mohanlal 
Entertainment

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

'ഇത് മോഹൻലാൽ സാറിനെതിരെയുള്ള വിഷയമല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷൻ- ഡിസൈൻ- മീഡിയ ടീമിനോടാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ടെലിവിഷൻ റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാദത്തിൽ. മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി ചിത്രകാരനായ സിജിൻ ഗോപിനാഥൻ രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹൻലാലിന്റെ ഷർട്ടിന്റെ ഡിസൈനിൽ ഉപയോഗിച്ചുവെന്നാണ് കലാകാരന്റെ ആരോപണം. പിന്നാലെ വിശദീകരണവുമായി മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ രംഗത്തെത്തി.

'ഏകദേശം മൂന്ന് വർഷം യുഎഇയിലെ തെരുവുകളിലൂടെ നടന്ന്, വിവിധ രാജ്യക്കാരായ യഥാർഥ മനുഷ്യരെ നേരിൽക്കണ്ടും വരച്ചുമാണ് എന്റെ ഗ്ലോബൽ പീസ് ആർട്ട് വർക്ക് രൂപപ്പെട്ടത്. ഞാൻ നേരിട്ട് കണ്ട യുഎഇയുടെ വൈവിധ്യത്തിന്റെ വിഷ്വൽ ഡോക്യുമെന്റേഷൻ കൂടിയാണിത്. വൈവിധ്യം എന്ന ആശയം ആരുടെയും സ്വന്തമല്ല. ആളുകളെ ഒരുമിച്ച് വരയ്ക്കുക എന്ന ആശയം ആർക്കും ഉപയോഗിക്കാം. പക്ഷേ, നിലവിലുള്ള ഒരു കലാരൂപം തിരിച്ചറിയാവുന്ന മുഖങ്ങളും ഭാവങ്ങളും കഥാപാത്രങ്ങളും ദൃശ്യഭാഷയും അടിസ്ഥാനമായി ഉപയോഗിച്ച ശേഷം കുറച്ച് മാറ്റങ്ങൾ വരുത്തിയതുകൊണ്ട് അതിന്റെ ഒറിജിനൽ സോഴ്‌സ് ഇല്ലാതാകുന്നില്ല. ഇത് മോഹൻലാൽ സാറിനെതിരെയുള്ള വിഷയമല്ല. ഈ ഡിസൈനിന് ഉത്തരവാദികളായ ഫാഷൻ- ഡിസൈൻ- മീഡിയ ടീമിനോടാണ് എന്റെ ആശങ്ക പങ്കുവെക്കുന്നത്'.

'വർഷങ്ങളുടെ ഫീൽഡ് വർക്കും ക്രിയേറ്റീവ് എഫർട്ടുമുള്ള ഒരു ആർട്ട് വർക്ക് റെഫറൻസ് ആക്കുമ്പോൾ, യഥാർഥ ആർട്ടിസ്റ്റിനെ അംഗീകരിച്ച്, ക്രെഡിറ്റ് നൽകുക എന്നത് ഏറ്റവും അടിസ്ഥാനപരമായ ബഹുമാനമാണ്. പ്രചോദനം ഉൾക്കൊള്ളാം. സോഴ്‌സ് മറക്കരുത്. ആർട്ടിസ്റ്റിന് ക്രെഡിറ്റ് നൽകുക'- തന്റെ കലാരൂപത്തെക്കുറിച്ച് ചിത്രകാരനായ സിജിൻ ഗോപിനാഥൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സിജിൻ ഗോപിനാഥിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലായതോടെ മോഹൻലാലിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ പ്രതികരണവുമായി രംഗത്തെത്തി. റിയാലിറ്റി ഷോയ്ക്കായി മോഹൻലാലിന്റെ സ്‌റ്റൈലിങ് ചെയ്യുന്നത് താനല്ലെന്ന് അവർ വ്യക്തമാക്കി.

'ഞാനാണ് ലാൽ സാറിന്റെ പേഴ്‌സണൽ സ്റ്റൈലിസ്റ്റ്. എന്നാൽ റിയാലിറ്റി ഷോയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ കോസ്റ്റ്യൂമുകൾ ചെയ്യുന്നത് ഞാനല്ല. നന്ദി'- അവർ കുറിച്ചു.

അതിനിടെ, റിയാലിറ്റി ഷോയ്ക്ക് വേണ്ടി മോഹൻലാലിന് വേഷങ്ങൾ ഒരുക്കുന്നത് പ്രവീൺ വർമ എന്ന സ്റ്റൈലിസ്റ്റാണെന്ന വിവരം പുറത്തുവന്നു. വിവാദത്തോട് പ്രവീൺ വർമ പക്ഷേ പ്രതികരിച്ചിട്ടില്ല. ലളിതവും പ്രേക്ഷകർക്ക് എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ ലുക്കാണ് ഇത്തവണ മോഹൻലാലിനായി ഒരുക്കുന്നതെന്ന് പ്രവീൺ വർമ പറഞ്ഞു.

വിവാദം ചൂടുപിടിച്ചതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി സിജിൻ ഗോപിനാഥൻ രംഗത്തെത്തി.

'നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയോ വിവാദങ്ങളിലൂടെയോ ശ്രദ്ധ നേടുക എന്നത് ഒരിക്കലും എന്റെ രീതിയല്ല. ഒരു ഹേറ്റ് ക്യാമ്പെയ്‌നിന്റെ ഭാഗമാകാനോ വിവാദങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടാനോ എനിക്ക് താൽപര്യമില്ല.'

'ഞാൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. എന്റെ ആർട്ട്‌വർക്കിലെ മുഖങ്ങൾ തെരുവുകളിലും ജീവിതയാത്രയിലും ഞാൻ നേരിട്ട് കണ്ടുമുട്ടിയ യഥാർത്ഥ മനുഷ്യരിൽ നിന്നുള്ളവയാണ്. മൂന്ന് വർഷത്തോളം സമയമെടുത്താണ് ആ മുഖങ്ങൾ വരച്ചതും ഈ ആർട്ട്‌വർക്ക് രൂപപ്പെടുത്തിയതും. ഓരോ മുഖത്തിനും പിന്നിൽ ഓരോ ഓർമ്മയുണ്ട്. അതുകൊണ്ടുതന്നെ ഇത് എനിക്ക് വെറുമൊരു സാങ്കൽപ്പിക ആർട്ട്‌വർക്ക് അല്ല.'

'ഡൂഡിൽ ആർട്ട് ഞാൻ കണ്ടുപിടിച്ചതാണെന്നോ, ഡൂഡിലിംഗ് എന്ന ആശയത്തിന്മേൽ എനിക്ക് അവകാശമുണ്ടെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ വാക്കുകളായി ചിത്രീകരിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.'

'അതിലും പ്രധാനമായി, എന്റെ വാക്കുകളെ വളച്ചൊടിച്ച് ഞാൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ലാൽ സാറിനെതിരെ ഉപയോഗിക്കരുത്. അദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള നെഗറ്റിവിറ്റിയും സൃഷ്ടിക്കുക എന്നത് എന്റെ ഉദ്ദേശമല്ല.'

'എന്റെ കലയോടോ എന്റെ കാഴ്ചപ്പാടിനോടോ വിയോജിക്കാനുള്ള എല്ലാവരുടെയും അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞ കാര്യങ്ങളെ അതിന്റെ യഥാർത്ഥ സാഹചര്യത്തിൽ തന്നെ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.'

'നെഗറ്റിവിറ്റിയിലൂടെ ശ്രദ്ധ നേടുന്നതിനേക്കാൾ, എന്റെ കല തന്നെ എനിക്ക് വേണ്ടി സംസാരിക്കട്ടെ.'

സിജിൻ ഗോപിനാഥൻ
ഡൂഡിൽ ആർട്ടിസ്റ്റ്

mohanlal Bigg Boss reality show shirt design controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

അസാധാരണ തിരുത്തലുകളുമായി സിപിഎം, വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യുട്യൂബർ ‘ക്വീൻ ഫിഷർ തംബുരു’ വീട്ടിൽ മരിച്ച നിലയിൽ

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്