നടി സാധിക വേണുഗോപാലിന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ ഗ്രൂപ്പ് തുടങ്ങി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച ആളെ പൊലീസ് പിടികൂടി. നടിയുടെ പരാതിയിൽ കാക്കനാട് സൈബർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിന് പിന്നാൽ പ്രവർത്തിച്ചയാളെ കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാം ലൈവിലൂടെ സാധിക തന്നെയാണ് വിവരം പങ്കുവെച്ചത്. ഇയാൾ കുറ്റം ഏറ്റുപറഞ്ഞ് മാപ്പു ചോദിച്ചതിനാൽ കേസ് പിൻവലിക്കുകയാണെന്ന് താരം വ്യക്തമാക്കി.
കുറച്ചു നാളുകൾക്കു മുൻപാണ് സാധികയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ ഗ്രൂപ്പ് തുടങ്ങുന്നത്. ഇതിലൂട് മോർഫു ചെയ്തതും മറ്റുമായ പോൺ ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു. കൂടാതെ സാധികയെ ഗ്രൂപ്പിന്റെ അഡ്മിനാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് താരം പൊലീസിനെ സമീപിക്കുന്നത്. പരാതി കൊടുത്തിട്ട് കാര്യമില്ലെന്ന് നിരവധി പേർ പറഞ്ഞെങ്കിലും താരം പരാതി നൽകുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു താരത്തിന്റെ ലൈവ്. ആ സമയത്ത് പരാതിയിൽ പിടികൂടിയ ആളും താരത്തിനു മുൻപിലുണ്ടായിരുന്നു. തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും സുഹൃത്തുക്കളാണ് ചെയ്തത് എന്നുമാണ് ഇയാൾ പറഞ്ഞത്.
സാധികയുടെ കുറിപ്പ് വായിക്കാം
കേരളത്തിൽ സൈബർ കേസുകൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാൻ നൽകിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിൻ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കാക്കനാടിലെ, ഗിരീഷ് സാറിനും, ബേബി സാറിനും മറ്റു ഉദ്യോഗസ്ഥർക്കും എന്റെ നന്ദി അറിയിക്കുന്നു
ഒരു പെൺകുട്ടിയെ മോശം ആയി ചിത്രീകരിച്ചു സംസാരിക്കുമ്പോളും, അവളുടെ മോശം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ആഘോഷം ആക്കുമ്പോളും അപകീർത്തി പെടുത്തുമ്പോളും സ്വന്തം വീട്ടിലുള്ള സ്ത്രീകളെ പറ്റി ജന്മം തന്ന അമ്മയെ ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. കേരളത്തിൽ ഒരു പെൺകുട്ടിയും ഒറ്റപ്പെടുന്നില്ല പരാതി യഥാർത്ഥമെങ്കിൽ സഹായത്തിനു കേരള പോലീസും, സൈബർ സെല്ലും സൈബർ ക്രൈം പോലീസും ഒപ്പം ഉണ്ടാകും.
കുറ്റം ചെയ്യുന്ന ഓരോരുത്തർക്കും ഒരുനാൾ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്.
ഇന്ന് നമ്മുടെ വീടുകളിൽ കുട്ടികൾ ഓൺലൈൻ പഠനം നടത്താൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ 18വയസ്സ് പൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണുകൾ കൊടുക്കുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അർഹിക്കുന്നു. ആർക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബർ ലോകത്തിന്റെ ഇരകളായി സ്വന്തം കുട്ടികൾ മാറുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കുന്നതും സൈബർ കുറ്റകൃത്യത്തിന്റെ ദൂഷ്യവശങ്ങൾ അവരെ പറഞ്ഞു മനസിലാക്കുന്നതും നല്ലതായിരിക്കും.
( ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ് അയാൾ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാൻ താല്പര്യം ഇല്ല്യ. അതുകൊണ്ട് തന്നെ ഞാൻ ഈ കേസ് പിൻവലിക്കുന്നു. )
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates