്ചു വിട്ട അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
''വേറൊരു നടിയും അപമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വേണ്ടി ഇലയൊക്കെ ഇട്ട ശേഷം ടേബിളില്‍ ഇരിക്കാന്‍ തുടങ്ങുമ്പോള്‍ 'നോ നോ യു ഗോ ആന്‍ഡ് സിറ്റ് ദേര്‍' എന്ന് പറഞ്ഞു. നീ ഇവിടെ ഇരിക്കണ്ട ഞങ്ങള്‍ സീനിയേഴ്‌സാണ്, നീ അവിടെ പോയിരിക്കു എന്ന് പറഞ്ഞു. അന്നൊക്കെ അമ്മയും അച്ഛനും പറഞ്ഞിരുന്നത് നിനക്കെന്ന് പറഞ്ഞ് ഒരു കാലം വരും, അന്ന് മധുരമായി പകരം ചോദിക്കൂ എന്നാണ്. അങ്ങനെ അവരോട് ഞാന്‍ പകരം ചോദിക്കുകയും ചെയ്തു.'' എന്നും അംബിക പറയുന്നു. പിന്നീട് തന്നെ അപമാനിച്ച നടിയോട് ചെയ്ത മധുരപ്രതികാരത്തിന്റെ കഥയും അവര്‍ പങ്കുവെക്കുന്നുണ്ട്.
''ഞാന്‍ കത്തി നില്‍ക്കുന്ന സമയമാണ്. ഡ്രസ് മാറി പുറത്ത് വന്നപ്പോള്‍ അവര്‍ അവിടെ നില്‍ക്കുന്നു. എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് മേക്കപ്പ് റൂമില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഫളാഷ്ബാക്ക് മനസിലൂടെ പോയി. എനിക്ക് ഷോട്ട് ആയി, ചേച്ചി എന്റെ റൂമില്‍ ഇരുന്നോ എന്ന് പറഞ്ഞു. അവരെ വിളിച്ച് എന്റെ റൂമില്‍ കൊണ്ടു പോയി ഇരുത്തി. എന്റെ അസിസ്റ്റന്റിനോട് അവരുടെ സഹായി വരുന്നത് വരെ കൂടെ ഇരിക്കാനും പറഞ്ഞു. ചേച്ചി അകത്തിരിക്കൂ എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ ഒരു നോട്ടം നോക്കി. അതില്‍ നിന്നു തന്നെ എന്താണ് ഉദ്ദേശിച്ചതെന്ന് രണ്ട് പേര്‍ക്കും മനസിലായി.'' എന്നാണ് താരം ഓര്‍ക്കുന്നത്.
Actress Ambika was insulted by a senior actress multiple times during her initial times. Actress remembers her sweet revenge.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates