തന്റെ കരിയറും സ്വകാര്യ ജീവിതവും തകര്‍ക്കാന്‍ ശ്രമിക്കുന്ന യൂട്യൂബേഴ്‌സിനെതിരെ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ ആരതി കൃഷ്ണ. പൊതു പരിപാടിയിലെ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധയുടെ നിമിഷങ്ങള്‍ പോലും പകര്‍ത്തി തെറ്റായ രീതിയില്‍ പ്രചരിക്കുകയാണ്. തന്റെ വാക്കുള്‍ കട്ട് ചെയ്ത് ലൈംഗികചുവയോടെ പ്രചരിപ്പിച്ച് അപമാനിക്കുകയാണെന്നും ആരതി കൃഷ്ണ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ആരതിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. തെറ്റായ രീതിയില്‍ വിഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പക്കുകയും ചെയ്യരുതെന്ന് പറഞ്ഞിട്ടും അത് പാലിക്കപ്പെട്ടില്ലെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്:
അത്താണിയില്‍ ഒരു പരിപാടിയ്ക്ക് പോയിരുന്നു. കഴിഞ്ഞൊരു പരിപാടിയ്ക്ക് ശേഷം വളരെ മോശമായ രീതിയിലുള്ള കുറേ വിഡിയോസ് ഞാന്‍ കണ്ടു. ഈ പരിപാടിയ്ക്ക് പോയപ്പോള്‍ എല്ലാ മീഡിയയോടും പറഞ്ഞിരുന്നു. എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ളത് മീഡിയയാണ്. എന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രധാന പങ്ക് വഹിച്ചത് മീഡിയായണ്. അതിനാല്‍ അവരോട് ബഹുമാനവും കടപ്പാടുമുണ്ട്. പക്ഷെ കഴിഞ്ഞ പരിപാടിയുടെ വിഡിയോകള്‍ ഞാന്‍ പോലുമറിയാതെ, എന്നെ വേറൊരു ക്യാറ്റഗറിയിലേക്ക് ആക്കുന്ന തരത്തിലാണ് പുറത്ത് വന്നത്. ഞാന്‍ അങ്ങനെ ഒരാളേയല്ല, എന്നെ അങ്ങനെ ആക്കാന്‍ ശ്രമിക്കരുതെന്ന് ഞാന്‍ എല്ലാ മിഡിയയോടും പറഞ്ഞിരുന്നു.
ഞാന്‍ അങ്ങനെയുള്ള ഡ്രസ് ധരിച്ചിട്ടല്ലേ എന്ന് ചോദിക്കാം. പക്ഷെ ഞാന്‍ മനപ്പൂര്‍വ്വമായി ചെയ്തതല്ല. എന്റെ ഡ്രസും സപ്ലിമെന്റുമൊന്നും കൊളാബല്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അത് കണ്ട ശേഷം, ഒരു വിദേശ വനിത കുറച്ച് വസ്ത്രങ്ങള്‍ തന്നു. അതിന്റെ വ്യത്യാസം എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും. കഴിഞ്ഞ നാല് പരിപാടിയ്ക്ക് ഞാന്‍ അവര്‍ തന്ന ഡ്രസ് ആയിരുന്നു ഇട്ടിരുന്നത്. ഞാന്‍ സാധാരണയായി ഉപയോഗിക്കുന്ന വസ്ത്രങ്ങളേക്കാള്‍ വ്യത്യസ്തമായിരുന്നു. ക്ലാസിക് ലുക്കാണെന്ന് പലയിടത്തു നിന്നും അഭിപ്രായം വരികയും ചെയ്തു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കരുതിയത്. കാരണം ഏറ്റവും ബുദ്ധിമുട്ട് വസ്ത്രം സംഘടിപ്പിക്കുകയെന്നതാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചതും വസ്ത്രത്തെക്കുറിച്ചാണ്.
വസ്ത്രങ്ങളുടെ കളക്ഷനില്‍ നിന്നും നമുക്ക് ഇഷ്ടപ്പെടുന്നത് തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ വളരെ കുറച്ചേ കാണൂ. ചിലപ്പോള്‍ നമുക്ക് ഇഷ്ടപ്പെടും, കളറും ഡിസൈനുമൊക്കെ ഇഷ്ടപ്പെടും. പക്ഷെ ചെറിയ സൈസ് വ്യത്യാസവും ഡീപ്പ് നെക്കും, വേറെ ആളുടെ അളവിനുള്ള സ്റ്റിച്ചിംഗുമൊക്കെ ആയിരിക്കും. അപ്പോള്‍ ചെറിയ ബുദ്ധിമുട്ടുകള്‍ മാനേജ് ചെയ്യാമെന്ന് കരുതിയാകും നമ്മള്‍ ഉപയോഗിക്കുക. പക്ഷെ എല്ലായിപ്പോഴും നമുക്ക് മാനേജ് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ഒരേസമയം എന്തൊക്കെ ശ്രദ്ധിക്കാനാകും. സ്ലിറ്റ് മാറുന്നത് നോക്കണം, നെക്കിനെക്കുറിച്ച് ചിന്തിക്കണം. എപ്പോഴും അത് നോക്കിയിരിക്കാനാകില്ല.
അവസാനത്തെ പരിപാടിയില്‍ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ചെരുപ്പിടുകയും സ്ലിറ്റ് ശരിയാക്കുകയും ചെയ്തപ്പോള്‍ ഡീപ് നെക്ക് ആണെന്നത് ഞാന്‍ മറന്നുപോയി. അപ്പോള്‍ അത്രയും സമയം ഫുള്‍ ഫോക്കസില്‍, എത്രത്തോളം ഷൂട്ട് ചെയ്യാമോ അത്രത്തോളം ഷൂട്ട് ചെയ്ത് പല മീഡിയയും എടുത്തിട്ടു. ഞാന്‍ വിഡിയോകള്‍ നോക്കാറില്ല. പക്ഷെ കാണുന്ന പലരും എടുത്ത് അയച്ചു തരും. അത് കാണുമ്പോള്‍ ഭയങ്കരമായ സങ്കടമുണ്ടാകുന്നു. ഞാന്‍ മാത്രമല്ല, എന്റെ അമ്മയും കുടുംബക്കാരും കാണുന്നുണ്ട്. എനിക്ക് ചുറ്റുമുള്ളവരെല്ലാം കാണുന്നുണ്ടാകും. അമ്മ കണ്ടിട്ടുണ്ടാകും, അമ്മയ്ക്ക് വളരെ വിഷമമുണ്ടായിട്ടുണ്ടാകും. ഞാന്‍ അങ്ങനെ ഒരാളല്ലെന്ന് അമ്മയ്ക്ക് അറിയാം.
ഈ വിഡിയോകള്‍ എത്ര പേരുടെ കയ്യിലുണ്ടെന്നും അവര്‍ അതുകൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നതെന്നും എവിടെയൊക്കെ പോസ്റ്റ് ചെയ്യുമെന്നും ഒന്നും അറിയില്ല. ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല. ഇതെങ്ങനെ ബ്ലോക്ക് ചെയ്യണം എന്നറിയില്ല. എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് പകുതി കട്ട് ചെയ്ത് വെറെന്തോ ആക്കി ലൈംഗിക ചുവയുള്ള രീതിയില്‍ ആക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.
ഒരു ജിമ്മില്‍ പോയപ്പോള്‍ എനിക്ക് ഈ ജിം ഇഷ്ടപ്പെട്ടു, ഇവിടുത്തെ സൗകര്യങ്ങള്‍ ഇഷ്ടപ്പെട്ടു എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴവര്‍ വണ്ടി അയക്കാം വല്ലപ്പോഴും ഇവിടെ വന്നു വര്‍ക്ക് ഔട്ട് ചെയ്‌തോളൂവെന്ന് പറഞ്ഞു. എനിക്ക് സന്തോഷമേയുള്ളൂ. മാറി മാറി പല ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ താല്‍പര്യമുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അത് കട്ട് ചെയ്ത് എനിക്ക് മാറി മാറി ചെയ്യാന്‍ താല്‍പര്യമുണ്ട് എന്ന രീതിയില്‍ ഇട്ട് പ്രചരിപ്പിക്കുകയാണ്.
ഞാന്‍ ഇത്തരത്തില്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളാണെന്ന് എന്നെ പരിചയമുള്ള ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഈ ഫീല്‍ഡ് തന്നെ വിട്ടു പോകാന്‍ തയ്യാറാണ്. കാരണം ഞാന്‍ അത്രയും പെര്‍ഫെക്ട് ആയി ജീവിക്കുന്നയാളാണ്. എന്റെ മാനത്തിന് അത്രയും വില കല്‍പ്പിക്കുന്ന ആളാണ്.
അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചാലുണ്ടാകുന്ന സൗഭാഗ്യങ്ങളെല്ലാം തട്ടിയെറിഞ്ഞ് ഒരു വട്ടത്തിനുള്ളില്‍ ഒതുങ്ങി ജീവിക്കുന്ന ആളാണ് ഞാന്‍. എന്റെ ലോകം വിശാലമാക്കാന്‍ വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല. ഇത്രയും മനുഷ്യത്വമില്ലാത്ത ആള്‍ക്കാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ എനിക്ക് ഇവിടെ ജീവിക്കാന്‍ തന്നെ പേടിയാവുകയാണ്. ഇതൊക്കെ വേണ്ടെന്നു വച്ചാലോ എന്നുപോലും തോന്നിപ്പോവുകയാണ്. പക്ഷേ ജീവിക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ടും, ഞാന്‍ എവിടെനിന്ന് വന്നോ അങ്ങോട്ട് തിരിച്ചു പോകാന്‍ താല്പര്യമില്ലാത്തതും കൊണ്ടാണ് ഇവിടെ കടിച്ചു തൂങ്ങി നില്‍ക്കുന്നത്. ദയവ് ചെയ്ത് എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates