സംഗീതലോകത്ത് പകരം വെക്കാനില്ലാത്ത പേരാണ് കെഎസ് ചിത്ര. ആ ശബ്ദത്തിന് മലയാളിയുടെ നിത്യ ജീവിതത്തിലുള്ള സ്ഥാനം വാക്കുകള്‍ക്കൊണ്ട് വിവരിക്കാനാകുന്നതല്ല. മരണത്തില്‍ നിന്നടക്കം പലരേയും തിരിച്ചുനടക്കാന്‍ ചിത്രയുടെ പാട്ട് പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ രണ്ട് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കെഎസ് ചിത്ര. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഓര്‍മ പങ്കിട്ടത്.
''മധുരയ്ക്ക് അടുത്തൊരു പരിപാടിയ്ക്ക് പോയിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരാള്‍ എന്റെ മുന്നില്‍ വന്ന് നിന്ന് കരയുകയായിരുന്നു. എന്നിട്ട് എന്റെ കയ്യില്‍ പിടിച്ചു. എല്ലാവരും അയാളെ തള്ളി മാറ്റാന്‍ നോക്കി. ഞാന്‍ ഒരു മിനിറ്റൊന്ന് നില്‍ക്കൂ, അദ്ദേഹത്തിന് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു. കരച്ചില്‍ കണ്ടപ്പോള്‍ എനിക്ക് ഭയങ്കര വിഷമമായി. അമ്മാ, ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത് നിങ്ങള്‍ കാരണമാണ് എന്ന് അയാള്‍ പറഞ്ഞു'' കെഎസ് ചിത്ര പറയുന്നു.
''ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടായി. ഇനി ജീവിക്കണ്ട എന്ന തീരുമാനത്തില്‍ തൂങ്ങാന്‍ കയറി നില്‍ക്കുമ്പോള്‍ അടുത്ത വീട്ടില്‍ നിന്നും ഒവ്വൊരു പൂക്കളുമേ എന്ന പാട്ട് കേട്ടു. എന്നെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി ആരോ ആ പാട്ട് വെച്ചതാണെന്ന് തോന്നി എന്നും അയാള്‍ പറഞ്ഞു. ആ പാട്ടിലെ വരികള്‍ ജീവിക്കാന്‍ പ്രചോദിപ്പിക്കുന്നതാണ്. ആ പാട്ടുകേട്ടപ്പോള്‍ അമ്മയുടേയും അച്ഛന്റേയും കുടുംബത്തിന്റേയും മുഖം മനസിലേക്ക് വന്നു. ജീവിതം ഇങ്ങനെ തീര്‍ക്കരുത്, ജീവിക്കണം എന്ന തീരുമാനം എടുക്കുകയായിരുന്നു. ഇന്ന് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് എന്റെ കാല്‍ തൊട്ടിട്ട് പോയി'' എന്നും കെഎസ് ചിത്ര പറയുന്നു.
''അത് എനിക്ക് ഭയങ്കര അത്ഭുതമായി. പാട്ട് കേട്ടൊക്കെ ആളുകള്‍ മാറുമോ എന്ന് ഞാന്‍ ആലോചിച്ചു. ഇതുപോലെ ദുബായിയില്‍ ഒരാള്‍ കാറിന്റെ പുറകില്‍ ഗ്യാസ് കുറ്റിയൊക്കെ വച്ച് വണ്ടിയോടിച്ച് പോയി ആത്മഹത്യ ചെയ്യാന്‍ പോകുമ്പോള്‍ രാജഹംസമേ എന്ന പാട്ട് കേട്ടു. അതോടെ തീരുമാനം മാറ്റി. നമ്മള്‍ പോലും അറിയാതെ ആളുകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചുവെന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്'' എന്നും അവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates