Amitabh Bachchan in Don ഫയല്‍
Entertainment

ഭക്ഷണത്തിന് പോലും പണമില്ല, റിലീസിന് മുമ്പ് ദാരുണ മരണം; 'ഡോണ്‍' നിര്‍മാതാവിന് സംഭവിച്ചത്

റിലീസിന് മുമ്പ് സിനിമ കണ്ട ജാവേദ് അക്തര്‍ ഒരു പാട്ട് കൂടെ വേണമെന്ന് വാശി പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

അമിതാഭ് ബച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഡോണ്‍. ചിത്രം പിന്നീട് മലയാളമടക്കം മറ്റ് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. അതേ പേരില്‍ തന്നെ കാലങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാനെ വച്ച് റീമേക്ക് ചെയ്യപ്പെട്ടപ്പോഴും ഡോണ്‍ വലിയ വിജയമായിരുന്നു. ഷാരൂഖിന്റെ ഡോണും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോഴിതാ രണ്‍വീര്‍ സിംഗിനെ നായകനാക്കി പുതിയ ഡോണ്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഫര്‍ഹാന്‍ അക്തര്‍.

ബോളിവുഡിലെ കള്‍ച്ചറല്‍ ഐക്കണുകളിലൊന്നായി മാറിയ ചിത്രമാണ് ഡോണ്‍. ഇന്നും ആരാധകര്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഡോണിന്റെ നിര്‍മാതാവ് നരിമാന്‍ ഇറാനിയ്ക്ക് ആ വിജയം കാണാന്‍ സാധിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടാണ് നരിമാന്‍ ഡോണ്‍ നിര്‍മിച്ചത്. പക്ഷെ സിനിമയുടെ പ്രീമയറിന് തൊട്ട് മുമ്പ് അദ്ദേഹം മരണപ്പെടുകയായിരുന്നു.

കടത്തിന് മേല്‍ കടവുമായി നില്‍ക്കവെയാണ് നരിമാന്‍ ഇറാനി ഡോണ്‍ നിര്‍മിക്കുന്നത്. സിനിമയുടെ നിര്‍മാണത്തിനും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. റിലീസ് ഡേറ്റ് വരെ തീരുമാനിച്ച ശേഷമാണ് ചിത്രത്തിലെ ഹിറ്റ് പാട്ടായ 'ഖൈകെ പാന്‍ ബനാറസ് വാല' ഷൂട്ട് ചെയ്യുന്നത്. അതേക്കുറിച്ച് പ്രമുഖ ഗാനരചയിതാവ് സമീര്‍ അഞ്ജാന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ അഞ്ജാന്‍ ആണ് ചിത്രത്തിലെ പാട്ടെഴുതിയത്.

റിലീസിന് മുമ്പ് സിനിമ കണ്ട ജാവേദ് അക്തര്‍ ഒരു പാട്ട് കൂടെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. അപ്പോഴേക്കും സിനിമ പൂര്‍ത്തിയായിരുന്നു. ജാവേദിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് പുതിയ പാട്ടെഴുതുകയും ചിത്രീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നിര്‍മാതാവ് ആ സമയത്ത് കടത്തില്‍ മുങ്ങി താഴ്ന്നു നില്‍ക്കുകയായിരുന്നു. ഈ സിനിമ കാരണം അദ്ദേഹത്തിന് ഭക്ഷണം വാങ്ങാന്‍ പോലും പണമുണ്ടായിരുന്നില്ലെന്നാണ് സമീര്‍ പറഞ്ഞത്. ഒരൊറ്റ ദിവസം കൊണ്ടാണ് പാട്ട് ചിത്രീകരിച്ചത്. എന്നാല്‍ സിനിമയുടെ പ്രീമിയറിന് മുമ്പ് മറ്റൊരു സിനിമ സെറ്റിലുണ്ടായ അപകടത്തില്‍ നരിമാന്‍ ഇറാനി മരിച്ചു.

സാമ്പത്തിക പ്രശ്‌നം നേരിട്ടിരുന്ന നരിമാനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കിയ ചിത്രമായിരുന്നു ഡോണ്‍ എന്നാണ് ഒരു അഭിമുഖത്തില്‍ ചന്ദ്ര ബരോട്ട് പറയുന്നത്. ''അദ്ദേഹം സുനില്‍ ദത്തിനൊപ്പം 'സിന്ദഗി സിന്ദഗി' എന്ന സിനിമ ചെയ്തിരുന്നു. അത് പരാജയപ്പെട്ടു. കടത്തിലായി. അതോടെ രക്ഷിക്കാന്‍ കൂട്ടുകാര്‍ തീരുമാനിച്ചു. അമിതാഭ് ബച്ചനും പ്രാനും സലീം ജാവേദും സീനത്ത് അമനും മുന്നോട്ട് വന്നു. മൂന്ന് വര്‍ഷവും ആറ് മാസവും കൊണ്ടാണ് ഡോണ്‍ നിര്‍മിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. പക്ഷെ നല്ല സിനിമ ചെയ്യാനായി'' എന്നാണ് അദേഹം പറഞ്ഞത്.

25 ലക്ഷം രൂപയ്ക്കായിരുന്നു ഡോണ്‍ നിര്‍മിച്ചത്. ഇറാനിയുടെ മരണത്തിന് ശേഷം ചിത്രത്തിനായി പ്രൊമോഷന്‍ പരിപാടികളൊന്നും വേണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചിത്രം ബോക്‌സ് ഓഫീസില് വലിയ വിജയം നേടി. ആ പണം കൊണ്ടാണ് ഇറാനിയുടെ കടമെല്ലാം വീട്ടിയതെന്നും ബരോട്ട് പറയുന്നുണ്ട്.

Producer of Amitabh Bachchan's Don died in poverty just few days before the release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT