അബ്ബാസ് കിയാരോസ്താമിയ്ക്കൊപ്പം ജാഫർ പനാഹി ‌എക്സ്
Entertainment

'ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ രാജ്യവും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവുമാണ്'; കാണാം ജാഫർ പനാഹിയുടെ ഈ ചിത്രങ്ങൾ

ഷോർട്ട് ഫിലിമുകളിലൂടെയാണ് പനാഹി തന്റെ സിനിമാ യാത്രകൾക്ക് തുടക്കമിടുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിക്ക് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്കാരം ലഭിച്ച വാർത്ത ഏറെ ആവേശത്തോടെയാണ് ലോകം കേട്ടത്. ആ ആവേശത്തിന് കാരണങ്ങൾ പലതാണ്. തളർത്താനും തോൽപ്പിക്കാനും നിരന്തരം ശ്രമിക്കുന്നവരുടെ മുൻപിലേക്ക് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റവന്റെ ചിരിയുണ്ട് ആ പുരസ്കാരത്തിന് പിന്നിൽ.

സര്‍ക്കാരിനെതിരെ സിനിമയെടുക്കുന്നുവെന്നാരോപിച്ച് 2009 മുതൽ പലവട്ടം ഇറാന്‍ ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുക മാത്രമല്ല, 20 വർഷത്തേക്ക് സിനിമയെടുക്കുന്നതിൽ നിന്ന് ഇറാൻ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇത്തരം പ്രവർത്തികളിലൂടെയൊന്നും ജാഫർ പനാഹിയെ തളർത്താൻ ഭരണകൂടത്തിനായില്ല. മനുഷ്യ ജീവിതങ്ങളുടെ നേർക്കാഴ്ചയുമായി വീണ്ടും വീണ്ടും അദ്ദേഹം ലോകത്തിന് മുൻപിലെത്തി.

ആരാണ് ജാഫർ പനാഹി?

അബ്ബാസ് കിയാരോസ്താമിയ്ക്കൊപ്പം ജാഫർ പനാഹി

ഇറാനിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററും നിർമാതാവുമാണ് ജാഫർ പനാ​ഹി. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഉൾപ്പെടെ പനാഹിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. ഷോർട്ട് ഫിലിമുകളിലൂടെയാണ് പനാഹി തന്റെ സിനിമാ യാത്രകൾക്ക് തുടക്കമിടുന്നത്. പ്രശസ്ത ഇറാനിയൻ സംവിധായകൻ അബ്ബാസ് കിയാരോസ്താമിയുടെ അസിസ്റ്റന്റായാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. 1995 ൽ പുറത്തിറങ്ങിയ ദ് വൈറ്റ് ബലൂൺ ആണ് ജാഫറിന്റെ ആദ്യ ചിത്രം. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം കാമറ ഡി'ഓർ പുരസ്കാരവും ചിത്രം നേടി. ആ മേളയിൽ ഒരു ഇറാനിയൻ ചിത്രത്തിന് ലഭിച്ച ആദ്യത്തെ പ്രധാന അവാർഡാണിത്.

നവതരം​ഗ സിനിമകൾക്കൊപ്പം

ജാഫർ പനാഹി

ഇറാനിയൻ നവതരം​ഗ സിനിമകൾക്കൊപ്പമായിരുന്നു പിന്നീടുള്ള ജാഫർ പനാഹിയുടെ സഞ്ചാരം. ഇറാനിലെ അരികുവത്കരിക്കപ്പെട്ട ജനതയെക്കുറിച്ചും അവരുടെ അനുഭവങ്ങളിലുമൊക്കെ പനാഹി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇറാൻ ജനതയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും തന്റെ സിനിമകളിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കുകയെന്നതായിരുന്നു ജാഫർ പനാഹിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ അധികാരികളുടെ കണ്ണിലെ കരടായി മാറാൻ ജാഫർ പനാഹിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല.

ഭരണകൂടത്തിനെതിരെ അദ്ദേഹത്തിന് നിരന്തരം കലഹിക്കേണ്ടി വന്നു. 2010ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ആറ് വർഷം ജയിലിൽ അടക്കുകയും ചെയ്തു. അതോടൊപ്പം 20 വർഷത്തേക്ക് ചലച്ചിത്ര നിർമാണത്തിനും യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഈ നിയന്ത്രണങ്ങൾക്കിടയിലും, അദ്ദേഹം ചിത്രങ്ങൾ നിർമിക്കുന്നത് തുടർന്നു. 2011 ൽ പുറത്തിറങ്ങിയ ദിസ് ഈസ് നോട്ട് എ ഫിലിം ഉൾപ്പെടെയുള്ള ചിത്രങ്ങൾ അ​ദ്ദേഹം ഇങ്ങനെ നിർമിച്ചവയായിരുന്നു. രാജ്യത്തെ ദാരിദ്ര്യം, ലൈംഗികത, അക്രമം, സെൻസർഷിപ് എന്നിവയിലേക്ക് ചൂണ്ടി പനാഹി നിർമിച്ച ചലച്ചിത്രങ്ങളാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. 

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം

ജാഫർ പനാഹി

ഒരു സാധാരണ ഇറാനിയൻ- അസർബൈജാൻ കുടുംബത്തിലായിരുന്നു ജാഫർ പനാഹിയുടെ ജനനം. സിനിമകൾ കാണുന്നതിനായുള്ള പണം കണ്ടെത്തുന്നതിനായി പന്ത്രണ്ടാം വയസ് മുതൽ അ​ദ്ദേഹം ജോലികൾ ചെയ്യുമായിരുന്നു. ദരിദ്രമായ ബാല്യകാലവും ചുറ്റുപാടുകളുമാണ് അദ്ദേഹത്തിന്റെ ലോകസിനിമയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിച്ചത്.

20 വയസുള്ളപ്പോൾ പനാഹിയ്ക്ക് ഇറാനിയൻ സൈന്യത്തിൽ നിർബന്ധിതമായി ചേരേണ്ടി വന്നു. ഇറാൻ - ഇറാഖ് യുദ്ധത്തിലും പങ്കെടുക്കേണ്ടി വന്നു. 1980 മുതൽ 1982 വരെ ആർമി സിനിമാട്ടോ​ഗ്രഫറായി അദ്ദേഹം പ്രവർത്തിച്ചു. 1981 ൽ കുർദിഷ് വിമതർ അദ്ദേഹത്തെ പിടികൂടി 76 ദിവസം തടവിൽ പാർപ്പിച്ചു. യുദ്ധാനുഭവങ്ങളിൽ നിന്ന് അദ്ദേഹം ഒരു ഡോക്യുമെന്ററി നിർമിച്ചു. അത് ടെലിവിഷനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സൈനിക സേവനം പൂർത്തിയാക്കിയ ശേഷം പനാഹി ടെഹ്‌റാനിലെ കോളജ് ഓഫ് സിനിമ ആൻഡ് ടിവിയിൽ ചേർന്നു. ഇവിടെ നിന്നാണ് സിനിമയുടെ വിശാലലോകത്തേക്ക് അദ്ദേഹം കടക്കുന്നത്.

നിരവധി ഡോക്യുമെന്ററികളും

ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്

നിരവധി ഡോക്യുമെന്ററികളും ജാഫർ പനാഹി ഒരുക്കി. അദ്ദേഹത്തിന്റെ ആദ്യ ഷോർട്ട് ഫിലിമായ ദ് വൂണ്ടഡ് ഹെഡ്സ് (The Wounded Heads) വടക്കൻ ഇറാനിലെ അസർബൈജാനിൽ നിയമവിരുദ്ധമായി തലവെട്ടുന്ന ആചാരത്തെക്കുറിച്ച് പറയുന്നതായിരുന്നു. രഹസ്യമായാണ് അദ്ദേഹം ഇതിന്റെ രം​ഗങ്ങൾ ചിത്രീകരിച്ചത്. എന്നാൽ വർഷങ്ങളോളം ഈ ഹ്രസ്വ ചിത്രത്തിന് നിരോധനവും ഏർപ്പെടുത്തിയിരുന്നു.

തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങൾ

ജാഫർ പനാഹി

"ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ രാജ്യവും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവുമാണ്. നമ്മൾ എന്ത് ധരിക്കണം, എന്ത് ചെയ്യണം, ചെയ്യരുത് എന്ന് ആരും പറയാൻ ധൈര്യപ്പെടാത്ത ഈ നിമിഷത്തിലേക്ക് നമുക്ക് ഒരുമിച്ച് എത്തിച്ചേരാം".- കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പനാഹി പറഞ്ഞത് ഇങ്ങനെയാണ്. തന്റെ രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവുമൊക്കെ പനാഹിയുടെ ഈ വാക്കുകളിൽ കാണാൻ കഴിയും. ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് എന്ന സിനിമയ്ക്കാണ് പുരസ്കാരം ലഭിച്ചത്. രാഷ്ട്രീയത്തടവുകാർ അവരെ തടവിലിട്ടവരോട് പ്രതികാരം ചെയ്യാനെത്തുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദ് വൈറ്റ് ബലൂൺ (The White Balloon -1995), ദ് സർക്കിൾ (The Circle -2000), ദിസ് ഈസ് നോട്ട് എ ഫിലിം (This is Not a Film- 2011), ടാക്സി ടെഹ്റാൻ (Taxi Teheran- 2015), 3 ഫെയ്സസ് (3 Faces -2018) എന്നീ പനാഹിയുടെ ചിത്രങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT