അർജുൻ ദാസും അന്ന ബെന്നും പ്രധാന വേഷത്തിലെത്തിയ കോൺ സിറ്റി എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ അന്ന ബെന്നിനെക്കുറിച്ച് അർജുൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്. സിനിമ എന്ന് പറയുന്നത് എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ടു പോകുന്ന ഒരു കലയാണെന്നും കലാകാരൻമാർ പരസ്പരം എപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അർജുൻ പറഞ്ഞു.
അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. "ഞാൻ എന്റെ കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റുകളെ നന്നായി നിരീക്ഷിക്കാറുണ്ട്. ഓരോ സഹ-താരങ്ങളും സ്പെഷ്യൽ ആയി എന്തെങ്കിലും നൽകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ".- അർജുൻ പറഞ്ഞു. അന്ന ബെന്നിന് അഭിനയത്തോടുള്ള സമർപ്പണത്തെ കുറിച്ചും അർജുൻ പ്രശംസിച്ചു.
വളരെ അനായാസമായാണ് അന്ന അഭിനയിക്കുന്നതെന്നും അർജുൻ കൂട്ടിച്ചേർത്തു. "വളരെ പെട്ടെന്നാണ് അന്ന ഒരു കഥാപാത്രത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതും. ഒരു മാനസികാവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ വളരെ പെട്ടെന്നാണ് അന്ന മാറുന്നത്.
തമിഴിൽ അഭിനയിക്കുക എന്നത് അന്നയെ സംബന്ധിച്ച് ഒരു വെല്ലുവിളിയുമായിരുന്നു. ഭാഷ നന്നായി അറിയില്ലാഞ്ഞിട്ടു കൂടി സംവിധായകൻ ആഗ്രഹിച്ചതു പോലെ തന്നെ അന്ന പെർഫോം ചെയ്തുവെന്നും" അദ്ദേഹം വ്യക്തമാക്കി.
ഹരീഷ് ദുരൈരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കോൺ സിറ്റി. യോഗി ബാബു, വടിവുക്കരശി, ഇമ്മാൻ അണ്ണാച്ചി, അഖിലൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates