മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നാണ് കിരീടം. മോഹൻലാലിന്റെ സേതു മാധവനും അച്ഛൻ അച്യുതൻ നായരുമെല്ലാം ഇന്നും മലയാളികളുടെ മനസിലുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ ഒരു പാലവും പ്രധാന കഥാപാത്രമാവുന്നുണ്ട്. സേതുവിന്റെ സൗഹൃദവും പ്രണയവും നിരാശയുമെല്ലാം സാക്ഷിയാവുന്ന പാലം. ആ പാലം ഇപ്പോൾ അറിയപ്പെടുന്നതുതന്നെ കിരീടം പാലം എന്നാണ്.
ഇപ്പോൾ ആ പാലത്തെ ടൂറിസം കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. മന്ത്രി മുഹമ്മദ് റിയാസാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് റിയാസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
കിരീടം സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലം. കഥാഗതിയുടെ സുപ്രധാന മേഖലകളിലെല്ലാം ഈ പാലവുമുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ഇതിനെ കിരീടം പാലം എന്നുവിളിച്ചു.
മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തെ മനോഹരമാക്കിയ ഈ പ്രദേശത്തിന്‍റെ ഭംഗിയും ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞതാണ്. വിവിധ സമയങ്ങളിലുള്ള വെള്ളായണി കായലിന്‍റെ മനോഹാരിതയും പാലത്തിന്‍റെ ഏകാന്തതയും ഒപ്പിയെടുത്ത സംവിധായകന്‍ സിബി മലയില്‍ ഈ പ്രദേശത്തെ അനശ്വരമാക്കി.
കഴിഞ്ഞദിവസം മന്ത്രി ശിവന്‍കുട്ടി ഈ പാലത്തിന്‍റെ ടൂറിസം സാധ്യതകള്‍ പങ്കുവെച്ചു. ഞങ്ങള്‍ രണ്ട് പേരും ഇന്ന് കുറച്ച് സമയം പാലത്തില്‍ ചെലവഴിച്ചു. ആരും കൊതിക്കുന്ന ഗ്രാമീണ ഭംഗിയും വെള്ളായണി കായലിന്‍റെ മനോഹാരിതയും ചേര്‍ന്നതാണ് ഈ പ്രദേശം. ഗ്രാമീണ ടൂറിസത്തിന്‍റെ വലിയ സാധ്യതയുള്ള നാട്.
കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറും. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates