2012 ൽ പുറത്തിറങ്ങിയ ബാച്ചിലർ പാർട്ടി എന്ന അമൽ നീരദ് ചിത്രത്തിന്റെ സ്പിരിച്ച്വൽ സീക്വലായി പുറത്തിറങ്ങുന്ന ചിത്രമാണ് ബാച്ച്‌ലർ പാർട്ടി ഡ്യൂ. ആദ്യഭാഗത്തിലേതുപേലെ രണ്ടാംഭാഗത്തിലും നീണ്ടനിര താരങ്ങളാണ് അണിനിരക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്‌ലെൻ, ചന്തു സലീം കുമാർ, ലാൽ, നാദിയ മൊയ്തു, ജ്യോതിർമയി, പാരിസ് ലക്ഷ്മി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക കൃഷ്ണ.
സോഷ്യൽ മീഡിയയിൽ നേരിട്ട സൈബർ ബുള്ളിയിങ്ങും നെഗറ്റീവ് കമന്റുകളും തനിക്ക് കരുത്തേകിയെന്നാണ് ഹൻസിക പറയുന്നത്. പതിനാലാം വയസുമുതൽ സോഷ്യൽ മീഡിയയിൽ നെഗറ്റിവിറ്റി നേരിടുന്നുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഹൻസിക പറഞ്ഞു. ബാച്ചിലർ പാർട്ടി ഡ്യൂവിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
കെ-പോപ്പ് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന കാലം മുതൽ തന്നെ സൈബർ ബുള്ളിയിങ് നേരിട്ടിരുന്നുവെന്ന് ഹൻസിക പറയുന്നു. 'ഈ കൊച്ചിന് ഡാൻസ് കളിക്കാൻ അറിയില്ല' എന്ന തരത്തിലുള്ള കമന്റുകളായിരുന്നു അന്ന് കൂടുതലും. ചെറുപ്പത്തിൽ ഇത്തരം കമന്റുകൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും താരം തുറന്നുപറഞ്ഞു.
എന്നാൽ പിന്നീട് വിമർശനങ്ങൾക്ക് മുന്നിൽ ഒരിക്കലും തോറ്റുകൊടുക്കില്ലെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. 'ഐ വിൽ നെവർ ഗിവ് അപ്പ്' എന്ന വാക്കുകൾ സ്വയം നൽകിയ വാഗ്ദാനമായിരുന്നുവെന്നും അതുകൊണ്ടുതന്നെ നെഗറ്റീവ് കമന്റുകൾക്കിടയിലും വീഡിയോകൾ പങ്കുവെക്കുന്നത് തുടർന്നുവെന്നും ഹൻസിക പറഞ്ഞു.
ഹൻസിക കൃഷ്ണയുടെ വാക്കുകൾ
14 വയസു മുതൽ സോഷ്യൽ മീഡിയയിൽ ഞാൻ നെഗറ്റിവിറ്റി കാണുന്നുണ്ട്. ഇപ്പോൾ 6,7 വർഷമായി. കുറേക്കൂടെ ചില്ലായിട്ടാണ് ഞാനിതിനെ എടുക്കുന്നത്. സത്യം പറഞ്ഞാൽ കുഞ്ഞിലേ എനിക്കത് ഫീലായിട്ടുണ്ട്. ഞാൻ കെ - പോപ്പ് ഡാൻസ് വീഡിയോ ഒക്കെ ഇടുമ്പോൾ അതിന്റെ അടിയിൽ മുഴുവൻ 'ഈ കൊച്ചിന് ഡാൻസ് കളിക്കാൻ അറിഞ്ഞുകൂട' എന്നൊക്കെ പറഞ്ഞുള്ള സൈബർ ബുള്ളീയിങ് ഉണ്ടായിരുന്നു. കുഞ്ഞിലേ അതൊക്കെ കണ്ടപ്പോൾ വിഷമമായി.
ഞാൻ എനിക്കു തന്നെ ഒരു പ്രോമിസ് കൊടുത്തിരുന്നു - 'ഐ വിൽ നെവർ ഗിവ് അപ്പ്'. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന്. ഞാനത് തുടർന്നുകൊണ്ടേയിരുന്നു. സ്തുതി പാട്ടിനു ചെയ്ത ഡാൻസ് വീഡിയോ അമൽ നീരദ് സാർ കണ്ടു. ഇവരു പറയുന്നത് കേട്ട് നിർത്തിയിരുന്നെങ്കിൽ ഞാൻ അവിടെത്തന്നെ കരഞ്ഞുകൊണ്ടിരുന്നേനേ.
ഹേറ്റ് ശരിക്കും എന്നെ വളർത്തി. അതുനമുക്കൊരു മോട്ടിവേഷൻ തന്നെയാണ്. ഇപ്പോൾ അത്തരം വെറുപ്പൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് - ആളുകൾ പറയും, അത് സാരമില്ല, അവർ പറയട്ടെ എന്നാണ്. അക്കൂട്ടത്തിൽ പോസിറ്റീവ് കമന്റുകളും ഉണ്ട്. ഞാൻ അതു നോക്കാം എന്നു കരുതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates