മമ്മൂട്ടി ചിത്രം കളങ്കാവൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരിലേക്ക് എത്തും. ഡിസംബർ അഞ്ചിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. മമ്മൂട്ടിയെക്കുറിച്ച് പോസ്റ്റർ ഡിസൈനർ ആന്റണി സ്റ്റീഫൻസ് ക്രോം പങ്കുവച്ച വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം കളങ്കാവൽ പ്രീ റിലീസ് ടീസർ ലോഞ്ചിൽ അണിയറ പ്രവർത്തകരെ എല്ലാവരെയും സ്റ്റേജിലേക്ക് ക്ഷണിച്ച് മമ്മൂട്ടി പരിചയപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ആന്റണിയുടെ വാക്കുകൾ.
ഒരുമിച്ച് അഞ്ച് സിനിമകൾ അഭിനയിച്ചുവെന്നും എന്നാൽ കളങ്കാവൽ പ്രീ റിലീസ് ടീസർ ഇവന്റിലാണ് മമ്മൂട്ടിക്കൊപ്പം ഫോട്ടോ എടുക്കാനായതെന്നും ചന്ദ്രനിൽ പോയിട്ട് തിരിച്ചുവന്ന നീൽ ആംസ്ട്രോങ് അനുഭവിച്ച അതെ മാനസികാവസ്ഥയാണ് തനിക്കെന്നും ആന്റണി പറയുന്നു.
ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
റോഷാക്കിന്റെ പോസ്റ്ററുകൾ ചെയ്ത് അയച്ചു കൊടുത്ത് അതിന്റെ റിസൽറ്റ് എന്താണെന്നു അറിയാതെ ഫുൾ ടെൻഷനിൽ ഇരിക്കുമ്പോൾ ജോർജേട്ടൻ വിളിച്ചു, മമ്മൂക്ക എന്നെ കാണണം എന്ന് പറഞ്ഞിരിക്കുന്നു... സ്‌ക്രീനിൽ മാത്രം കണ്ടിരുന്ന മമ്മൂക്കയെ നേരിൽ കാണുന്നതിൽ അതിയായ സന്തോഷവും, പോസ്റ്ററുകൾ കണ്ടിട്ട് എന്താവും അദ്ദേഹം പറയാൻ പോകുന്നത് എന്നാലോചിച്ചു പരിഭ്രമവും തോന്നി...
എന്തായാലും മമ്മൂക്കയെ കാണാം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാം എന്ന ചിന്തയിൽ ഞാൻ ഇറങ്ങി. കടവന്ത്രയിലെ വീടിന്റെ ഗേറ്റുകൾ ഓരോന്നായി എന്റെ മുന്നിൽ തുറന്നു, സന്ദർശകർക്കായുള്ള ഇടത്തിൽ ഇരിക്കവേ ചില്ലുവാതിൽ തള്ളി തുറന്നു മുന്നിലേക്ക് വന്നു
"ഡിസൈനർ" അല്ലേ ? എപ്പോഴുമുള്ള ആ ഗൗരവ ഭാവം വിടാതെ തന്നെ ചോദിച്ചു
ഉള്ളിൽ നിന്നും പൊന്തി വന്ന അന്താളിപ്പിനെ മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് "അതേ" എന്ന് ഞാൻ പറഞ്ഞു
ലാപ്ടോപ്പോ ടാബോ ഒന്നും ഇല്ലേ ?
എന്റെ ശൂന്യമായ കൈകളിലേക്ക് നോക്കി മമ്മൂക്ക ചോദിച്ചു. അബദ്ധം മനസ്സിലായ ഞാൻ ചമ്മലോടു കൂടി ഇല്ലന്ന് പറഞ്ഞു
ചെറുതായി ചിരിച്ചു കൊണ്ട് മമ്മൂക്ക അദ്ദേഹത്തിന്റെ ഫോൺ തുറന്ന് ഞാൻ അയച്ചു കൊടുത്ത പോസ്റ്റർ ഓരോന്നായി എടുത്ത് അഭിപ്രായം പറയാൻ തുടങ്ങി. എല്ലാം മമ്മൂക്കക്ക് ഇഷ്ടപ്പെട്ടിരിക്കുന്നു.. ഫോണ്ട് സൈസ് വലുതാക്കൽ പോലുള്ള ചെറിയ തിരുത്തലുകൾ മാത്രം
കുറച്ചു നേരം സംസാരിച്ചു. ഈ രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് പറഞ്ഞു മമ്മൂക്ക എന്നെ യാത്രയാക്കി
ആ പരിഭ്രമത്തിനിടയിൽ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാൻ തോന്നിയില്ല
ശേഷം മമ്മൂക്കയോടൊപ്പം 5 സിനിമയിൽ വർക്ക് ചെയ്തു. പല തവണ കണ്ടു, പക്ഷേ അപ്പോഴൊക്കെയും ഒപ്പം നിന്ന് ഒരു പടം എടുക്കണം എന്ന ആഗ്രഹം സാധിച്ചില്ല. ഇന്നലെ കളങ്കാവലിന്റെ ലോഞ്ച് ഫങ്ഷനിൽ പോകുമ്പോൾ ഇന്നെന്തായാലും എടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു
പക്ഷേ ഇങ്ങനെ സ്റ്റേജിലേക്ക് വിളിച്ചു ചേർത്ത് നിർത്തി കൊണ്ടാവുമെന്നു വിചാരിച്ചില്ല
താങ്ക് യു മമ്മൂക്ക
ചന്ദ്രനിൽ പോയിട്ട് തിരിച്ചു വന്ന നീൽ ആംസ്ട്രോങ് അനുഭവിച്ച അതേ മാനസികാവസ്ഥയാണ് ഇതെഴുതുമ്പോഴും എന്റെയുള്ളിൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates