ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

പശുവും ചത്തു, മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം? വിമർശനവുമായി ബാലചന്ദ്ര മേനോൻ

സിനിമ കണ്ട് വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് എഡിജിപി അടങ്ങുന്ന പൊലീസ് സംഘം

സമകാലിക മലയാളം ഡെസ്ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി വലിയ വിവാദങ്ങൾക്കാണ് കാരണമായത്. ഇപ്പോൾ സിനിമ കണ്ട് വിലയിരുത്താനുള്ള തയ്യാറെടുപ്പിലാണ് എഡിജിപി അടങ്ങുന്ന പൊലീസ് സംഘം. ചിത്രം പ്രേക്ഷകരിലേക്ക് എത്തി രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം എത്തുന്നത്. ഇപ്പോൾ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തുകയാണ് സംവിധായകൻ ബാലചന്ദ്ര മേനോൻ. ചിത്രം വിലയിരുത്താനുള്ള തീരുമാനം തന്നെ പ്രകോപിപ്പിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. പശുവും ചത്തു, മോരിലെ പുളിയും പോയി ..... ഇനി എന്ത് പഠനം എന്നാണ് ബാലചന്ദ്രമേനോൻ ചോദിക്കുന്നത്. 

ബാലചന്ദ്രമേനോന്റെ കുറിപ്പ്

എഴുതാനുള്ളത് "ചുരുളി " എന്ന ചിത്രത്തിന്റെ  കഥയെപ്പറ്റിയോ അതിന്റെ ആഖ്യാനത്തെ പറ്റിയോ അല്ലെങ്കിൽ സംവിധാനത്തെ കുറിച്ചോ അല്ല. സായാഹ്‌ന  ചർച്ചകളിലിൽ നിന്നുള്ള ഒരു  പ്രയോഗം  കടമെടുത്താൽ "അരിയാഹാരം കഴിക്കുന്ന " ഒരാളിന്റെ  പരിദേവനമാണെന്നു  മാത്രം കരുതിയാൽ മതി ...."അമ്മയാണെ സത്യം " എന്ന എന്റെ  ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച ഇൻസ്‌പെക്ടർ നാരായണൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ....."ചോദിക്കേണ്ടത്  ചോദിക്കേണ്ട നേരത്തു ചോദിക്കണം ......." ഇനി  കഥയിലേക്ക്‌ കടക്കാം ....."ചുരുളി"  എന്ന ചിത്രം   OTT  ൽ റിലീസായത്  സ്ഫോടനാന്മകമായിട്ടാണ് . ഏവർക്കും അതിന്റെ കാരണം അറിയാവുന്നതു കൊണ്ട് അതിനി പരത്തുന്നില്ല ..റിലീസ് കഴിഞ്ഞുള്ള ദിവസങ്ങളിൽ  ദൃശ്യ മാധ്യമങ്ങളുടെ സായാഹ്‌ന ചർച്ചകളിൽ ' തലങ്ങിനേം വിലങ്ങിനേം ' സമഗ്രമായ ചർച്ചകൾ നടന്നതു കൊണ്ടു  ഐ സി യൂ വിലേക്കു യാത്ര വെടിഞ്ഞും രോഗി ചുരുളി കണ്ടു എന്നൊരു തമാശയും നിലവിലുണ്ട്. സമൂഹത്തിന്റെ സാംസ്കാരിക ഇടനാഴികളിൽ ഒരു പാട് ചോദ്യങ്ങൾ അപ്പോൾ പ്രതിധ്വനിച്ചു കേട്ടു. "എന്തായിത് ?" "എന്താ ഈ കേൾക്കുന്നത് ?" " ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ ?" "തൊട്ടതിനും പിടിച്ചതിനുമൊക്കെ പ്രതികരിക്കുന്ന ഇന്നാട്ടിലെ സാംസ്കാരിക നായകന്മാരൊക്കെ എവിടെ പോയി ?"  (അതിൽ ഈ എഴുതുന്നവനും ഉൾപ്പെടും എന്നുവെച്ചോള്ളൂ ) "സ്ത്രീ ശാക്തീകരണത്തിന്റെ  വക്താക്കൾ ഇതൊന്നും അറിഞ്ഞില്ലേ?" ഈ ചോദ്യങ്ങളും,  ഫലത്തിൽ  'വിലക്കപ്പെട്ട കനി ' തിന്നാനുള്ള മനുഷ്യന്റെ വാസനയെ  ഇരട്ടിപ്പിച്ചു . ചുരുക്കിപ്പറഞ്ഞാൽ  നിർമ്മാതാക്കൾക്ക് ഏറെ പരസ്യം ചക്കാത്തിന് കിട്ടി .. ഇപ്പോൾ പത്രത്തിൽ  കണ്ട ഒരു വാർത്തയാണ് അരിയാഹാരമാണ് കഴിക്കുന്നത് എന്ന എന്റെ അഹങ്കാരത്തെ വല്ലാതെ  പ്രകോപിപ്പിച്ചത് ... പ്രസ്തുത ചിത്രത്തിൽ  'മോശമായ' എന്തെങ്കിലും ഉണ്ടോ എന്ന് വിലയിരുത്താൻ  പോലീസ്  പുറപ്പെടുന്നുവത്രെ ! ഈ ചിത്രം  സോണി ലൈവ് എന്നെ OTT യിൽ  പ്രദർശനം തുടങ്ങിയത്  2021  നവംബർ 19 നാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ..ഇന്ന്  2022  ജനുവരി 12 ആകുമ്പോൾ ഏതാണ്ട് രണ്ടു മാസത്തോളമായി . ചിത്രം  കണ്ടവരും , ചാനലുകളിൽ കണ്൦ക്ഷോഭം നടത്തിയവരും കൂടി സഹകരിച്ചപ്പോൾ കാണേണ്ടവരൊക്കെ നേരിട്ടും പാത്തും പതുങ്ങിയും കണ്ടു കഴിഞ്ഞു. ആ നിലക്ക് ഇനി പോലീസ് മുഖേനയുള്ള  ഒരു പഠനത്തിന് എന്ത് പ്രസക്തിയാണുള്ളത് ? പണ്ടുള്ളവർ പറഞ്ഞു കേട്ടത് ഓർമ്മ വരുന്നു .... "പശുവും ചത്തു ; മോരിലെ പുളിയും പോയി ..... ഇനി എന്ത് പഠനം ?  പോലീസിന്റെ സമയത്തിനും വിലയില്ലേ ? മലയാളം അത്ര വശമില്ലാത്തവർക്കായി ഇംഗ്ളീഷിൽ ഒരു വരി എഴുതിയേക്കാം ...അത് കൂടി വായിച്ചിട്ട്  നിങ്ങൾ സ്വന്തം അഭിപ്രായങ്ങൾ കുറിച്ചാട്ടെ... "OPERATION SUCCESSFUL ; BUT PATIENT DIED ..." that's ALL your honour !

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

SCROLL FOR NEXT