തന്റെ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമ വാര്‍ത്തയ്‌ക്കെതിരെ നടി ഗൗരി കിഷന്‍. സിനിമയിലെത്തിയ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഗൗരി പറഞ്ഞതിനെക്കുറിച്ചായിരുന്നു വാര്‍ത്ത. ഒരു അഭിമുഖത്തില്‍ സംസാരിക്കവെ താരമായതോടെ ജീവിതത്തില്‍ സ്വകാര്യ നിമിഷങ്ങള്‍ നഷ്ടമായെന്ന് ഗൗരി പറഞ്ഞിരുന്നു. ഇതേക്കുറിച്ചായിരുന്നു റിപ്പോര്‍ട്ടര്‍ ഫിലിംസിന്റെ വാര്‍ത്ത.
'സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാന്‍ കൂടി സാധിക്കുന്നില്ല'' എന്നായിരുന്നു വാര്‍ത്തയുടെ കാര്‍ഡില്‍ നല്‍കിയിരുന്നത്. പിന്നാലെ കമന്റിലെത്തി ഗൗരി പ്രതികരിക്കുകയായിരുന്നു. ഒരു ഭാഗം മാത്രം തലക്കെട്ടായി വരുമ്പോള്‍ അര്‍ത്ഥം മാറിപ്പോകുമെന്നാണ് ഗൗരി പറയുന്നത്. താന്‍ പരാതിയായി പറഞ്ഞതല്ലെന്നും താരം പ്രതികരിച്ചു.
'ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യത്തിന്റെ ഒരു ഭാഗം മാത്രം തലക്കെട്ടായി വരുമ്പോള്‍ ഉദ്ദേശിച്ച അര്‍ത്ഥം മാറിപ്പോകാം. സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങുന്നതും സാധാരണ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കുന്നതും പോലെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അല്ലാതെ എനിക്ക് ലഭിക്കുന്ന സ്‌നേഹത്തെയോ അംഗീകാരത്തെയോ കുറിച്ചുള്ള പരാതിയായിരുന്നില്ല അത്. ഒരു വാചകം മാത്രം വായിച്ച് തെറ്റിദ്ധകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു ഗൗരിയുടെ കമന്റ്.
പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ വാര്‍ത്ത പങ്കിട്ടു കൊണ്ട് ഗൗരി പ്രതികരിക്കുന്നുണ്ട്. കോണ്ടക്‌സ്റ്റ് പ്രധാനമാണ്. എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിനും അംഗീകാരങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിത്യ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെക്കുറിച്ചായിരുന്നു എന്റെ വാക്കുകള്‍. ഒരിക്കലും ഒരു പരാതിയായിരുന്നില്ല. കുറേക്കൂടി ഉത്തരവാദിത്തത്തോടെയുള്ള റിപ്പോര്‍ട്ടിങ് പ്രതീക്ഷിക്കുന്നു. തലക്കെട്ടിന് വേണ്ടി വായനക്കാരെ അനാവശ്യമായി തെറ്റിദ്ധരിപ്പിക്കരുതെന്നാണ് ഗൗരി പറഞ്ഞത്.
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ വന്ന ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഗൗരി സംസാരിച്ചത്. ''96 സിനിമയിലെ ജാനുവിനെ ഇഷ്ടമുള്ള ഒത്തിരിപ്പേരുണ്ട്. അവര്‍ വളരെ സ്നേഹത്തോടെയാണ് എന്നോട് സംസാരിക്കുക. വലിയ അനുഗ്രഹമായി അതിനെ കാണുന്നു. പ്രശസ്തി ജീവിതത്തിലൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ചില ഷോകള്‍ക്ക് പോകുമ്പോള്‍ ഞാനൊരു അഭിനേതാവാണ് എന്ന് ചിന്തിക്കുന്നത് പോലും അത്ഭുതത്തോടെയാണ്.'' ഗൗരി പറയുന്നു.
''ഇതിന്റെയൊക്കെ മറുവശം എന്താണെന്ന് വച്ചാല്‍ നമ്മുടെ പേഴ്സണല്‍ സ്പേസ് കുറഞ്ഞു വന്നു. പിന്നെ സോഷ്യല്‍ മീഡിയയുടെ അമിത ഇടപെടലും അസ്വസ്ഥത ഉണ്ടാകാറുണ്ട്. സുഹൃത്തുക്കളുടെ കൂടെ പുറത്തിറങ്ങി പാനിപൂരി കഴിക്കാന്‍ തോന്നിയാല്‍ പോലും പറ്റണമെന്നില്ല. ജീവിതത്തില്‍ വളരെ ചില്‍ ആയിട്ടുള്ള ആളാണ് ഞാന്‍. കൂട്ടുകാര്‍ക്കൊപ്പം ഹാങ്ഔട്ടിന് പോകുന്നതെല്ലാം ഇഷ്ടമാണ്. സിനിമയില്‍ എത്തിയപ്പോള്‍ അതെല്ലാം തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്'' എന്നുമാണ് ഗൗരി പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates