പായല്‍ കപാഡിയ ഇൻസ്റ്റ​ഗ്രാം
Entertainment

ഐഎഫ്എഫ്കെ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം പായല്‍ കപാഡിയയ്ക്ക്

അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് പായല്‍ കപാഡിയയ്ക്ക് ഐഎഫ്എഫ്കെ 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ്. അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന 29ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐഎഫ്എഫ്കെയിലാണ് 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്. ‌

ആദ്യ സംവിധാന സംരംഭത്തിന് കാന്‍ മേളയില്‍ ഗ്രാന്റ് പ്രി നേടുന്ന ഏക ഇന്ത്യന്‍ സംവിധായികയാണ് 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്'എന്ന ചിത്രത്തിലൂടെ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പായല്‍ കപാഡിയ. സ്വതന്ത്രമായ കാഴ്ചപ്പാടോടെ സധൈര്യം സിനിമയെയും രാഷ്ട്രീയത്തെയും സമീപിക്കുന്ന ഈ ചലച്ചിത്രകാരി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ പ്രക്ഷോഭത്തിലെ മുന്‍നിരപ്പോരാളികളിലൊരാളാണ്. 139 ദിവസം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത 35 വിദ്യാര്‍ത്ഥികളില്‍ 25ാം പ്രതിയായിരുന്നു പായല്‍. സമരത്തെ തുടര്‍ന്ന് പായലിന്റെ സ്‌കോളര്‍ഷിപ്പ് പുനെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് റദ്ദാക്കിയിരുന്നു. ടി.വി നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ച നടപടിക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പായല്‍ സംവിധാനം ചെയ്ത 'എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ്' 2021ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയിരുന്നു. ഈ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം കാന്‍ മേളയിലെ ഡയറക്ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തിലായിരുന്നു. ടോറന്‍േറാ ചലച്ചിത്രമേളയില്‍ ആംപ്‌ളിഫൈ വോയ്‌സസ് അവാര്‍ഡും ഈ ഡോക്യുമെന്ററിക്ക് ലഭിക്കുകയുണ്ടായി. ബുസാന്‍ മേളയില്‍ ഈ ഡോക്യുമെന്ററി സിനിഫൈല്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

1986ല്‍ മുംബൈയില്‍ ജനിച്ച പായല്‍ സെന്റ് സേവിയേഴ്‌സ് കോളേജ്, സോഫിയ കോളേജ് എന്നിവിടങ്ങളില്‍നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചലച്ചിത്രസംവിധാനം പഠിക്കാനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെ വിദ്യാര്‍ത്ഥിയായിരിക്കെ ആഫ്റ്റര്‍നൂണ്‍ ക്‌ളൗഡ്‌സ് എന്ന ഹ്രസ്വചിത്രം കാന്‍ ചലച്ചിത്രമേളയുടെ മല്‍സരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മുന്‍നിരമേളയില്‍ സെലക്ഷന്‍ ലഭിച്ച ഏക വിദ്യാര്‍ത്ഥിയായിരുന്നു അന്ന് പായല്‍. മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ വൈകാരിക ലോകത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' മേളയില്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

SCROLL FOR NEXT