K J Yesudas, Jerry Amaldev ഫെയ്സ്ബുക്ക്, ഫയൽ
Entertainment

'യേശുദാസിന് പെൺ സ്വരമാണെന്ന് ഞാൻ പറഞ്ഞതായി ഏഷണി; എനിക്ക് വേണ്ടി പാടില്ലെന്ന് പറഞ്ഞു, കരഞ്ഞു പോയി'; ജെറി അമൽദേവ്

ഞാനൊരു വെള്ളപ്പേപ്പറിൽ ഒപ്പിട്ട് അപ്പച്ചന്റെ കയ്യിൽ കൊടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

യേശുദാസിനോട് തനിക്ക് പിണക്കമൊന്നുമില്ലായിരുന്നുവെന്ന് പ്രശസ്ത സം​ഗീത സംവിധായകൻ ജെറി അമൽദേവ്. താനൊരു അഭിമുഖത്തിൽ പറഞ്ഞകാര്യം ആരോ വളച്ചൊടിച്ച് യേശുദാസിന്റെ ചെവിയിലെത്തിച്ചതായിരുന്നു അദ്ദേഹത്തിന് തന്നോടുള്ള പിണക്കത്തിന് കാരണമെന്നും ജെറി അമൽദേവ് പറഞ്ഞു. മാതൃഭൂമി ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എനിക്ക് പിണക്കമൊന്നുമില്ലായിരുന്നു. ഒരു വിളിപ്പാടകലെയിൽ പാടാൻ വിളിച്ചപ്പോൾ യേശുദാസ് വരാതിരുന്നത് പിണക്കം മൂലമായിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ' അതേ ടീമിനെ വച്ച് നവോദയ അപ്പച്ചൻ 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന സിനിമ ആലോചിക്കുന്ന സമയം. അപ്പോഴാണ് ഞെട്ടലോടെ ഒരു കാര്യം ഞാനറിഞ്ഞത്.

എന്റെ സം​ഗീതത്തിൽ പാടില്ലെന്ന് യേശുദാസ് അപ്പച്ചനോട് പറഞ്ഞു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' വൻ ഹിറ്റായതിനെ തുടർന്ന് മാധ്യമപ്രവർത്തകൻ ശശികുമാർ ദ് ഹിന്ദുവിന് വേണ്ടി ഞാനുമായി ഒരു ഇന്റർവ്യൂ നടത്തി. ദീർഘമായ ആ ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം ആരോ ഏഷണിയായി യേശുദാസിനെ അറിയിച്ചു. യേശുദാസിന് പെൺസ്വരമാണെന്ന് ഞാൻ പറഞ്ഞെന്നായിരുന്നു ഏഷണി.

റൊമാന്റിസിസത്തിൽ അല്പം സ്ത്രൈണതയില്ലേ എന്നായിരുന്നു ശശികുമാറിന്റെ ചോദ്യം. കുറച്ചുണ്ടെന്ന് എന്റെ മറുപടി. അപ്പോൾ മികച്ച ​ഗായകരുടെ റൊമാന്റിക് ​ഗാനങ്ങളിലും അതില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ശരിയാണെന്നും മുഹമ്മദ് റഫി, യേശുദാസ് എന്നിവരുടെ പാട്ടിൽ അതുണ്ടെന്നും ഞാൻ മറുപടി നൽകി. ഇതിനെയാണ് ആരോ വളച്ചൊടിച്ച് യേശുദാസിന്റെ ചെവിയിലെത്തിച്ചത്.

ഞാൻ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും അദ്ദേഹം എനിക്ക് വേണ്ടി പാടില്ലെന്ന് തീർത്ത് പറഞ്ഞു. ഞാൻ കരഞ്ഞു പോയി. അപ്പച്ചൻ പിന്നീട് യേശുദാസിനെ കണ്ടപ്പോൾ രണ്ട് വ്യവസ്ഥകളിൽ പാടാമെന്ന് അദ്ദേഹം ഏറ്റു. ഒന്ന് ഞാൻ ക്ഷമാപണക്കത്ത് നൽകണം. രണ്ട് റെക്കോർഡിങ് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ തരം​ഗിണി സ്റ്റുഡിയോയിൽ നടത്തണം.

ഞാനൊരു വെള്ളപ്പേപ്പറിൽ ഒപ്പിട്ട് അപ്പച്ചന്റെ കയ്യിൽ കൊടുത്തു. എന്തും എഴുതിക്കൊടുത്തോളാൻ പറഞ്ഞു. ക്ഷമാപണക്കത്ത് പത്രത്തിൽ പ്രസിദ്ധീകരിച്ചെന്ന് കേട്ടു. തരം​ഗിണിയിൽ റെക്കോർഡിങ് നടത്തണമെന്ന രണ്ടാമത്തെ വ്യവസ്ഥ പാലിക്കാൻ എനിക്ക് തടസമൊന്നുമില്ലായിരുന്നു. 'മൗനങ്ങളേ ചാഞ്ചാടുവാൻ...' എന്ന പാട്ടാണ് യേശുദാസിനെ കൊണ്ട് ആദ്യം പാടിച്ചത്.

താഴ്ന്ന സ്ഥായിയിൽ തുടങ്ങുന്ന പാട്ട് തുടർന്ന് മറ്റൊരു മൂഡിലേക്ക് പോവുകയാണ്. ചെറിയ ബഡ്ജറ്റിൽ എടുത്ത പടമായതിനാൽ മദ്രാസിൽ നിന്ന് എസ് ജാനകിയെ തിരുവനന്തപുരത്ത് കൊണ്ടുവരാൻ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് തിരുവനന്തപുരത്തു നിന്നു തന്നെ കെ എസ് ചിത്രയെ കിട്ടിയത്. 'ഞാൻ ഏകനാണ്' എന്ന സിനിമയിൽ 'രജനീ പറയൂ' എന്ന പാട്ട് പാടിയത് ചിത്രയായിരുന്നു". -ജെറി അമൽദേവ് പറഞ്ഞു.

Jerry Amaldev on his feud with Singer K J Yesudas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം