ഇന്ദ്രൻസ്, മധുബാല എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിലും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂലൈ 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. ജീവിതത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ചകൾ എങ്ങനെ രണ്ട് മനുഷ്യരുടെ ജീവിതം മാറ്റിമറിക്കുമെന്ന കഥയാണ് ചിത്രം പറയുന്നത്. തഞ്ചാവൂരിൽ നിന്നുള്ള ലീലയായി മധുബാലയും കേരളത്തിൽ നിന്നുള്ള അധ്യാപകൻ മാധവൻ മാസ്റ്ററായി ഇന്ദ്രൻസും ചിത്രത്തിലെത്തുന്നു.
വാരാണസിയിൽ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടുന്ന ഇവരുടെ ഒരു ദിവസത്തെ യാത്രയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പരസ്പരം ഭാഷ പോലും അറിയാത്ത രണ്ട് വ്യക്തികൾ ജീവിതാനുഭവങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുന്നതിനിടെ രൂപപ്പെടുന്ന ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
സംഭാഷണങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്. അപർണ ബാലമുരളി, തമ്പി രാമയ്യ, കാളി വെങ്കട്ട്, വിഷ്ണു അഗസ്ത്യ, സായ് ജനനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്, എഡിറ്റിങ് റെക്സൺ ജോസഫ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates