ബെംഗളൂരു മയക്കുമരുന്ന കേസിൽ അറസ്റ്റിലായി മാസങ്ങളായി ജയിലിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. അസുഖ ബാധിതനായ അച്ഛനെക്കാണണമെന്ന് ആവശ്യപ്പെട്ട് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പുറത്തിറങ്ങാനിയിട്ടില്ല. ഇപ്പോൾ ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി എത്തുകയാണ് നടൻ ഹരീഷ് പേരടി. അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത് എന്നാണ് താരം ചോദിക്കുന്നത്. സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല. പാർട്ടിയുടെ ചെലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ലെന്നും ഹരീഷ് കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
ഇത് ബിനീഷ് കോടിയേരി...എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ? അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത് ? കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ് ? നിയമത്തിന്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ, പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ ? ഒരുപാട് മനുഷ്യാവകാശ മർദ്ദനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം.
പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല. ഒരുപാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല. അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല. ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates