താൻ നൂറ് ശതമാനവും ചന്തു സലിംകുമാറിനൊപ്പമാണെന്ന് നടി മല്ലിക സുകുമാരൻ. ഇത്തരം മൊബൈൽ ചാനലുകാരെ കർശനമായി നിരോധിക്കണമെന്നും അതിനുള്ള സംവിധാനം മുഖ്യമന്ത്രി ചെയ്യണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "മുഖ്യധാര മാധ്യമങ്ങൾ ആശുപത്രിയിൽ ചെന്നു. അതിന് ശേഷം പൊതുദർശനം നടന്ന സ്ഥലത്തു ചെന്നു.
അവിടെയെല്ലാം ആവശ്യത്തിൽ കൂടുതൽ എടുത്തു. ഈ മൊബൈലുകാരുടെ കാര്യമാണ് സഹിക്കാൻ വയ്യാത്തത്. ഒരു അനുഭവസ്ഥയാണ് ഞാൻ. അന്ന് സുകുവേട്ടന്റെ മൃതദേഹം തിരുവനന്തപുരം കലാഭവനിൽ കൊണ്ടുവന്ന് വയ്ക്കുന്നു. എടുക്കാൻ താമസിക്കണേ, താമസിക്കണേ എന്ന് ഉള്ളിൽ പ്രാർഥിക്കുകയാണ്.
കാരണം അത്രയും നേരമെങ്കിലും ആ മുഖമെങ്കിലും കാണാമല്ലോ എന്നായിരുന്നു എല്ലാവരുടെയും ചിന്ത. അന്നേരം ആ മോൻ അങ്ങനെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ അത് സലിം കുമാറിന്റെ മോനാണെന്ന് നമുക്ക് പറയാൻ പറ്റുമോ ?. എന്ത് സത്യസന്ധമായിട്ട് പ്രതികരിക്കുന്ന ആളാണ് സലിം കുമാർ എന്ന കാര്യം അറിയാമോ. പാർട്ടിയുടെ അനുഭാവിയായിട്ട് മാത്രമല്ല, അദ്ദേഹം സംസാരിച്ചിട്ടുള്ളത്.
അത്രയും സത്യസന്ധമായിട്ട് പറയുന്ന ഒരു മനുഷ്യനെ ഓർത്ത് ആ മകന് എന്തോരം അഭിമാനമുണ്ടാകും. അച്ഛൻ ഇനി ഇല്ല എന്ന തോന്നൽ അവരെ തകർത്തു കളയും. ഞാനിതുപോലെ രണ്ട് ആൺമക്കളെ വളർത്തിയതാണ്. ഒരാൾ പത്തിലും ഇന്ദ്രൻ എഞ്ചിനീയറിങ്ങിന് ചേർന്നതേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് സുകുവേട്ടന്റെ മരണം. അന്ന് കലാഭവനിൽ കൊണ്ടുവന്ന് പൊതുദർശനത്തിന് വച്ചു.
മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഓടി വന്നു. ഇതുപോലെ അന്ന് വലിയ ബഹളം. മോൻ (പൃഥ്വിരാജ്) ഇങ്ങനെ നിർവികാരനായി ഇങ്ങനെ നോക്കി കൊണ്ട് നിൽക്കുവാ. എനിക്കാണെങ്കിൽ സങ്കടവും സഹിക്കാൻ വയ്യ. അപ്പോൾ അവൻ ഇങ്ങനെ എന്റെ തോളത്തു വന്ന് കൈ വച്ചു. അന്നേരം ചോദിച്ചില്ല, അതുകഴിഞ്ഞപ്പോൾ പറഞ്ഞു. അമ്മേ ഇപ്പോൾ ഈ കിടന്ന് ബഹളം വയ്ക്കുന്നവരൊന്നും അച്ഛനെ കാണാൻ വന്നവരായിരിക്കത്തില്ല അമ്മേ.
താരങ്ങളെ കാണാൻ വന്നതായിരിക്കും. അവർക്ക് വേറൊരു സ്ഥലം കൊടുത്തൂടെ. അവൻ എന്നോട് ചോദിച്ച ചോദ്യമാണ്. അന്ന് പത്താം ക്ലാസിൽ പഠിക്കുന്നേയുള്ളൂ. മോനേ ഈ വഴി പോയപ്പോൾ ഇവിടെ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടൊക്കെ വന്നതായിരിക്കുമെന്ന് പറഞ്ഞ് ഞാൻ അവനെ സമാധാനിപ്പിച്ചു.
അത് പല പ്രാവശ്യവും പൃഥ്വി പറഞ്ഞിട്ടുണ്ട്. എങ്ങനെ താങ്ങാൻ പറ്റും ഈ വേണ്ടപ്പെട്ടവർക്ക്. അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ കൊടുക്കാൻ പൊലീസുകാർ തയ്യാറായി നിൽക്കുകയാണ്. മൊബൈലുകാര് കാരണം പൊലീസുകാർക്ക് അവരുടെ റൈഫിൾ താക്കാൻ പറ്റുന്നില്ല. രണ്ടാമത്, ഒരു മര്യാദ വേണ്ടേ. ഇത്രയും വർഷക്കാലം അദ്ദേഹത്തോടൊപ്പം ജീവിച്ച ഭാര്യ കസേരയുടെ തൊട്ടുപിറകിൽ ഇരിക്കുകയാണ്. എനിക്കൊരു അപേക്ഷയേ ഉള്ളൂ.
കുറച്ചു കൂടി വകതിരിവോടെ പെരുമാറണം. ഇവർക്ക് കുറച്ച് കോണ്ടന്റ് വേണം, അത് റീലാക്കണം. അത് എവിടെയെങ്കിലുമൊക്കെ ഇടണം. അത് പത്ത് പേര് കാണണം. കണ്ടവരുടെ എണ്ണം കൂടുമ്പോൾ കാശ് കിട്ടും. ഇങ്ങനെയാണോ കാശ് ഉണ്ടാക്കുന്നത്. എനിക്കറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കുവാ.
അത്രയും വിദ്യാഭ്യാസമോ മര്യാദയോ വകതിരിവോ ഇല്ലാത്ത പിള്ളേരാണോ ഈ മൊബൈയിലുമായി നടക്കുന്നത്". - മല്ലിക സുകുമാരൻ ചോദിച്ചു. താൻ നൂറു ശതമാനവും ചന്തുവിനൊപ്പമാണ് നിൽക്കുന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. ഇത്തരം മൊബൈൽ ചാനലുകാരെ കർശനമായി നിരോധിക്കണമെന്നും അതിനുള്ള സംവിധാനം മുഖ്യമന്ത്രി ചെയ്യണമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates