ഒന്നിന് ഒന്ന് സുന്ദരമായ പാട്ടുകൾ മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച് മറഞ്ഞു പോയ ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹം വിടവാങ്ങിയിട്ട് ഇന്നേക്ക് 16 വർഷം പൂർത്തിയാവുകയാണ്. ഏതൊരാളുടെയും മനസിൽ ഉടക്കുന്ന വരികളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിൽ നിന്ന് പിറന്നത്. കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടെയും കർണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനായി 1961 മെയ് 1നാണ് ജനനം.
1989 ൽ 'എൻക്വയറി' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തി. 1992 ൽ പുറത്തിറങ്ങിയ 'ജോണി വാക്കർ' എന്ന ചിത്രത്തിലെ "ശാന്തമീ രാത്രിയിൽ" എന്ന ഗാനം അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായി. രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിൽ 344 സിനിമകളിലായി 1600ലധികം ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞത്.
ഗാനരചനയ്ക്ക് പുറമെ 'വടക്കുംനാഥൻ', 'പല്ലാവൂർ ദേവനാരായണൻ' തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയും 'മേലേപ്പറമ്പിൽ ആൺവീട്' പോലുള്ള ഹിറ്റ് സിനിമകൾക്ക് കഥ നൽകിയും സിനിമ മേഖലയിൽ സജീവമായിരുന്നു പുത്തഞ്ചേരി. 2010 ഫെബ്രുവരി 10 ന് 49-ാം വയസ്സിൽ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ വിയോഗം. എത്ര കേട്ടാലും മതിവരാത്ത ഗിരീഷ് പുത്തഞ്ചേരിയുടെ ചില ഗാനങ്ങളിലൂടെ ഒന്ന് കടന്നു പോയാലോ.
"മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്‍റ വല്‍ക്കലം പുതച്ചിരുന്നു
തുടിയാല്‍ ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും
ഒരു രുദ്ര താളമായി ചേര്‍ന്നിരുന്നു"
ഭാനുമതി മരിച്ചതിന് ശേഷം നീലകണ്ഠൻ ആ പടികൾ ഇറങ്ങിവന്ന് ആ ചാരുകസേരയിൽ വന്നിരിക്കുന്ന സീൻ... മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. അതുപോലെ തന്നെയാണ് ആകാശദീപങ്ങള്‍ സാക്ഷി...എന്ന ഗാനവും. തന്റെ പ്രിയതമയുടെ വേർപാട് ഇത്ര നന്നായി എഴുതാൻ ഒരുപക്ഷേ ഗിരീഷ് പുത്തഞ്ചേരിയേക്കാൾ ഉള്ളുതൊട്ട് എഴുതാൻ മറ്റാർക്കും ആകില്ല. സുരേഷ് പീറ്റർ ആണ് രാവണപ്രഭുവിലെ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. യേശുദാസ് ആണ് ആലാപനം.
"അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം"
ഈ പാട്ട് കേൾക്കുന്നതിനേക്കാൾ ഏറെയും ഇതിലെ വരികൾ തേടിപോയവരായിരിക്കും കൂടുതൽ. വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഗിരീഷ് പുത്തഞ്ചേരിയെ ആണ് ഈ വരികളിൽ കാണാനാവുക. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതിയ മനോഹര വരികളാണിത്. വിദ്യാസാഗർ ആയിരുന്നു സംഗീതം. യേശുദാസ് ആണ് ഗാനം പാടിയിരിക്കുന്നത്.
"മുളം തണ്ടായ് മുറിഞ്ഞ നിന്‍
മനം തഴുകുന്ന പാട്ടു ഞാന്‍
മറന്നേയ്ക്കു നൊമ്പരം"
ഒരല്പം വേദനയോടെയല്ലാതെ ഈ പാട്ടിലൂടെ ആർക്കും കടന്നു പോകാനാകില്ല. ഒളിംപ്യൻ അന്തോണി ആദത്തിലെ ഈ ഗാനം മലയാളികൾക്ക് ഒരുപാട് ഓർമകൾ കൂടിയാണ് സമ്മാനിക്കുന്നത്. ഔസേപ്പച്ചൻ ആണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. യേശുദാസ് ആണ് ആലാപനം.
"ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ"
നെഞ്ചിൽ ഒരു വിങ്ങൽ മാത്രം ബാക്കിയാക്കി പോകുന്ന പാട്ടാണിതെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഓരോ മലയാളികളുടെയും ജീവിതമാണ് ഗിരീഷ് പുത്തഞ്ചേരി എഴുതി വെച്ചത്. കാപി രാഗത്തിലാണ് ഈ ഗാനമൊരുക്കിയിരിക്കുന്നത്. ജയചന്ദ്രൻ ആണ് ഈണത്തിൽ ഒരുങ്ങിയ ഗാനം പാടിയതും യേശുദാസ് ആണ്.
"മഞ്ഞിൽ ഈ മുന്തിരി വള്ളിയിൽ അല്ലി പൂ പൂത്തുവിരിഞ്ഞാൽ
കാണും ഞാൻ എന്റെ കിനാവിൽ നിന്റെ പൂമുഖം"
90 കിഡ്സിന്റെ ഇടയിൽ ഈ പാട്ട് ഉണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ല. കല്യാണ വീട് ആയാലും നാട്ടിലെ പരിപാടി ആയാലും എവിടെയും ഈ പാട്ട് ഉണ്ടായിരുന്നു. അടുത്തിടെ റീൽസുകളിലും ഈ പാട്ട് തരംഗമായി മാറിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണമൊരുക്കിയിരിക്കുന്നത് വിദ്യാസാഗർ ആണ്. യേശുദാസും ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates