തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് കാർത്തി. പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയാണ് കാർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. കാർത്തിയുടേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മെയ്യഴഗൻ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. തിയറ്ററിൽ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഒടിടിയിൽ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് കാർത്തി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "തമിഴിന് പുറത്ത് മെയ്യഴഗന് നല്ല പ്രതികരണമാണ് ലഭിച്ചത്. തെലുങ്കിലെയും മലയാളത്തിലെയും പ്രേക്ഷകര്‍ക്ക് ഈ സിനിമ നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ, തമിഴ് സംസ്‌കാരത്തെക്കുറിച്ച് ചെയ്ത സിനിമക്ക് തമിഴ്‌നാട്ടില്‍ തിളങ്ങാനായില്ല. അത് ഞങ്ങള്‍ക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല.
മെയ്യഴഗന്റെ സംവിധായകൻ പ്രേം കുമാറിന് തമിഴ്നാട്ടിലെ പ്രേക്ഷകരോട് യാതൊരു ദേഷ്യവുമില്ല. പക്ഷേ, ഈ സിനിമയെ ആവശ്യമില്ലാതെ വലിച്ചു കീറിയ ചില യൂട്യൂബേഴ്സുണ്ട്. അവരോട് മാത്രമേ പ്രേമിന് ദേഷ്യമുള്ളൂ. സിനിമയുടെ ആത്മാവിനെ മനസിലാകാതെയാണ് അവരെല്ലാം സിനിമയെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്."- കാര്‍ത്തി പറഞ്ഞു.
താന്‍ ഒരുപാട് എന്‍ജോയ് ചെയ്താണ് മെയ്യഴഗന്‍ പൂര്‍ത്തിയാക്കിയതെന്നും കാർത്തി കൂട്ടിച്ചേര്‍ത്തു. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയും കഥാപാത്രവും വല്ലപ്പോഴും മാത്രമേ വരാറുള്ളൂവെന്നും അത്തരത്തിലൊന്നാണ് മെയ്യഴഗനെന്നും കാര്‍ത്തി പറഞ്ഞു.
കാർത്തി നായകനായെത്തുന്ന പുതിയ ചിത്രം വാ വാത്തിയാറിന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. ഡിസംബർ 12 നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ വാ വാത്തിയാറിന്റെ റിലീസ് മാറ്റി വക്കുകയായിരുന്നു. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates