Dhananjay Premjith, Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മമ്മൂക്കയ്ക്ക് വലിയൊരു ഓറയുണ്ട്, എന്റെ അമ്മ വെയിലത്ത് ഇരുന്നപ്പോൾ അദ്ദേഹം പറഞ്ഞത് മറക്കില്ല'; 'ഡാഡി കൂൾ' അനുഭവം പറഞ്ഞ് ധനഞ്ജയ്‌

വലുതായി കഴിഞ്ഞിട്ട് ഇതുവരെ മമ്മൂക്കയെ കാണാൻ പറ്റിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 'ഡാഡി കൂൾ' എന്ന ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ആന്റണി സൈമൺ എന്ന മടിയനായ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. മമ്മൂട്ടിയുടെ മകൻ ആദിയായി എത്തിയത് ധനഞ്ജയ് പ്രേംജിത്ത് ആയിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ധനഞ്ജയ്‌യുടെ കോമ്പിനേഷൻ രം​ഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ 'ഡാഡി കൂളി'ൽ അഭിനയിച്ചതിന്റെ അനുഭവം ഓർത്തെടുക്കുകയാണ് ധനഞ്ജയ്. ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധനഞ്ജയ്. "മമ്മൂക്ക അത്രയും വലിയൊരു സ്റ്റാർ ആയിരുന്നുവെന്ന കാര്യം അന്ന് എനിക്കറിയാമായിരുന്നു എന്നാണ് വിശ്വാസം. അദ്ദേഹത്തിന് വലിയൊരു ഓറയുണ്ട്.

ആ പ്രായത്തിൽ കാണുമ്പോഴും നമ്മളിങ്ങനെ നോക്കി നിൽക്കും. പെട്ടെന്ന് അദ്ദേഹവുമായി ചേർന്നു പോകാനുള്ള ഒരിത് കുഞ്ഞായിരുന്നെങ്കിലും എനിക്കുമുണ്ടായിരുന്നു. മമ്മൂക്ക ഭയങ്കര കംഫർട്ടിങ് പേഴ്സൺ ആണ്. അദ്ദേഹം എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്ന ഒരാളായിട്ടാണ് എനിക്ക് ആ പ്രായത്തിൽ തോന്നിയിട്ടുള്ളത്.

പിന്നെ എനിക്ക് ബോധമുള്ളപ്പോൾ എന്റെ മാതാപിതാക്കൾ പകുതി കാര്യങ്ങളും പറഞ്ഞു തരുമ്പോഴാണ് ഞാൻ അറിയുന്നത്. സെറ്റിൽ ഇങ്ങനെയൊക്കെയായിരുന്നു എന്ന്. എനിക്ക് സെറ്റിലെ വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഓർമയുള്ളൂ. കുറേ കാര്യങ്ങൾ വീട്ടുകാർ പറഞ്ഞറിയാം. അവർ എങ്ങനെയാണ് സെറ്റിൽ എന്നെ പരി​ഗണിച്ചിരുന്നതെന്ന്. ചെന്നൈയിൽ നമുക്ക് ഷൂട്ട് ഉണ്ടായിരുന്നു. അവിടെ ഭയങ്കര ചൂടാണ്.

മമ്മൂക്കയുടെ കാരവാനിൽ അദ്ദേഹം ഇരിക്കും. ഭയങ്കര ചൂടായതു കൊണ്ട് അതിന്റെ തൊട്ടപ്പുറത്തെ കാരവാനിൽ എന്നെയും പിടിച്ച് ഇരുത്തുമായിരുന്നു. എന്റെ അമ്മയാണ് ആ സമയത്ത് കൂടെ വന്നത്. അമ്മ വെയിലത്ത് തലയിൽ ഷോൾ ഒക്കെ ഇട്ട് പുറത്തിരിക്കുന്നത് കണ്ടപ്പോൾ മമ്മൂക്ക പറഞ്ഞു, അമ്മയല്ലേ..വെയിലത്ത് ഇരിക്കണ്ട കാരവാനിൽ ഇരിക്കാൻ പറയൂ എന്ന്. എന്നിട്ട് അവർ വന്ന് അമ്മയോട് പറഞ്ഞു.

അമ്മ ഇപ്പോഴും അതേക്കുറിച്ച് പറയാറുണ്ട്. നമ്മളൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ അങ്ങനെയൊരു കാര്യം. ഹോങ്കോങ്, സിം​ഗപൂർ ഒക്കെ ഷൂട്ട് ചെയ്തതും ഓർമയുണ്ട്. പുറത്തുപോയി ഷൂട്ട് ചെയ്യുമ്പോൾ മമ്മൂക്ക വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണ്. ആ പ്രായത്തിൽ അദ്ദേഹത്തിനൊപ്പം ഞാൻ നീരാളി വച്ചുള്ള ഒരു ഡിഷ് കഴിച്ചിട്ടുണ്ട്.

പിന്നെ പാസ്ത കഴിക്കാൻ പോയി. ആ സമയത്ത് അച്ഛനായിരുന്നു എന്റെ ഒപ്പം വന്നത്. അച്ഛൻ പറഞ്ഞിട്ടുണ്ട്, പാസ്ത കഴിക്കാൻ എന്നെ കൊണ്ടു പോയപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നുവെന്ന്. ഒരച്ഛൻ എങ്ങനെയാണോ സംസാരിക്കുന്നത് അങ്ങനെ തന്നെയാണ് മമ്മൂക്കയും എന്നോട് സംസാരിച്ചത്. വലുതായി കഴിഞ്ഞിട്ട് ഇതുവരെ മമ്മൂക്കയെ കാണാൻ പറ്റിയിട്ടില്ല". - ധനഞ്ജയ് പറഞ്ഞു.

Dhananjay Premjith opens up about experience with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

'കല്യാണി'ക്കൊപ്പം ഒഴുകി പ്രഭുദേവ, ഈ മെയ്‌വഴക്കത്തിന് പിന്നിലൊരു സീക്രട്ട് ഉണ്ട്

വീട്ടിലുള്ള പഴയ ഫോണുകള്‍ രഹസ്യ 'സ്വര്‍ണ ഖനി'യാകാം; എന്താണ് അര്‍ബന്‍ മൈനിങ്?

ടെസ്റ്റ് മുടക്കി മഴ; ക്രീസില്‍ രാഹുലും ദേവ്ദത്തും, ഇന്ത്യ പൊരുതുന്നു

ഗുരുവായൂര്‍ ഇല്ലം നിറ ഓഗസ്റ്റ് 18ന്; ദര്‍ശന നിയന്ത്രണം