മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ടൊവിനോ തോമസ് (Tovino Thomas). നരിവേട്ടയാണ് ടൊവിനോയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് നരിവേട്ടയ്ക്ക് ലഭിച്ചതും. ചിത്രത്തിലെ 'മിന്നൽ വള...' എന്ന പാട്ടും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറി. വീണ്ടും ടൊവിനോ പ്രണയഗാനവുമായി മലയാളികളുടെ മനം കീഴടക്കി ഈ ഗാനത്തിലൂടെ. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ഈ ഗാനത്തിന് വരികളൊരുക്കിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു. എന്നാൽ ഇതിനു മുൻപും ടൊവിനോ അഭിനയിച്ച പാട്ടുകൾ കേരളത്തിൽ തരംഗമായി മാറിയിട്ടുണ്ട്. പാട്ടിനെ പ്രണയിക്കുന്നവർ ഒന്നടങ്കം ആഘോഷമാക്കിയ ടൊവിനോ അഭിനയിച്ച ചില പാട്ടുകളിലൂടെ.
ജോൺപോൾ ജോർജ് സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗപ്പി. നല്ല കഥയും കഥാപാത്രങ്ങളും പെർഫോമൻസുമൊക്കെ ഉണ്ടായിട്ടും തിയറ്ററുകളിൽ പരാജയപ്പെടാനായിരുന്നു ഗപ്പിയുടെ വിധി. ടെലിവിഷനിൽ ചിത്രമെത്തിയതോടെ പ്രേക്ഷകർക്കിടയിൽ ഗപ്പിയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു. ഇന്നിപ്പോൾ ഒരുവിധപ്പെട്ട മലയാള സിനിമാ പ്രേക്ഷകരുടെയെല്ലാം ഫേവറീറ്റ് സിനിമകളിലൊന്നായി ഗപ്പി. തേജസ് വർക്കി എന്ന എൻജീനിയറായാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. ടൊവിനോയ്ക്ക് പുറമേ, ചേതൻ ജയലാൽ, ശ്രീനിവാസൻ, നന്ദന വർമ, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഗിരീഷ് ഗംഗാധരൻ ആയിരുന്നു ഛായാഗ്രഹണം. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ തനിയേ മിഴികൾ...എന്ന ഗാനത്തിന് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. വിനായക് ശശികുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്.
ടൊവിനോയ്ക്കൊപ്പം അഹാന കൃഷ്ണയും തകർത്തഭിനയിച്ച ചിത്രമായിരുന്നു ലൂക്ക. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രം 2019 ലാണ് തിയറ്ററുകളിലെത്തിയത്. പ്രണയത്തിനുള്ളിൽ കലയും മിസ്റ്ററിയും മനോഹരമായി എങ്ങനെ കോർത്തിണക്കാമെന്ന് സംവിധായകൻ അരുൺ ബോസ് കാണിച്ചു തന്ന ചിത്രം കൂടിയാണ് ലൂക്ക. നിഹാരിക എന്ന കഥാപാത്രമായി അഹാനയെത്തിയപ്പോൾ ലൂക്ക എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സൂരജ് എസ് കുറുപ്പ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. നീ ഇല്ലാ നേരം... എന്ന ചിത്രത്തിലെ ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ബികെ ഹരിനാരായണൻ ആണ് വരികളൊരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പ്, ദീപ പലനാട് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സ്വപ്നേഷ് കെ നായർ സംവിധാനം ചെയ്ത് 2019 ലെത്തിയ ചിത്രമാണ് എടക്കാട് ബറ്റാലിയൻ. ടൊവിനോയും സംയുക്ത മേനോനും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ക്യാപ്റ്റൻ ഷെഫീഖ് മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിച്ചത്. സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണമൊരുക്കിയത്. കൈലാസ് മേനോൻ ആണ് സംഗീതമൊരുക്കിയത്. ചിത്രത്തിലെ നീ ഹിമമഴയായ്... എന്ന ഗാനവും ഹിറ്റായി മാറിയിരുന്നു. ബികെ ഹരിനാരായണൻ ആയിരുന്നു വരികൾ. നിത്യ മാമൻ, ഹരിശങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
ഫെല്ലിനി സംവിധാനം ചെയ്ത് ഹിറ്റായി മാറിയ ടൊവിനോ ചിത്രമായിരുന്നു തീവണ്ടി. സംയുക്ത മേനോൻ ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ഗൗതം ശങ്കർ ആയിരുന്നു ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയത്. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ജീവാംശമായി... എന്ന് തുടങ്ങുന്ന ഗാനമാണ് ഹിറ്റായി മാറിയത്. ശ്രേയ ഘോഷാലും ഹരിശങ്കറും ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ടൊവിനോയുടെ അടുത്തിടെ പുറത്തിറങ്ങിയ നൂറ് കോടി കളക്ട് ചെയ്ത ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത വേഷങ്ങളിലായിരുന്നു ടൊവിനോ ചിത്രത്തിലെത്തിയത്. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയത് ജോമോൻ ടി ജോൺ ആണ്. ഡിബു നൈനാൻ തോമസ് ആയിരുന്നു സംഗീതം. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നുവെങ്കിലും കിളിയേ... എന്ന് തുടങ്ങുന്ന ഗാനം ട്രെൻഡായി മാറിയിരുന്നു. ഹരിശങ്കർ, അനില രാജീവ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ടൊവിനോയുടേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് നരിവേട്ട. മികച്ച പ്രേക്ഷക പ്രതികരണവും ചിത്രത്തിന് ലഭിച്ചിരുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയത് വിജയ് ആയിരുന്നു. ചിത്രം റിലീസ് ആകുന്നതിന് മുൻപ് തന്നെ മിന്നൽ വള... എന്ന് തുടങ്ങുന്ന ഗാനം റീലുകളിലും സോഷ്യൽ മീഡിയയിലും ട്രെൻഡായി മാറി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾ പാടിയിരിക്കുന്നത് സിദ്ദ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates