കമൽ ഹാസൻ (Kamal Haasan)- ശങ്കർ കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു ഇന്ത്യൻ. കഴിഞ്ഞ വർഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. വന്‍ പ്രതീക്ഷയോടെ വന്ന് ബോക്സോഫീസില്‍ വന്‍ പരാജയമായി മാറുകയായിരുന്നു ഇന്ത്യൻ 2. ബജറ്റിന്‍റെ പകുതി പോലും നേടാതെ വന്‍ ട്രോളുകള്‍ ഏറ്റുവാങ്ങി ചിത്രം തിയറ്റര്‍ വിട്ടു. ഇന്ത്യന്‍ 3യും രണ്ടാം ഭാഗത്തിന്‍റെ സമയത്ത് തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്.
ചിത്രം ഇറങ്ങി ആറുമാസത്തിനുള്ളില്‍ 2025 ജനുവരിയില്‍ മൂന്നാം ഭാഗം എത്തും എന്നാണ് അന്ന് സംവിധായകന്‍ ശങ്കര്‍ പറഞ്ഞത്. എന്നാല്‍ രണ്ടാം ഭാഗം വന്‍ പരാജയമായതോടെ മൂന്നാം ഭാഗത്തെക്കുറിച്ച് ഒരു വിവരവും ഇല്ല. ഇപ്പോഴിതാ ഇന്ത്യൻ 3 യെക്കുറിച്ച് മുൻപ് കമൽ ഹാസൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഇന്ത്യൻ 2വിനേക്കാൾ തനിക്കിഷ്ടം ഇന്ത്യൻ 3 ആണെന്നാണ് കമൽ ഹാസൻ പറഞ്ഞത്.
എന്നാൽ കമൽ ഹാസന്റെ ഈ വാക്കുകൾ അദ്ദേഹത്തിന് ഇന്ത്യൻ 2 ഇഷ്ടമായില്ല എന്ന തരത്തിലാണ് ആളുകൾ വ്യാഖ്യാനിച്ചത്. ഇതിന് പിന്നാലെ ആളുകളുടെ ഇത്തരം തെറ്റിദ്ധാരണകൾക്കുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് കമൽ ഹാസൻ.
"ആളുകൾ തെറ്റിദ്ധരിച്ചു. ഇന്ത്യൻ 2 ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇന്ത്യൻ 3 ആണ് എനിക്ക് കൂടുതലിഷ്ടമെന്നാണ് ഞാൻ പറഞ്ഞത്. സദ്യ കഴിക്കുമ്പോൾ സാമ്പാറും രസവും ആസ്വദിക്കുന്നതുപോലെയാണ്, പക്ഷേ പായസത്തിനായി നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കും".- കമൽ ഹാസൻ പറഞ്ഞു.
അതേസമയം ഇന്ത്യൻ 2വിന്‍റെ ഷൂട്ടിങ് സമയത്ത് തന്നെ ഇന്ത്യൻ 3 യുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചിട്ടുണ്ടെന്നാണ് വിവരം. കാജൽ അഗർവാളും ഇന്ത്യൻ 3യിൽ അഭിനയിക്കുന്നുണ്ട്. ഇന്ത്യൻ 2 വിന്റെ അവസാനം ഇന്ത്യൻ 3യുടെ ട്രെയ്‌ലറും തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates