

സിഡ്നി: ഓസ്ട്രേലിയയ്ക്കായി ഇത്തവണ ഫിഫ ലോകകപ്പ് കളിച്ച ക്രിസ്റ്റ്യൻ വോൾപാറ്റോ ലഹരിമരുന്ന് ഉപയോഗിച്ചതിനു പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെ സിഡ്നിയിൽ അമിതവേഗത്തിൽ കാറോടിച്ചതിനു പൊലീസ് പിടികൂടിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് 22കാരൻ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിഞ്ഞത്. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി 3 മത്സരങ്ങളിൽ കളിച്ച താരമാണു വോൾപാറ്റോ. ഇറ്റലിക്കാരനായ വോൾപാറ്റോ പൗരത്വം മാറിയാണ് ഓസ്ട്രേലിയയ്ക്കായി ലോകകപ്പിൽ മത്സരിച്ചത്.
വ്യാഴാഴ്ച രാത്രി സിഡ്‌നിയിലെ ആൻസാക് പാലത്തിൽ വെച്ച് രണ്ട് തവണയാണ് വോൾപാറ്റോയെ പൊലീസ് തടഞ്ഞത്. ആദ്യം രാത്രി 11.05ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 94 കിലോമീറ്റർ വേഗതയിൽ പോയതിനാണ് താരത്തെ പിടികൂടിയത്. തുടർന്ന് നടത്തിയ ശ്വാസ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം അതേ പാതയിൽ മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ച വോൾപാറ്റോയെ പൊലീസ് വീണ്ടും തടഞ്ഞു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ശരീരത്തിൽ കോക്കെയ്‌ൻ സാന്നിധ്യം കണ്ടെത്തിയത്.
നിയമലംഘനത്തെത്തുടർന്ന് താരത്തിന്റെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കി. പിഴയടക്കമുള്ള മറ്റ് നിയ മനടപടികൾക്കായി നോട്ടീസ് നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി താരത്തിന്റെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇറ്റലിയിൽ ജനിച്ച വോൾപാറ്റോ യൂത്ത് തലത്തിൽ ഇറ്റലിയെയാണ് പ്രതിനിധീകരിച്ചത്. എന്നാൽ 2026 ലോകകപ്പിന് തൊട്ടുമുമ്പ് താരം ഓസ്‌ട്രേലിയൻ ദേശീയ ടീമിലേക്ക് മാറുകയായിരുന്നു. ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ താരം ഓസ്‌ട്രേലിയക്കായി കളത്തിലിറങ്ങി. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ സാസുലോയുടെ മിഡ്ഫീൽഡറാണ് വോൾപാറ്റോ. നേരത്തെ റോമയ്ക്ക് വേണ്ടിയും കളിച്ചു. താരത്തിന്റെ ഭാഗത്തുനിന്നും സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates