സിജെപി പ്രതിഷേധമൊക്കെ വന്നതോടെ ജെൻ സി കുട്ടികൾക്ക് രാഷ്ട്രീയം അറിയില്ല എന്നൊക്കെയുള്ള ധാരണകൾ കുറച്ചൊന്ന് മാറിയിട്ടുണ്ടെന്ന് നടി മീനാക്ഷി അനൂപ്. ജെൻ സികളുടെ ഇടയിൽ രാഷ്ട്രീയം കൂടുതലാണെന്നും മീനാക്ഷി പറഞ്ഞു. മിക്സ്റ്റേക്ക് ബൈ അഞ്ജന വിൻസന്റ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി.
"സിജെപി പ്രതിഷേധമൊക്കെ വന്നതോടെ ജെൻ സി കുട്ടികൾക്ക് രാഷ്ട്രീയം അറിയില്ല എന്നൊക്കെയുള്ള ധാരണകൾ കുറച്ചൊന്ന് മാറിയിട്ടുണ്ട്. എനിക്ക് തോന്നുന്നു, എന്റെ അച്ഛന്റെയും അമ്മയുടെയുമൊക്കെ പ്രായമുള്ള ആളുകൾ ചിന്തിക്കുന്നത്, രാഷ്ട്രീയം എന്ന് പറഞ്ഞാൽ രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് നമ്മൾ സംസാരിക്കുന്നതല്ല.
അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ വിമർശിച്ച് സംസാരിക്കുന്നതോ അല്ല. അതു മാത്രമല്ലല്ലോ രാഷ്ട്രീയം. എനിക്ക് തോന്നുന്നു, ജെൻ സികളുടെ ഇടയിൽ രാഷ്ട്രീയം കൂടുതലാണ്. അവരുടെ നിത്യ ജീവിതത്തിൽ തെറ്റാണ് എന്ന് തോന്നുന്ന കാര്യം, ഇപ്പോഴുള്ളവരാണ് അത് തെറ്റാണ് എന്ന് പറയുക. ഒരു പെൺകുട്ടിയോട് പുറത്തുവച്ച് ഒരാൾ മോശമായി സംസാരിച്ചാൽ, നൂറ് കണക്കിന് ആൺകുട്ടികളും പെൺകുട്ടികളും വരും അതിനെ ചോദ്യം ചെയ്യാൻ.
ഇൻസ്റ്റഗ്രാമിൽ തന്നെ കാണാം. ബോഡിഷെയ്മിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുമ്പോൾ, അതിനെതിരെ കമന്റ് ചെയ്യുന്ന 99 ശതമാനം പേരും ജെൻ സികളാണ്. എന്തിന് അങ്ങനെ ചെയ്തു ?. മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പറയാൻ നിങ്ങൾക്കെന്ത് അവകാശമുണ്ട് ?. മറ്റൊരാളുടെ നിറത്തെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളത് ?. എന്നൊക്കെ ചോദിക്കുന്നത് ജെൻ സി കളാണ്. അതാണ് രാഷ്ട്രീയം.
നമ്മുടെ നിത്യ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അത് ചോദിക്കാൻ പറ്റുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയം തന്നെയാണ്. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടാകാം. രാഷ്ട്രീയ പാർട്ടികളെ പറ്റി പറയുന്നതൊന്നുമല്ല രാഷ്ട്രീയം. അങ്ങനെ നമ്മൾ വിചാരിക്കുന്നതല്ലേ ശരിക്കും തെറ്റ് ?. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ മതേതരമായ ഒരു രാജ്യത്താണ്. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് പല രാഷ്ട്രീയ പാർട്ടികളുമുണ്ട്.
പക്ഷേ നമ്മളിവിടെ എന്തോരം മനുഷ്യരാ. പലർക്കും പല അഭിപ്രായങ്ങളാണ്. ഇതൊരു ജനാധിപത്യ രാജ്യമായതു കൊണ്ട്, നമ്മുടെ അഭിപ്രായത്തോട് ഏറ്റവും ചേർന്നു നിൽക്കുന്നത് ഏത് പാർട്ടിയാണോ നമുക്ക് അവരോട് കൂടി നിൽക്കാം എന്നുള്ളതേ ഉള്ളൂ. എന്നുവച്ച്, എനിക്ക് വേറെ ഒരു പാർട്ടിയോടും താല്പര്യമില്ല, അവരൊക്കെ വൃത്തിക്കെട്ടവൻമാരാണ് എന്നല്ലല്ലോ. നമ്മുടെ ആശയം ഏത് പാർട്ടിയാണോ പറയുന്നത് അവരോട് ചേർന്ന് നിൽക്കാം.
അതിന്റെ അർഥം ഞാൻ നിൽക്കുന്ന പാർട്ടി, അല്ലെങ്കിൽ ഞാൻ യോജിക്കുന്ന പാർട്ടി മൊത്തത്തിൽ നല്ലതാണ്, നൂറ് ശതമാനവും അത് നല്ലതാണ് എന്നുമല്ല. നമ്മൾ പല തരത്തിലുള്ള ആൾക്കാരാണ്, ഇത്രയും ആൾക്കാരുള്ള ഒരു സ്ഥലത്ത് ജനാധിപത്യപരമായി ഇരിക്കുക എന്ന് പറയുന്നത് ഒരു പ്രശ്നമുള്ള കാര്യമല്ലേ. അത് അത്ര എളുപ്പമായിട്ട് ഒന്നും പറ്റത്തില്ല. അപ്പോൾ നമുക്ക് ചേരുന്ന ഒരു സാധനത്തോട് ചേർന്ന് നിൽക്കുക എന്നേയുള്ളൂ.
നമ്മൾ ഈ പാർട്ടി ആയതുകൊണ്ട് അവർ ചെയ്യുന്നത് ന്യായീകരിക്കണമെന്നോ, അല്ലെങ്കിൽ മറ്റവർ ചെയ്യുന്ന കാര്യം അവർ ന്യായീകരിക്കണമെന്നോ ഒന്നുമില്ല. എല്ലാവർക്കും തെറ്റ് പറ്റിയാൽ അംഗീകരിക്കാൻ പറ്റണമല്ലോ. എന്റെ വീട്ടിലുള്ള ആരെങ്കിലും ഒരു മോശം കാര്യം ചെയ്താൽ അയ്യോ അവർ ചെയ്തത് മോശമായി പോയി എന്ന് എനിക്കും പറയാൻ പറ്റണം, അവർക്കും പറയാൻ പറ്റണം. എന്റെ വീട്ടുകാർ ആയതുകൊണ്ട് ഇവർ ചെയ്യുന്ന എല്ലാം ശരിയാണ് എന്ന് എനിക്ക് പറയാൻ പറ്റണമെന്നില്ലല്ലോ".- മീനാക്ഷി പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates