2022 ൽ പുറത്തിറങ്ങി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ചിത്രമായിരുന്നു സിസു. ജൽമാരി ഹെലൻഡർ സംവിധാനം ചെയ്ത സിസുവിന്റെ രണ്ടാം ഭാഗം സിസു: റോഡ് ടു റിവഞ്ച് ഈ മാസം 21 ന് റിലീസിനൊരുങ്ങുകയാണ്. ആക്ഷൻ ത്രില്ലറായെത്തിയ സിസു വിജയിക്കുകയാണെങ്കിൽ രണ്ടാം ഭാഗമൊരുക്കുമെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് അപ്ഡേറ്റുകളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. മാസങ്ങൾക്ക് മുൻപ് സിസു 2വിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്കെത്തി. ആദ്യ ഭാഗം പോലെ തന്നെ നെഞ്ചിടിപ്പോടെ കണ്ടു തീർക്കേണ്ട രംഗങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ജോർമ ടോമില ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. മുൻ ഫിന്നിഷ് ആർമി കമാൻഡോയായ ആറ്റമി കോർപി എന്ന കഥാപാത്രത്തെയാണ് ജോർമ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രകടനത്തിന് ജോർമ ടോമിലയെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകൻ ജൽമാരി ഹെലൻഡർ. ഏകദേശം ഒരു യന്ത്രം പോലെയായിരുന്നു ജോർമ ചിത്രത്തിനായി വർക്ക് ചെയ്തത് എന്നാണ് ഹെലൻഡർ പറയുന്നത്.
ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ജോർമയ്‌ക്കൊപ്പം വർക്ക് ചെയ്യുന്നത് എനിക്ക് എപ്പോഴും സന്തോഷം തരുന്ന ഒന്നാണ്. ഒരു ഡയലോഗ് പോലുമില്ലാതെ വികാരങ്ങൾ, പ്രത്യേകിച്ച് ദേഷ്യവും സങ്കടവുമൊക്കെ അവതരിപ്പിക്കാൻ അദ്ദേഹത്തെ കഴിഞ്ഞിട്ടേയുള്ളൂ.
ആറ്റമിയുടെ ഫീലിങ്സ് എന്തൊക്കെയാണെന്നും ചിന്തകൾ എന്തൊക്കെയാണെന്നുമൊക്കെ അദ്ദേഹത്തിന്റെ മുഖഭാവത്തിലൂടെയും ആംഗ്യങ്ങളിലൂടെയും നമുക്ക് കൃത്യമായി മനസിലാക്കാൻ പറ്റും. യുദ്ധം മാറ്റി മറിച്ച ഒരു കുടുംബനാഥനാണ് അദ്ദേഹം. ആറ്റമിക്ക് എല്ലാം നഷ്ടപ്പെട്ടു. ഇനി ഒന്നും അയാൾക്ക് നഷ്ടപ്പെടാൻ ബാക്കിയില്ല. പക്ഷേ ഈ സിനിമയിൽ നമ്മൾ അവനെ കാണുമ്പോൾ ആറ്റമി ജീവിതത്തിൽ ഒരു പുതിയ ലക്ഷ്യം കണ്ടെത്തിയിരിക്കുകയാണ്.
ഒരു തരത്തിൽ പറഞ്ഞാൽ അയാൾ യുദ്ധത്തിന്റെ ഭീകരതകളൊക്കെ മറികടന്നിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹം കരുതുന്നത് ഇനിയും എന്തെങ്കിലും തരത്തിലുള്ള ഒരു ഭാവി അയാൾക്ക് ഉണ്ടാകുമെന്നാണ്. തന്റെ കുടുബം നഷ്ടമായതിന് ഉത്തരവാദിയായ റെഡ് ആർമി കമാൻഡറിനെ ആറ്റമി എങ്ങനെയാണ് നേരിടുന്നത് എന്ന് രണ്ടാം ഭാഗത്തിൽ കാണാം.
മാത്രമല്ല ആറ്റമിയുടെ പുതിയ ജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടി ഇതിലുണ്ടാകും".- സംവിധായകൻ പറഞ്ഞു. അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും അതിക്രൂരമായ രംഗങ്ങളുമൊക്കെ കൊണ്ട് അക്ഷരാർഥത്തിൽ സിസു എല്ലാവരെയും ഞെട്ടിച്ചിരുന്നു. സോണി പിക്ചേഴ്സ് എന്റർടെയൻമെന്റ് ആണ് സിസു 2 ഇന്ത്യയിലെത്തിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates