

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നിലവില്‍ തന്നെ പാര്‍ലമെന്റില്‍ മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കാനോ, തങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ എംപിമാര്‍ക്ക് അവസരം ലഭിക്കുന്നില്ല. 815 ആകുമ്പോള്‍ ഒരുപാട് പേര്‍ കൈയടിക്കാന്‍ മാത്രമായി വരുമെന്ന് അദ്ദേഹം പരിഹസിച്ചു.
ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശശി തരൂര്‍. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്രം ലോക്‌സഭയില്‍ തിങ്കളാഴ്ച അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 'സര്‍ക്കാരിന്റെ ചിന്താഗതി എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതൊരു ഹ്രസ്വദൃഷ്ടിയോടെയുള്ള ചിന്തയാണോ?അതോ അവര്‍ സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണോ?, അതോ രാജ്യത്തിന്റെ ക്ഷേമത്തെ കുറിച്ചാണോ ചിന്തിക്കുന്നത്? രാജ്യത്തിന്റെ ക്ഷേമത്തിന് 815 എംപിമാരുള്ള ഒരു ലോക്‌സഭ കൊണ്ട് പ്രവര്‍ത്തിക്കാനാകുമോ? ആളുകള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിക്കുമോ? അവിടെ ഒരു ചര്‍ച്ച നടക്കുമോ? എനിക്കറിയില്ല. എന്നാല്‍ 540 എംപിമാരുള്ളപ്പോള്‍ പോലും ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് എനിക്ക് തോന്നുന്നത്'- ശശി തരൂര്‍ പറഞ്ഞു.
'മന്ത്രിമാരോട് ചോദ്യങ്ങള്‍ ചോദിക്കാനോ, തങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ, സീറോ അവറില്‍ സംസാരിക്കാനോ ആളുകള്‍ക്ക് ഇപ്പോള്‍ അവസരം ലഭിക്കുന്നില്ല. 815 ആകുമ്പോള്‍ ഒരു പാട് പേര്‍ കൈയടിക്കാന്‍ മാത്രമായി വരും. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സര്‍ക്കാരിനെ ഉത്തരവാദിത്തമുള്ളതാക്കാന്‍ ശക്തമായ പാര്‍ലമെന്റ് സംവിധാനം ആവശ്യമാണ്. എന്നാല്‍ ഇത്തരമൊരു വിപുലീകരണം കൊണ്ട് അത് നടക്കാന്‍ പോകുന്നില്ല. എങ്കില്‍ അവരുടെ ഉദ്ദേശ്യം എന്താണ്? ഈ വിപുലീകരണം കൊണ്ട് അവര്‍ എന്താണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിക്ക് ഗുണകരമാകുന്ന വിധത്തില്‍ എന്തും ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഓരോ മണ്ഡലത്തിലും അതിരുകള്‍ വരയ്ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ചിന്ത അടുത്ത തെരഞ്ഞെടുപ്പ് വരെ മാത്രമാണെങ്കില്‍, ദീര്‍ഘകാല ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍, നിങ്ങള്‍ ശരിക്കും രാജ്യത്തിന്റെ ക്ഷേമത്തെ കുറിച്ചാണോ ചിന്തിക്കുന്നത്? അതോ അടുത്ത രണ്ട് മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് നിങ്ങളുടെ പാര്‍ട്ടിയുടെ ക്ഷേമത്തെ കുറിച്ചാണോ ചിന്തിക്കുന്നത്?'- അദ്ദേഹം ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates