കണ്ണൂർ: കേരളം മുന്നോട്ട് പോകുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണെന്ന് 'അമ്മ' ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന് അല്ല നമ്മൾ പറയുന്നതെന്നും കേരളം ഒരു രാജ്യം തന്നെയാണെന്നും കുക്കു പറഞ്ഞു.
പേരാവൂരിൽ കെ കെ ശൈലജയ്ക്കായി പ്രചാരണത്തിനെത്തിയതായിരുന്നു കുക്കു പരമേശ്വരൻ. ശൈലജ ടീച്ചർ കേരളത്തെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതിന്റെ റിസൽറ്റ് അനുഭവിച്ചവരാണ് നമ്മളെന്നും. അതുകൊണ്ട് തന്നെയാണ് നമ്മളിൽ പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും ധൈര്യത്തോടെ എഴുന്നേറ്റ് നിൽക്കുന്നതെന്നും കുക്കു പറഞ്ഞു.
"ശരിയാണ് ഞാൻ ഇന്ന് ഇവിടെ വരുന്നത് എനിക്ക് മാത്രം അറിയാവുന്ന ഒരു സത്യമാണ്. ഞാൻ വന്നത്, ഇവിടെ വരാതിരിക്കാൻ എനിക്ക് കഴിയില്ല. കഴിഞ്ഞ പത്ത് വർഷത്തെ കേരളം നിങ്ങളെപ്പോലെ തന്നെ കണ്ട ഒരാളാണ് ഞാനും. അതിനെ നിഷേധിക്കാൻ എനിക്ക് കഴിയില്ല എന്നുള്ളതു കൊണ്ടും ഈ കേരളവും ഈ മുന്നേറ്റത്തിലും കണ്ണൂരിന്, ഞങ്ങൾക്കൊരുപാട് കടപ്പാടുണ്ട്.
കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്ര ചെയ്യുന്ന, തൊഴിലിന്റെ ഭാഗമായി യാത്ര ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്, സ്ത്രീയെന്ന നിലയ്ക്ക് ഞാൻ കണ്ട കേരളം, 10 വർഷത്തെ കേരളം. അത് നിങ്ങളോട് പറയാൻ, നിങ്ങളോട് നന്ദി പറയാനും കൂടിയാണ് ഞാനിവിടെ വന്നത്. ഇങ്ങനെയുള്ള എൽഡിഎഫിലെ ഭരണാധികാരികൾ ഞങ്ങൾക്ക് തന്നത് അങ്ങനെയൊരു കേരളമാണ്.
കേരളത്തിന്റെ മുന്നേറ്റത്തിന്, വികസനം എന്ന് പറയുമ്പോൾ റോഡും പാലങ്ങളും ആശുപത്രികളും മാത്രമല്ല. ഇത്തവണ നമുക്ക് കിട്ടിയത് ശുദ്ധ വായു, വെള്ളം, ചിരിക്കുന്ന കുട്ടികൾ, സ്ത്രീകൾ അങ്ങനെ... അതൊക്കെ വികസനമാണ്, അതൊക്കെ തൊട്ടറിഞ്ഞ വികസനമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇക്കഴിഞ്ഞ 10 വർഷം നമ്മൾ മുന്നോട്ട് പോയത്.
അത് കണ്ടില്ലെന്ന് നടിക്കാതിരിക്കാൻ കൂടിയാണ് ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങളറിയുന്ന കന്നി വോട്ടുകാർ, നിങ്ങളുടെ അയൽക്കാർ, നിങ്ങളുടെ സുഹൃത്തുക്കൾ അവരോട് നിർബന്ധമായും പറയണം നമ്മൾ ഒരടി മുന്നോട്ട് വച്ചത് ഈ ഇലക്ഷൻ കഴിയുമ്പോൾ രണ്ടടി പിന്നോട്ട് ആകരുത്.
കേരളം മുന്നോട്ട് പോകുന്നത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹിക്കാൻ കഴിയാത്തതാണ്. നമ്മൾ കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം ആണെന്ന് അല്ല പറയുക. ഇതൊരു രാജ്യം തന്നെയാണ്. കേരളം മറ്റൊന്നുമായിട്ട് നമുക്ക് തുലനം ചെയ്യാൻ പറ്റില്ല. ഞാൻ കേരളത്തിലെ എല്ലാ അതിർത്തികളിലും യാത്ര ചെയ്യുന്നതാണ്.
നമുക്കിവിടെ കിട്ടുന്ന സ്വാതന്ത്ര്യം. എന്താണ് സ്വാതന്ത്ര്യം?. ഇഷ്ടം പോലെ നടക്കാനും ഇഷ്ടം പോലെ ചെയ്യാനും മാത്രമല്ല ചിന്തിക്കാനും എതിരുകൾ പറയാനും എതിർപ്പുകൾ പ്രകടിപ്പിക്കാനും ധൈര്യത്തോടെ, നിങ്ങൾ ശരിയല്ല എന്ന് പറയുമ്പോൾ അങ്ങനെയാണോ എന്നൊക്കെ പറയാനും പറ്റണം. നമുക്ക് എല്ലാ സൗകര്യങ്ങളും തരുന്ന ഭരണകർത്താക്കളെ കുറ്റം പറയുന്നതല്ലാതെ നമ്മൾ അവരോട് നന്ദി പറയാറില്ല.
നമ്മൾ നടക്കുന്ന റോഡിന്റെ സൗകര്യം, നമുക്ക് തടസമില്ലാതെ കിട്ടുന്ന വൈദ്യുതി. അതൊന്നും നമ്മൾ കാണില്ല. ഒരു ദിവസം കറന്റ് വന്നില്ലെങ്കിൽ നമ്മൾ പരാതി പറയും. അപ്പോൾ മന്ത്രിസഭയെ കുറ്റം പറയും, മന്ത്രിയെ കുറ്റം പറയും. ഒരു ദിവസം റോഡിൽ ഒരു കുഴി വന്നാൽ അത് മാത്രമേ എനിക്കും നിങ്ങൾക്കും വാർത്തയുള്ളൂ.
ഈ നന്ദി അത് വേണം, ഓരോ ദിവസവും വേണം. കേരളം ഇങ്ങനെയായത് ഒരു ദിവസം കൊണ്ടല്ല. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ്. രാഷ്ട്രീയം ഒരു തൊഴിലായി എടുക്കുമ്പോൾ ഒരുപാട് കടപ്പാടുകളുണ്ട്. അങ്ങനെയുള്ളവരാണ് നമ്മുടെ ഈ ഭരണകർത്താക്കൾ. ഇന്നിവിടെ അഭിമാനത്തോടെയാണ് ഞാൻ നിൽക്കുന്നത്.
രാഷ്ട്രീയം എന്നല്ല ഒരു തൊഴിലും സത്രീകൾക്ക് എളുപ്പമല്ല. ഒരുപാട് സംഘർഷങ്ങളുണ്ട്. അത് സിനിമ ആയിക്കോട്ടെ, വീട്ടമ്മ ആയിക്കോട്ടെ, ടീച്ചർ ആയിക്കോട്ടെ, ഡോക്ടർ ആയിക്കോട്ടെ. ആ സംഘർഷങ്ങൾക്കിടയിലും ഈ മണ്ഡലത്തെക്കുറിച്ച് ചിന്തിക്കാൻ ശൈലജ ടീച്ചർ വരുന്നു.
ആ ശൈലജ ടീർച്ചർ കേരളത്തെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതിന്റെ റിസൽറ്റ് അനുഭവിച്ചവരാണ് നമ്മൾ. അഭിമാനത്തോടെ തന്നെ പറയട്ടെ അതുകൊണ്ട് തന്നെയാണ് നമ്മളിൽ പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും.
ധൈര്യത്തോടെ എഴുന്നേറ്റ് നിൽക്കുന്നതും. ആ ധൈര്യം നമ്മൾ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ശൈലജ ടീച്ചർ നിയമസഭയിൽ ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമല്ല. നമ്മുടെ കേരളത്തിന്റെ ആവശ്യമാണ്".- കുക്കു പരമേശ്വരൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates