ഛാവ സിനിമയെക്കുറിച്ചുള്ള പ്രസ്താവനയെ തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണമാണ് എആര്‍ റഹ്മാന്‍ നേരിടുന്നത്. റഹ്മാന്റെ മതത്തേയടക്കം പരാമര്‍ശിച്ചു കൊണ്ടാണ് അധിക്ഷേപം ചൊരിയുന്നത്. എആര്‍ റഹ്മാന്റെ സംഗീതം ഓട്ട്‌ഡേറ്റഡ് ആയെന്നും പാട്ടുകളെല്ലാം കോപ്പിയടിയാണെന്നും അധിക്ഷേപിക്കുന്നുണ്ട്. ഇതിനിടെ റഹ്മാന് പിന്തുണയും ശക്തമാകുന്നുണ്ട്.
എആര്‍ റഹ്മാന്‍ ഒരു അഭിമുഖത്തിനിടെ വന്ദേ മാതരം പാടാന്‍ തയ്യാറായില്ലെന്ന ആരോപണവും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു. ഇതിനെതിരെ ഗായിക ചിന്‍മയി ശ്രീപദ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചിന്‍മയിയുടെ പ്രതികരണം.
''2025 നവംബര്‍ 23ന് പൂനെയിലെ ആര്‍കെ ലക്ഷ്മണ്‍ മെമ്മോറിയല്‍ അവാര്‍ഡ് നിശയില്‍ എആര്‍ റഹ്മാനും ഞങ്ങളെല്ലാവരും ചേര്‍ന്ന് വന്ദേ മാതരം പാടിയിരുന്നു. ജനങ്ങളും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. തന്റെ എല്ലാ ഷോകളിലും അദ്ദേഹം മാ തു ജേ സലാം പാടാറുണ്ട്. അദ്ദേഹത്തിന്റെ സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് അത് അറിയാം'' ചിന്‍മയി പറയുന്നു.
''നിങ്ങളുടെ ഇന്റര്‍വ്യുവിന്റെ സമയത്ത് ചിലപ്പോള്‍ അദ്ദേഹത്തിന് തന്റെ ശബ്ദം ശരിയല്ലെന്ന് തോന്നിയിട്ടുണ്ടാകും. പാട്ട് പാടാന്‍ താല്‍പര്യമില്ലാത്തതോ ആകാം. അത് സ്വാഭാവികമാണ്. ഈ ട്വീറ്റിന് താഴെ വരുന്ന, ഓ ഇപ്പോള്‍ മനസിലായി, എന്ന പ്രതികരണങ്ങള്‍ എവിടെയാണ് നമുക്ക് പിഴച്ചതെന്ന് കാണിച്ചു തരുന്നുണ്ട്'' എന്നും ചിന്‍മയി പറഞ്ഞു. ഇതിനിടെ റഹ്മാന് പിന്തുണയുമായി നടി മീര ചോപ്രയും രംഗത്തെത്തി.
''ലോകം അംഗീകരിച്ച ഇന്ത്യന്‍ പ്രതിഭകള്‍ രണ്ടു പേരാണ്. പ്രിയങ്ക ചോപ്രയും എആര്‍ റഹ്മാനും. അദ്ദേഹം ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കുന്നത് തെറ്റാണ്, ലജ്ജാകരമാണ്. ഇതിഹാസത്തെ ബഹുമാനിക്കൂ. ഏറ്റവും പ്രശസ്തമായ മാ തുജേ സലാം എന്ന ഗാനം ഈണമിട്ടത് അദ്ദേഹമാണ്'' എന്നാണ് മീര ചോപ്ര പറയുന്നത്.
ബിബിസി എഷ്യന്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് എആര്‍ റഹ്മാന് സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വിദ്വേഷം നേരിടേണ്ടി വരുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി തനിക്ക് ബോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അതിന് പിന്നിലെ ഒരു കാരണം വര്‍ഗീയതയാകാം എന്നാണ് എആര്‍ റഹ്മാന്‍ പറഞ്ഞത്. ഛാവ എന്ന ചിത്രത്തെക്കുറിച്ചുള്ള റഹ്മാന്റെ വിമര്‍ശനവും വിവാദമായിരുന്നു. എആര്‍ റഹ്മാന്‍ തന്നെ സംഗീതമൊരുക്കിയ ചിത്രമായിരുന്നു ഛാവ. ജനങ്ങളില്‍ ഭിന്നിപ്പിക്കുണ്ടാക്കുന്ന സിനിമയാണെന്നാണ് എആര്‍ റഹ്മാന്‍ ആരോപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates