കഴിഞ്ഞ ദിവസം സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് സംബന്ധിച്ചുള്ള കണക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നരിവേട്ട സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ അനുരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെഎസ്കെ സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ കണക്കുകൾ പുറത്തു വിടുന്നതിന്റെ മാനദണ്ഡം കൂടി വ്യക്തമാക്കിയാൽ നല്ലതായിരിക്കുമെന്ന് പ്രവീൺ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു ഉദാഹരണം പറഞ്ഞാൽ എംപുരാൻ എന്ന സിനിമ സൂപ്പർ ഹിറ്റും എക്കോ വെറും ഹിറ്റുമാണ്. ഈ രണ്ട് സിനിമകളുടെയും ബജറ്റ്, കളക്ഷൻ തുടങ്ങിയ കാര്യങ്ങൾ ട്രാക്കിങ് പേജുകൾ പ്രചരിപ്പിച്ചത് സത്യമാണെങ്കിൽ എംപുരാനേക്കാൾ എത്രയോ വലിയ ലാഭമാണ് എക്കോ, എന്നിട്ടും അത് വെറും ഹിറ്റ് മാത്രമാണെന്നും പ്രവീൺ കുറിച്ചു.
പ്രവീണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ കണക്കുകൾ പുറത്തു വിടുന്നതിന്റെ മാനദണ്ഡം കൂടി വ്യക്തമാക്കിയാൽ നല്ലതായിരിക്കും.!
ഈ വർഷമാദ്യം കുറച്ചു മാസങ്ങൾ കണക്കുകൾ പുറത്തു വിട്ടശേഷം പെട്ടന്നൊരു സുപ്രഭാതത്തിൽ അത് നിർത്തി, പിന്നീട് വർഷാവാസാന കണക്കുമായി ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു. സിനിമ എന്നത് ഒരു ബിസിനസ് ആയതുകൊണ്ടും തിയറ്ററിന് പുറത്തും അതിന് സാമ്പത്തിക സാധ്യതകൾ ഉള്ളത് കൊണ്ടും ഇത്രയും സിനിമകൾ മാത്രം വിജയിച്ചു എന്ന രീതിയിൽ ഒരു കണക്ക് വരുമ്പോൾ അത് പലരെയും തെറ്റിദ്ധരിപ്പിക്കും എന്നതിൽ സംശയമില്ല, പ്രത്യേകിച്ചും പുതിയതായി ഈ രംഗത്തേക്ക് ഇൻവെസ്റ്റ് ചെയ്തു കടന്നു വരാൻ ആഗ്രഹിക്കുന്ന ആൾക്കാരെ.
ഇതിനോടകം പല പ്രൊഡ്യൂസേഴ്സും അംഗീകരിച്ച ട്രാക്കഴ്സ് പുറത്തുവിട്ട ഈ വർഷത്തെ കണക്കുകൾ നോക്കിയാൽ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന നരിവേട്ട, സുമതി വളവ് എന്നീ ചിത്രങ്ങൾ മാത്രമാണ് അസോസിയേഷൻ ലിസ്റ്റിൽ ഇല്ലാതെ പോയതെന്ന് കാണാം.
സിനിമയുടെ ബജറ്റ് മെൻഷൻ ചെയ്യാതെ വരുന്ന ഈ ലിസ്റ്റിൽ സൂപ്പർ ഹിറ്റുകളും ഹിറ്റുകളും ലിസ്റ്റ് ചെയ്തിരിക്കുന്നതിലും സംശയം തോന്നാം.
ഒരുദാഹരണം പറഞ്ഞാൽ എമ്പുരാൻ എന്ന സിനിമ സൂപ്പർ ഹിറ്റും എക്കോ വെറും ഹിറ്റുമാണ്. ഈ രണ്ട് സിനിമകളുടെയും ബജറ്റ്, കളക്ഷൻ തുടങ്ങിയ കാര്യങ്ങൾ ട്രാക്കിങ് പേജുകൾ പ്രചരിപ്പിച്ചത് സത്യമാണെങ്കിൽ എമ്പുരനെക്കാൾ എത്രയോ വലിയ ലാഭമാണ് എക്കോ, എന്നിട്ടും അത് വെറും ഹിറ്റ് മാത്രമാണ്.
സിനിമയുടെ ബജറ്റ് മെൻഷൻ ചെയ്യാതെയും, തിയറ്ററിന് പുറത്ത് അതിന് ഉണ്ടാകാൻ സാധ്യതയുള്ള ബിസിനസ്സ്, പ്രോഫിറ്റ് സാധ്യതകൾ പരിഗണിക്കാതെയുമുള്ള ഈ ലിസ്റ്റ് സിനിമയിൽ നിന്ന് കുറെ പേരെയെങ്കിലും അകറ്റും എന്ന വാദം പൂർണമായും ശരിയാണ്.
പുറത്തു വിടുമ്പോൾ എല്ലാം ഉൾക്കൊള്ളിച്ച സമഗ്രമായ ലിസ്റ്റ് പുറത്തു വിടണം , അല്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നത് പോലെ അറ്റവും വാലുമില്ലാത്ത കാര്യങ്ങൾ പറയുക അല്ല വേണ്ടത്. അനുരാജ് പറഞ്ഞത് പോലെ ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈ പിടിച്ചു കയറ്റിയതല്ല , നടന്നു തേഞ്ഞ ചെരുപ്പുകളും, വിയർപ്പൊട്ടിയ കുപ്പായങ്ങളും മാത്രമാണ് സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്നു നടിച്ചോളൂ പക്ഷെ ചവിട്ടി മെതിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates