സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളേയും വിദ്വേഷ പ്രചരണങ്ങളേയും കുറിച്ച് നടി അനുപമ പരമേശ്വരന്‍. കമന്റുകള്‍ മൂലം ഒരിക്കല്‍ താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡീയാക്ടീവ് ചെയ്തിട്ടുണ്ടെന്നും അനുപമ പറയുന്നു. സമീപകാലത്ത് നടി ഐശ്വര്യ ലക്ഷ്മിയടക്കമുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് സ്റ്റാര്‍ ആന്റ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അനുപമ.
''ഞാന്‍ അത് മുന്നേ പരീക്ഷിച്ചിട്ടുള്ളതാണ്. ഇടവേളയെടുത്തു. പക്ഷെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തില്ല. അപ്പോഴും മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ അതും മറികടന്നു. ആയിരം നല്ല കമന്റകള്‍ക്കിടയില്‍ ഒരൊറ്റ മോശം കമന്റ് മതി നമ്മുടെ സന്തോഷം കളയാന്‍. ആ കമന്റിടുന്നയാളുടെ ഉദ്ദേശ്യവും അതു തന്നെയാണ്. നമ്മള്‍ അതിന് കീഴടങ്ങുമ്പോള്‍ അയാളാണ് വിജയിക്കുന്നത്.'' അനുപമ പറയുന്നു.
''വിമര്‍ശിക്കുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങളുടെ അഭിനയം മോശമാകുന്നു, മെച്ചപ്പെടുത്തണം എന്ന് പറയുന്നത് വിമര്‍ശനമാണ്. എന്നാല്‍ ഒന്നു പോയി ചത്തുകൂടെ എന്നൊക്കെ ചോദിക്കുന്നത് നമ്മളെ വല്ലാതെ വിഷമിപ്പിക്കും. മുന്‍പ് കമന്റുകള്‍ വായക്കുന്നത് അഡിക്ഷന്‍ പോലെയായിരുന്നു. ലൈക്കുകള്‍ കുറയുന്നത്, ഫോളോവേഴ്‌സ് കുറയുന്നത് ഇതെല്ലാം എന്നെ ബാധിച്ചിരുന്നു''.
''പിന്നീട് അതൊക്കെയും എന്റെ ശ്രദ്ധയില്‍ പോലും വരാതായി. ആയിരം നല്ല കമന്റുകളെ മാത്രം ഞാന്‍ കേട്ടു. എല്ലാ നെഗറ്റിവിറ്റിയില്‍ നിന്നും വിട്ടുമാറി. ഇതൊന്നും അത്ര എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. ഒരു സെലിബ്രിറ്റിയായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. ആളുകളെ നമുക്ക് തിരുത്താനാവില്ല. എന്നു കരുതി നമ്മുടെ സന്തോഷങ്ങള്‍ ഇല്ലാതാക്കാനും പറ്റില്ലല്ലോ. ഇന്ന് ഫോണില്ലാതെയും എനിക്ക് ജീവിക്കാന്‍ പറ്റും'' എന്നും അനുപമ പറയുന്നു.
കരിയറില്‍ മിന്നും ഫോമിലാണ് അനുപമയുള്ളത്. ഡ്രാഗണ്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ ഒരേസമയം മലയാളത്തിലും തമിഴിലും ഹിറ്റ് സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ് അനുപമ. മലയാളത്തില്‍ പെറ്റ് ഡിക്ടീവും തമിഴില്‍ ബൈസണുമാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ഇരു സിനിമകളും വലിയ വിജയമാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates