മോഹന്‍ലാലിന് ആകാശവാണിയുടെ ആദരം. നാടകവിഭാഗത്തില്‍ ടോപ് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് മോഹന്‍ലാലിനെ ആകാശവാണി ആദരിച്ചത്. ആകാശവാണി തിരുവനന്തപുരം നിലയമാണ് താരത്തിന് ഈ ബഹുമതി നല്‍കിയത്. മലയാള റേഡിയോ നാടക രംഗത്തിന് നല്‍കിയ സംഭാവനകളും രണ്ട് റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം നല്‍കിയതിനുമാണ് ഇതിഹാസ താരത്തിന് അംഗീകാരം.
ശനിയാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആകാശവാണി തിരുവനന്തപുരം റീജിയണല്‍ ചാനല്‍ മാനേജര്‍ ഡോ. എ.ജി. ബൈജുവും പി.എ. ബിജുവും ചേര്‍ന്നാണ് ആകാശവാണി ഡയറക്ടര്‍ ജനറലിനുവേണ്ടി സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
ഈ വര്‍ഷം മേയ് 11 മുതല്‍ 17 വരെ ആകാശവാണിയുടെ കൊച്ചി, തിരുവനന്തപുരം നിലയങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച അഖില കേരള റേഡിയോ നാടകോത്സവത്തില്‍ മോഹന്‍ലാല്‍ രണ്ട് നാടകങ്ങളില്‍ ശബ്ദസാന്നിധ്യമായിരുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നാടകോത്സവം വീണ്ടും അരങ്ങേറിയത്. മെയ് 11ന് ജയരാജ് മിത്ര രചിച്ച് റൂബി ബാബു സംവിധാനം ചെയ്ത 'ദൈവത്തിന്റെ മനമാരുകണ്ടു' എന്ന നാടകത്തിലൂടെയാണ് മോഹന്‍ലാല്‍ നാടകോത്സവത്തിന് തുടക്കം കുറിച്ചത്. മെയ് 17ന് മുഹമ്മദ് റോഷന്‍ രചിച്ച് എം.വി. ശശികുമാറും എന്‍.എസ്. ജയമോഹനും ചേര്‍ന്ന് സംവിധാനം ചെയ്ത 'കടങ്കഥയിലെ വിരുന്നുകാരന്‍' എന്ന നാടകത്തിലും താരം ശബ്ദം നല്‍കി.
1980കളുടെ അവസാനത്തിലും 1990കളിലും റേഡിയോ നാടകങ്ങളുമായി മോഹന്‍ലാലിന് ബന്ധമുണ്ടായിരുന്നു. 'കാതുകള്‍ കഥ പറയുന്നു', 'ജീവനുള്ള പ്രതിമകള്‍' തുടങ്ങിയ റേഡിയോ നാടകങ്ങളില്‍ താരം ശബ്ദം നല്‍കിയിരുന്നു. ഏകദേശം 25 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മോഹന്‍ലാല്‍ വീണ്ടും റേഡിയോ നാടകങ്ങളിലേക്ക് മടങ്ങിയെത്തിയത്.
ആകാശവാണിയുടെ പ്രസ്റ്റീജ്യസായ അംഗീകാരമാണ് ടോപ് ഗ്രേഡ്. ഇതിഹാസ നടന്‍ തിലകന്‍ അടക്കമുള്ളവര്‍ക്കാണ് മുമ്പ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് റൂബി പറഞ്ഞു. റേഡിയോ നാടകവേദിയുമായുള്ള മോഹന്‍ലാലിന്റെ ദീര്‍ഘകാല ബന്ധത്തിനും സംഭാവനകള്‍ക്കുമുള്ള ഔദ്യോഗിക അംഗീകാരമാണിതെന്ന് ആകാശവാണി പ്രോഗ്രാം മേധാവി പി.എ. ബിജു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates