എംടിയുടെ തിരക്കഥയിൽ രണ്ടാമൂഴം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് സംവിധായകൻ പ്രിയദർശൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷെയ്‌നിൻ നിഗം, ഷൈൻ ടോം ചാക്കോ തുടങ്ങിയ മലയാളത്തിലെ യുവതാരനിരങ്ങളെ അണിനിരത്തി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് 'കൊറോണ പേപ്പേഴ്‌സ്'. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു പ്രിയദർശന്റെ പ്രതികരണം.
എംടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' സംവിധാനം ചെയ്യാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഒരൂഴവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ താൻ എല്ലാ പരിപാടിയും നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സിനിമയുടെ പരാജയമെന്നത് അത് കാണാൻ വരുന്നവരെ പിടിച്ചിരുത്താൻ കഴിയാത്തതാണ്.
വളരെ മോശമായ ഒരു തിരക്കഥ എത്ര നന്നായിട്ട് എടുത്താലും ഓടില്ല. നല്ല തിരക്കഥയാണെങ്കിൽ എത്ര മോശമായിട്ട് എടുത്താലും വിജയിക്കും. കാരണം ഉള്ളടക്കമാണ് പ്രധാനം. തിരക്കഥ എഴുതുകയാണ് സിനിമയിൽ ഏറ്റവും പ്രയാസമേറിയ കാര്യം. പ്രേക്ഷകർ എന്താണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുന്ന സംവിധായകൻ വിജയിക്കും. വിജയവും പരാജയവും സിനിമയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
2021ലാണ് പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ആയത്. ചിത്രം ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയെങ്കിലും തീയറ്ററിൽ വൻ പരാജയമായിരുന്നു.
ഏപ്രിൽ ആറിനാണ് കൊറോണ പേപ്പേഴ്‌സ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിദ്ധിഖ്, ഗായത്രി ശങ്കർ, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിക്കുന്നതും ഫോർ ഫ്രെയിംസ് ബാനറിൽ നിർമിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്. ദിവാകർ എസ് മണി ആണ് ഛായാഗ്രാഹണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates