ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ നായകനാക്കി ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2. ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടുപോകുന്നു എന്ന് ആരോപിച്ച് ശങ്കറിനെതിരെ നിർമാക്കളായ ലൈക്ക പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യൻ 2 പൂർത്തിയാക്കുന്നതുവരെ പുതിയ സിനിമകൾ സംവിധാനം ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ സിനിമയുടെ ചിത്രീകരണം വൈകാൻ കമൽഹാസനും ലൈക്ക പ്രൊഡക്ഷൻസും കാരണമാണ് എന്നാണ് ശങ്കർ പറയുന്നത്.
കോടതിയിലാണ് ചിത്രീകരണം വൈകുന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്. കമല്‍ ഹാസന് മേക്കപ്പ് അലര്‍ജിയാണ്. ചിത്രത്തിൽ പ്രായമായ ഗെറ്റപ്പിലാണ് കമൽഹാസൻ എത്തുന്നത്. അതിനാൽ ഷൂട്ടിങ് പ്രതിസന്ധിയിലാകുന്നുണ്ട്. കൂടാതെ ചിത്രീകരണത്തിനിടെയുണ്ടായ ക്രെയിന്‍ അപകടവുംഷൂട്ടിങ് വൈകാന്‍ ഒരു കാരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ ഷൂട്ടിങ് മുടങ്ങുന്നതില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്ന് ശങ്കര്‍ കോടതിയെ അറിയിച്ചു. അതിനിടെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടൻ വിവേകിന്റെ അപ്രതീക്ഷിത മരണവും സിനിമയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. വിവേകിന്റെ കഥാപാത്രം ചിത്രത്തിൽ പൂർണമല്ല. ഈ അവസരത്തില്‍ വിവേക് അഭിനയിച്ച രംഗങ്ങളെല്ലാം മറ്റൊരു നടനെ വച്ച് റീ ഷൂട്ട് ചെയ്യണമെന്ന് നേരത്തെ ശങ്കര്‍ അറിയിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ പ്രശ്നത്തിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. സംവിധായകനും നിര്‍മാതാവും പരസ്പരം ഇരുന്ന് സംസാരിച്ച് പ്രശ്നപരിഹാരം കാണുക മാത്രമേ രക്ഷയുള്ളൂ എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. പാതി ചിത്രീകരിച്ച ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കുന്നത് ശങ്കര്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആരോപണം.
ശങ്കറിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദില്‍ രാജു നിര്‍മ്മിച്ച് രാം ചരണ്‍ നായകനാവുന്ന ചിത്രവും രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ഒരു ഹിന്ദി ചിത്രവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് നിയമനടപടിയുമായി മുന്നോട്ട് പോയത്. 1996-ല്‍ ശങ്കര്‍-കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates