ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്. 'ശ്രീ ശ്രീ' എന്നാണ് ചിത്രത്തിന്റെ പേര്. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്.
ദുൽഖർ സൽമാൻ്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ "ശ്രീ ശ്രീ" ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സ്‌കൂൾ യൂണിഫോമിൽ ഇരിക്കുന്ന ദുൽഖർ സൽമാൻ, പൂജ ഹെഗ്‌ഡെ എന്നിവരെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും.
ദീക്ഷിത് ഷെട്ടി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയി ചിത്രം 2026 ൽ തന്നെ തിയറ്ററുകളിലെത്തുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ സൂചിപ്പിച്ചിരിക്കുന്നു.
മലയാളത്തിലും തെലുങ്കിലും ഒരുപോലെ വലിയ ഹിറ്റുകളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ഇത് കൂടാതെ, ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന അടുത്ത റിലീസുകൾ.
സഹനിർമ്മാതാവ്: ഇഷാൻ സക്‌സേന, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിംഗ്- കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ - ശബരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates