മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ തുറന്നുപറയാറുള്ള വ്യക്തിയാണ് നടി ലെന. പലപ്പോഴും ലെനയുടെ ഇത്തരം തുറന്നുപറച്ചിലുകൾ ട്രോളുകൾക്കും കാരണമായിട്ടുണ്ട്. പുനർജന്മത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ലെന പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണെന്നും പുനർജന്മത്തെക്കുറിച്ച് തനിക്ക് നിരവധി കാഴ്ചപ്പാടുകളുണ്ടെന്നും ലെന പറയുന്നു. സുജിത് ഭക്തന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം. "പുനർജന്മത്തെക്കുറിച്ച് എനിക്ക് കുറേ കാഴ്ചപ്പാടുകളുണ്ട്. നമുക്ക് പല വഴികളിലൂടെ കണ്ടാൽ, ജീവിതം കാഴ്ചപ്പാടുകൾ മാത്രമാണ്.
നമ്മുടെ കാഴ്ചപ്പാടാണ് നമ്മൾ അനുഭവിക്കുന്ന ജീവിതം. നമ്മൾ പച്ചക്കളർ ഗ്ലാസ് വച്ചാൽ എല്ലാം പച്ചക്കളറായിട്ടിരിക്കും. നമ്മൾ പിങ്ക് ഗ്ലാസിട്ടാൽ എല്ലാം പിങ്ക് കളറായിരിക്കും. അപ്പോൾ ഞാൻ ഇടയ്ക്കിടയ്ക്ക് ഗ്ലാസ് മാറ്റിയിട്ട് നോക്കാറുണ്ട്. ജീവിതത്തെ കഴിയുന്നത്ര കാഴ്ചപ്പാടുകളോടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനിങ്ങനെ ഫിക്സ്ഡ് ആയിട്ട് ഇതാണ് ശരിയെന്ന് ഞാൻ പറയുന്നില്ല.
ഈ രീതിയിൽ നോക്കിയാൽ അല്ലെങ്കിൽ ഈ കാഴ്ചപ്പാടിൽ നോക്കിയാൽ, ഈ ജാലകത്തിലൂടെ നോക്കിയാൽ ഇതാണ് കാഴ്ച. ആ ജാലകത്തിലൂടെ നോക്കിയാൽ അതാണ് കാഴ്ച. ഈ ബാൽക്കണിയിൽ നിന്ന് കാണുന്ന കാഴ്ചയല്ല മറ്റൊരു ബാൽക്കണിയിൽ നിന്ന് കാണുന്നത്. അത്രയേ വ്യത്യാസമുള്ളൂ. അങ്ങനെ നോക്കുമ്പോൾ മരണത്തിന് ശേഷമുള്ള ജീവിതം എന്താണെന്ന് ചോദിച്ചാൽ, മരണം സംഭവിക്കുന്നത് ശരീരത്തിന് മാത്രമാണ്.
ഈ ശരീരമാണ് മരിക്കുന്നത്, നിങ്ങളല്ല. അപ്പോൾ നിങ്ങൾക്ക് മരണമില്ല. നിങ്ങളാ ശരീരത്തിലൂടെയാണ് ജീവിക്കുന്നത്. ശരിക്കും മരണം എന്താണ് ?. ഞാൻ എന്റെ ശരീരമല്ല, ഞാൻ എന്റെ മനസല്ല. അപ്പോൾ ആരാണ് ഞാൻ. ശരീരത്തെയും മനസിനെയും തമ്മിൽ ചലിപ്പിക്കുന്ന ജീവനാണ് ഞാൻ. ബോധമുള്ള ഊർജത്തെയാണ് ജീവൻ എന്ന് പറയുന്നത്.
ഇന്ത്യൻ മിത്തോളജിയിൽ പറയുന്നത്, ബോധമുള്ള ഊർജം ശിവനും ശക്തിയുമാണ്. ശക്തിയാണ് ഊർജം. അതാണ് ജീവിതം രൂപപ്പെടുത്തുന്നത്. ബോധമുള്ള ഊർജമാണ് ജീവിതം. അത് ചലിപ്പിക്കുന്നതാണ് ശരീരം മനസിനെ. ഈ ജീവിനാണ് ഞാൻ. എന്റെ ശരീരം, എന്റെ മനസ് എന്ന് അവകാശപ്പെടുന്നത് ഞാൻ.
ഞാൻ എന്ന് വച്ചാൽ ജീവൻ. ഞാൻ ജീവനാണെങ്കിൽ എനിക്ക് മരിക്കാൻ പറ്റില്ലല്ലോ. ജീവന് മരണമില്ല. ഈ ജീവനായ ഞാൻ ശരീര-മനസിനെ വിട്ടുപോകുമ്പോൾ, ആ ശരീര- മനസ് മരിച്ചു എന്ന് പറയും. മരണം സംഭവിക്കുന്നത് ശരീരത്തിനാണ്. ശരീരത്തിന് മരണത്തെ നല്ല ഭയമുണ്ട്". -ലെന പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates