Irshad Ali, Nitheesh Sudha ഫെയ്സ്ബുക്ക്
Entertainment

'ആ സിനിമ ലോകത്തെ കാണിക്കാൻ അവന് സാധിച്ചില്ല, അതിനു മുൻപേ അവൻ മടങ്ങി'; യുവസംവിധായകന്റെ വിയോ​ഗത്തിൽ ഇർഷാദ് അലി

തന്റെ കഠിനാധ്വാനം ലോകം കാണുന്നത് കാണാൻ അവൻ കാത്തുനിന്നില്ല.

സമകാലിക മലയാളം ഡെസ്ക്

യുവസംവിധായകൻ നിതീഷ് സുധയുടെ (32) വിയോ​ഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് നടൻ ഇർഷാ​ദ് അലി. മലയാളി മെമ്മോറിയല്‍ എന്ന നിതീഷിന്‍റെ ആദ്യ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങി ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. ഇര്‍ഷാദ് അലി ആയിരുന്നു ചിത്രത്തിലെ നായകന്‍.

മലയാളി മെമ്മോറിയലിന് മുന്‍പ് അതിന്‍റെ പ്രീക്വല്‍ എന്ന നിലയില്‍ നിതീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും നായകനായത് ഇര്‍ഷാദ് ആയിരുന്നു. നിതീഷ് ചെയ്തു വെച്ച സിനിമകളെങ്കിലും ലോകം കാണണമെന്ന ആഗ്രഹം പങ്കുവെക്കുന്നു ഇര്‍ഷാദ്.

കഴിഞ്ഞ മാർച്ചിൽ ഞങ്ങൾ ഷൂട്ടിങ് തുടങ്ങി, ഏപ്രിലിൽ പൂർത്തിയാക്കുകയും ചെയ്തു. സിനിമ അതിന്റെ അവസാന മിനുക്കുപണികളിലാണ്. പക്ഷേ, അത് ഇറക്കാനോ ലോകത്തെ കാണിക്കാനോ ഒന്നും അവനു സാധിച്ചില്ല. അതിനു മുൻപേ അവൻ മടങ്ങി എന്നാണ് ഇർഷാദ് അലി കുറിച്ചിരിക്കുന്നത്.

ഇർഷാദ് പങ്കുവച്ച കുറിപ്പ്

അവൻ പോയി...

എനിക്കവൻ ആരായിരുന്നു?

അവന് ഞാൻ ആരായിരുന്നു?

ഇത്തരം ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തി ഇല്ല...

സിനിമയെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന,

ധാരാളം എഴുതുന്ന,

ധാരാളം വായിക്കുന്ന,

നേട്ടങ്ങൾക്ക് വേണ്ടി തന്റെ നിലപാടുകളിൽ വെള്ളം ചേർക്കാതിരുന്ന

ഒരു ചെറുപ്പക്കാരനാണ് പെട്ടെന്ന് കണ്മുന്നിൽ അങ്ങ് ഇല്ലാതായി പോയത്...

സിനിമകളിൽ സജീവമായതിന് ശേഷം ഞാൻ ഷോർട്ട് ഫിലിമുകൾ ഒന്നും ചെയ്തിരുന്നില്ല...

ഒരു ദിവസം കോട്ടക്കലിൽ നിന്ന് അവന്റെ വിളി വരുന്നു...

"ഇക്കാ... എന്റെ പേര് നിതീഷ്. എനിക്കൊരു ഷോർട് ഫിലിം ചെയ്യണം... ഇക്കയാണ് അതിൽ അഭിനയിക്കുന്നത്...."

സ്വന്തം സ്ക്രിപ്റ്റിൽ അവനുള്ള ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി.

ഞാൻ ആ പ്രൊജക്റ്റിൽ സഹകരിക്കുമെന്ന് അവനുറപ്പായിരുന്നു!

അവൻ സ്ക്രിപ്റ്റ് അയച്ചു.

വായിച്ചപ്പോൾ ഇത് ചെയ്യാൻ ഇവിടെ ഞാനല്ലാതെ ഇഷ്ടം പോലെ ആളുകൾ ഉണ്ടെന്ന് മനസ്സിൽ തോന്നിയെങ്കിലും

അവരാരും ചെയ്യേണ്ടെന്ന് ഞാനും തീരുമാനിച്ചു.

അത്രമേൽ ആ തിരക്കഥ എന്നെ ആകർഷിച്ചിരുന്നു.

അങ്ങനെയാണ് 'പിടിവാശി' എന്ന ഷോർട്ട് ഫിലിം ഉണ്ടാകുന്നത്.

നല്ല ധാരണയോടെ സിനിമയെ സമീപിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ.

അവരെയെല്ലാം വലുപ്പ ചെറുപ്പമില്ലാതെ കൂടെ ചേർത്തു നിർത്തി അവൻ ആ ഷോർട്ട് ഫിലിം പൂർത്തിയാക്കി. എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു അത് ഇന്നും ഇറങ്ങിയിട്ടില്ല.

ആ വർക്കിൽ നിന്നാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്.

പിന്നീട്, 2024ലെ IFFK കാലത്താണ് അവനെന്നോട് 'മലയാളി മെമ്മോറിയലി'ന്റെ കഥ പറയുന്നത്.

സോനുവും അസ്‌ലമും ബേസിലും കൂടെ നിന്നത് കൊണ്ട് അവന്റ സ്വപ്നത്തിലേക്കു വേഗത്തിൽ പ്രവേശിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി, ഏപ്രിലിൽ പൂർത്തിയാക്കുകയും ചെയ്തു.

സിനിമ അതിന്റെ അവസാന മിനുക്കുപണികളിലാണ്...

പക്ഷേ,

അത് ഇറക്കാനോ ലോകത്തെ കാണിക്കാനോ

ഒന്നും അവനു സാധിച്ചില്ല...

അതിനു മുൻപേ അവൻ മടങ്ങി...

തന്റെ കഠിനാധ്വാനം ലോകം കാണുന്നത് കാണാൻ അവൻ കാത്തുനിന്നില്ല. വ്യക്തിപരമായ നഷ്ടത്തേക്കാൾ ഉപരി, എന്നെ നോവിക്കുന്നത്,

അവന്റെ ഉള്ളിൽ ബാക്കിവെച്ച ആയിരം കഥകളും ലോകം കാണാതെ പോയ അവന്റെ സിനിമകളുമാണ്.

അവൻ ചെയ്തു വെച്ച സിനിമകൾ എങ്കിലും ലോകം കാണണം...

അവനുവേണ്ടി ചെയ്യാൻ ഇനിയതല്ലേ ബാക്കിയുള്ളൂ!

32 വർഷത്തെ ജീവിതത്തിനിടയിൽ

അവനുള്ളിൽ ഏറ്റവും തിളക്കത്തോടെ ജ്വലിച്ച സ്വപ്നമാണ് അവന്റെ സിനിമ.

ആ തിരികെടാതെ കാക്കണം...

Cinema News: Actor Irshad Ali remembers Director Nitheesh Sudha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെകെ ശൈലജ, തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, എം സ്വരാജ്, എഎന്‍ ഷംസീര്‍ മത്സരിക്കുമോ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ദീർഘയാത്രയിൽ നടുവേദന വലയ്ക്കാറുണ്ടോ? ഈ ടിപ്സ് അറിഞ്ഞാൽ യാത്ര സുഖകരം!

അച്ഛന്റെ ചിതയ്ക്കരികെ പൊട്ടിക്കരഞ്ഞ് റിങ്കു സിങ് ; ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ, മുറിവുണങ്ങും മുൻപേ ടീമിനൊപ്പം ചേർന്നു (വിഡിയോ)

രാഹുല്‍ മാങ്കൂട്ടത്തിലുമായി 'സൗഹൃദം' പുതുക്കി വികെ ശ്രീകണ്ഠന്‍; കൂടിക്കാഴ്ച അടൂരിലെ സ്വകാര്യ ഹോട്ടലില്‍

മാമ്പഴക്കാലം ഇങ്ങെത്തി; കൃത്രിമമായി പഴുപ്പിച്ച മാമ്പഴം തിരിച്ചറിയാം

SCROLL FOR NEXT