മോഹന്‍ലാലിനെക്കുറിച്ചുള്ള സംവിധായകന്‍ ഹരിഹരന്റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. അമൃതം ഗമയ എന്ന താന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ചാണ് ഹരിഹരന്‍ സംസാരിക്കുന്നത്. കൊച്ചിയില്‍ നടന്നൊരു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഹരിഹരന്‍.
അടുത്തിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയുമായുള്ള അഭിമുഖത്തില്‍ അമൃതം ഗമയയെക്കുറിച്ച് സംസാരിച്ചിരുന്നു. അതേക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് ഹരിഹരന്‍ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് സംസാരിച്ചത്. അഭിനയ കലയുടെ പൂര്‍ണാവതാരം എന്നാണ് ഹരിഹരന്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചത്. ആ വാക്കുകളിലേക്ക്:
മോഹന്‍ലാലിനെ ഒറ്റ വാചകത്തില്‍ അഭിനയകലയുടെ പൂര്‍ണാവതാരം എന്ന് പറയും ഞാന്‍. നിങ്ങള്‍ക്ക് അതിശയോക്തിയായി തോന്നും. പക്ഷെ അല്ല. ഞാന്‍ ഉദാഹരണം പറയാം. മോഹന്‍ലാലിന് അഭിനയിക്കുമ്പോള്‍ ഒരു ടെന്‍ഷനുമില്ല. എന്റെ രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. പഞ്ചാഗ്നിയും അമൃതം ഗമയയും. കാമറയ്ക്ക് മുന്നില്‍ വന്നാല്‍ കഥാപാത്രമായി മാറാന്‍ നിമിഷങ്ങള് മതി. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്ക് കഥാപാത്രത്തെ കൊണ്ടു പോകും. നമ്മുടെ കണ്ണ് നനയിക്കും. സിനിമ ചെയ്തു കൊണ്ടിരിക്കെ സംവിധായകന്റെ കണ്ണ് നിറയുക എന്ന് പറഞ്ഞാല്‍, അപൂര്‍വ്വമാണ്.
ഈയ്യിടെ മോഹന്‍ലാല്‍ ഒരു ഇന്റര്‍വ്യു ചെയ്തിരുന്നു, മുന്‍ മുഖ്യമന്ത്രിയുമായി. എന്റെ സിനിമകളില്‍ ഏതാണ് ഇഷ്ട കഥാപാത്രമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അമൃതം ഗമയ എന്നായിരുന്നു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. കാരണം ആരുമത് പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ എന്റെ മനസിലുണ്ട്. ആ സിനിമയിലേത് രണ്ട് എക്‌സ്ട്രീമുകളുള്ള കഥാപാത്രമാണ്. ഒന്ന് മഹാ ക്രൂരനായ വിദ്യാര്‍ത്ഥിയാണ്. പിന്നീട് ജീവിതത്തില്‍ ആ കുടുംബത്തെ കണ്ടുമുട്ടിയപ്പോള്‍ കുറ്റബോധം കൊണ്ട് ഉരുകുകയാണ്. ഒരു മെഴുകുതിരി പോലെ. ഓ ഇത് മോഹന്‍ലാലിനേ പറ്റുള്ളൂവോ എന്ന് ചോദിച്ചേക്കാം, മോഹന്‍ലാലിനെ പറ്റുള്ളൂ!
എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ അഭിനയിച്ചു കൊണ്ടിരിക്കെ എന്റെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. ക്രൂരമായ റാഗിങ് രംഗത്തില്‍, എനിക്ക് പേടിയായി. ഇയാള്‍ കൊന്നു കളയുമോ എന്ന് തോന്നിപ്പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates