മാളികപ്പുറം പോസ്റ്റർ, ആന്റോ ആന്റണി എംപി/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'മാളികപ്പുറം 'കേരളത്തിന്റെ കാന്താര', മനസിൽ 'സ്വാമിയേ...ശരണമയ്യപ്പ...' മന്ത്രം നിറയും'; ആന്റോ ആന്റണി എംപി

'കേരളത്തിന് പുറത്തുചെല്ലുമ്പോള്‍ ഇനിമുതല്‍ ശബരിമലയുടെ നാട്ടില്‍ നിന്ന് വരുന്നു എന്ന് പറയുന്നതിനൊപ്പം,'നിങ്ങള്‍ മാളികപ്പുറം സിനിമ കാണൂ' എന്നുകൂടി പറയും'

സമകാലിക മലയാളം ഡെസ്ക്

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് ആന്റോ ആന്റണി എംപി. മലയാളത്തിന്റെ കാന്താരയാണ് ചിത്രം എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ 'സ്വാമിയേ...ശരണമയ്യപ്പ...' മന്ത്രം നിറയുമെന്നും ആന്റോ ആന്റണി പറയുന്നു. മലയാളിക്ക് മറ്റുനാടുകളില്‍ കൂടുതല്‍ അഭിമാനം നല്‍കുന്ന ഒരു ചലച്ചിത്രകാവ്യമാണിത്. കേരളത്തിന് പുറത്തുചെല്ലുമ്പോള്‍ ഇനിമുതല്‍ ശബരിമലയുടെ നാട്ടില്‍ നിന്ന് വരുന്നു എന്ന് പറയുന്നതിനൊപ്പം,'നിങ്ങള്‍ മാളികപ്പുറം സിനിമ കാണൂ' എന്നുകൂടി പറയുമെന്നും അദ്ദേഹം കുറിച്ചു. 

ആന്റോ ആന്റണി എംപിയുടെ കുറിപ്പ് വായിക്കാം

ശബരിമല ഉള്‍പ്പെടുന്ന നാടിന്റെ ജനപ്രതിനിധിയാണ് എന്നു പറയുമ്പോള്‍ കിട്ടുന്ന ഭക്തിപുരസ്സരമുള്ള സ്വീകരണം എന്നും അനുഭവിച്ചറിയാനായിട്ടുണ്ട്; പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെത്തുമ്പോള്‍. അയ്യപ്പന്‍ അവര്‍ക്കെല്ലാം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത ശക്തിസ്രോതസ്സാണ്. ആ ദിവ്യതേജസ്സിനെ വര്‍ണിക്കുന്ന അതിമനോഹരമായ ഒരു ചലച്ചിത്രം റിലീസ് ദിവസം തന്നെ കണ്ടതിന്റെ അനുഭൂതിയിലാണ് ഇത് കുറിക്കുന്നത്. പ്രിയസുഹൃത്ത് ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം'എന്ന സിനിമയെ ഒറ്റവാചകത്തില്‍ 'കേരളത്തിന്റെ കാന്താര' എന്ന് വിശേഷിപ്പിക്കാം. അത്രത്തോളം ഉജ്ജ്വലമായാണ് അത് പ്രേക്ഷകരിലേക്ക് ഭക്തിയുടെയും അതിലെ നിഷ്‌ക്കളങ്കതയുടെയും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പകര്‍ന്ന് ഒടുവില്‍ കോരിത്തരിപ്പിക്കുന്ന ക്ലൈമാക്‌സോടെ പര്യവസാനിക്കുന്നത്. 

കല്യാണി എന്ന എട്ടുവയസ്സുകാരിയും അവളുടെ കൂട്ടുകാരനായ പീയൂഷും നടത്തുന്ന ശബരിമലയാത്രക്കൊപ്പം പ്രേക്ഷകന്‍ തീര്‍ഥയാത്ര ചെയ്യുകയാണ്. ശബരിമലകാണുകയാണ്, അനുഭവിക്കുകയാണ്, അവിടത്തെ ചൈതന്യം നുകരുകയാണ്...'തത്വമസി' അഥവാ 'അത് നീയാകുന്നു'എന്നാണ് ശബരിമലയില്‍ കൊത്തിവെച്ചിരിക്കുന്ന തത്വം. ഈ സിനിമ നമ്മോടു പറയുന്നതും അതുതന്നെ. പീയൂഷും കല്യാണിയും നമ്മള്‍ തന്നെയാണ്. ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ച ദേവനന്ദന, ശ്രീപദ് യാന്‍ എന്നീ കുട്ടികളില്‍ ഈശ്വരസ്പര്‍ശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രത്തോളം അദ്ഭുതപ്പെടുത്തുന്നതാണ് അവരുടെ പ്രകടനം. ഇവരിലൂടെയാണ് കഥ മുന്നോട്ടുപോകുന്നതെങ്കിലും ശബരിമലയും അയ്യപ്പനുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. അതുകൊണ്ടുതന്നെ കണ്ടിരിക്കുമ്പോള്‍ മനസ്സില്‍ പലപ്പോഴും 'സ്വാമിയേ...ശരണമയ്യപ്പ...'എന്ന മന്ത്രം നിറയും. 

ഉണ്ണിമുകുന്ദന്‍ ഒരിക്കല്‍ക്കൂടി ജനമനസ്സുകള്‍ കീഴടക്കുന്നുണ്ട്,സ്വന്തം പ്രകടനത്തിലൂടെ. സിനിമ കണ്ട് മാത്രം അറിയേണ്ട മാസ്മരികതയാണ് ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റേത്. സൈജുകുറുപ്പ്, രമേഷ് പിഷാരടി തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെല്ലാം പ്രശംസയര്‍ഹിക്കുന്നു. സംവിധായകന്‍ വിഷ്ണു, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ഛായാഗ്രാഹകന്‍ വിഷ്ണുനാരായണന്‍, എഡിറ്റര്‍ ഷമീര്‍മുഹമ്മദ്, സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ് തുടങ്ങി എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം. മലയാളിക്ക് മറ്റുനാടുകളില്‍ കൂടുതല്‍ അഭിമാനം നല്‍കുന്ന ഒരു ചലച്ചിത്രകാവ്യമാണ് നിങ്ങള്‍ ഒരുക്കിയത്. കേരളത്തിന് പുറത്തുചെല്ലുമ്പോള്‍ ഇനിമുതല്‍ ശബരിമലയുടെ നാട്ടില്‍ നിന്ന് വരുന്നു എന്ന് പറയുന്നതിനൊപ്പം,'നിങ്ങള്‍ മാളികപ്പുറം സിനിമ കാണൂ' എന്നുകൂടി ഞാന്‍ പറയും. അത്രത്തോളം മികച്ചതാണ് ഈ സൃഷ്ടി. കളങ്കമില്ലാത്ത ഭക്തിയും പ്രാര്‍ഥനയും മനുഷ്യനെ എത്രമേല്‍ വിമലീകരിക്കുന്നു എന്നറിയാന്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ സിനിമ കാണണം. കണ്ടിറങ്ങുമ്പോള്‍ ഉള്ളിലെവിടെയോ ഒരുതരി കണ്ണുനീരും സംതൃപ്തിയും ബാക്കിയുണ്ടാകും,തീര്‍ച്ച....

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

SCROLL FOR NEXT