

സംഗീത സംവിധായകന്‍ എആര്‍ റഹ്മാനെതിരെ നടിയും എംപിയുമായ കങ്കണ റണൗട്ട്. വിക്കി കൗശല്‍ നായകനായ, താന്‍ തന്നെ സംഗീതം നിര്‍വ്വഹിച്ച ഛാവ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സിനിമയാണെന്ന് എആര്‍ റഹ്മാന്‍ പറഞ്ഞിരുന്നു. ബോളിവുഡില്‍ അവസരം കുറയുന്നതിന് പിന്നില്‍ വര്‍ഗ്ഗീയ കാരണങ്ങളുണ്ടെന്നും എആര്‍ റഹ്മാന്‍ പറഞ്ഞത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം.
തന്റെ സിനിമയായ എമര്‍ജെന്‍സി പ്രൊപ്പഗാണ്ട സിനിമയാണെന്ന് പറഞ്ഞ് കഥ കേള്‍ക്കാന്‍ പോലും എആര്‍ റഹ്മാന്‍ കൂട്ടാക്കിയില്ലെന്നാണ് കങ്കണ പറയുന്നത്. എആര്‍ റഹ്മാനോളം വിദ്വേഷമുള്ളൊരാളെ താന്‍ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടില്ലെന്നും കങ്കണ പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:
പ്രിയപ്പെട്ട എആര്‍ റഹ്മാന്‍ ജി, കാവി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുവെന്ന കാരണത്താല്‍ എനിക്ക് ഒരുപാട് മുന്‍വിധികളും വേര്‍തിരിവും ഫിലിം ഇന്‍ഡസ്ട്രിയില്‍ നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും, നിങ്ങളേക്കാള്‍ മുന്‍വിധിയുള്ള, വിദ്വേഷമുള്ളൊരാളെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ സംവിധാനം ചെയ്ത എമര്‍ജെന്‍സിയുടെ കഥ നിങ്ങളോട് പറയാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. നരേഷന്‍ പോട്ടെ, നിങ്ങള്‍ എന്നെ കാണാന്‍ പോലും കൂട്ടാക്കിയില്ല. നിങ്ങള്‍ക്കൊരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു.
വിരോധാഭാസമെന്ന് പറയട്ടെ, എല്ലാ നിരൂപകരും എമര്‍ജെന്‍സി മാസ്റ്റര്‍പീസ് ആണെന്നാണ് പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പോലും എനിക്ക് കത്തുകളെഴുതി. പക്ഷെ നിങ്ങള്‍ക്ക് വെറുപ്പിന്റെ അന്ധത ബാധിച്ചിരിക്കുകയാണ്. നിങ്ങളെയോര്‍ത്ത് എനിക്ക് സങ്കടം തോന്നുന്നു.
എല്ലാവര്‍ക്കും അവരവരുടേതായ യുദ്ധങ്ങളുണ്ട്. സിനിമകളെ മറന്നേക്കൂ, തങ്ങളുടെ ജ്വല്ലറികളും വസ്ത്രങ്ങളും ഫ്രീയായി ലോഞ്ച് ചെയ്യണമെന്ന് എന്നോട് യാചിച്ച, എന്റെ ആത്മസുഹൃത്തുക്കളെന്ന് സ്വയം പറഞ്ഞു നടന്നിരുന്ന ഡിസൈനര്‍മാര്‍ പോലും എന്റെ സ്‌റ്റൈലിസ്റ്റിന് വസ്ത്രങ്ങള്‍ അയച്ചു തന്നില്ല. അവര്‍ എന്നോട് സംസാരിക്കുന്നതും, എന്നെക്കുറിച്ച് പോസ്റ്റ് ചെയ്യുന്നതും നിര്‍ത്തി.
ഞാന്‍ ഒരിക്കലും മറക്കാത്തൊരു സംഭവമുണ്ട്. രാം ജന്മഭൂമിയ്ക്കായി ഞാന്‍ മസാബ ഗുപ്തയുടെ സാരിയായിരുന്നു ധരിച്ചിരുന്നത്. പക്ഷെ അവളുടെ സാരി ധരിച്ച് പോകാന്‍ പറ്റില്ലെന്ന് അവര്‍ സ്റ്റൈലിസ്റ്റിനോട് പറഞ്ഞു. ഞാന്‍ ലക്‌നൗവില്‍ നിന്നും അയോധ്യയിലേക്ക് പുറപ്പെട്ടിരുന്നു. മാറ്റുക അസാധ്യമായിരുന്നു. ഞാന്‍ അപമാനിതയായി. കാറിലിരുന്ന് കരഞ്ഞു. പിന്നീട് തന്റെയോ തന്റെ ബ്രാന്റിന്റെയോ പേര് പറയരുതെന്ന് അവര്‍ സ്റ്റൈലിസ്റ്റിനോട് പറഞ്ഞു. ഇന്ന് റഹ്മാന്‍ ജി മുതലക്കണ്ണീരൊഴുക്കുകയാണ്. അവരുടെ തന്നെ മുന്‍വിധികളേയും വെറുപ്പിനേയും കുറിച്ച് എന്താണ് പറയാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates