തന്റെ ജീവിതത്തിലെ നിർണായകമായ രണ്ട് കാര്യങ്ങൾ സംഭവിച്ചത് ആറ്റുകാലമ്മയ്ക്ക് മുന്നിലായിരുന്നുവെന്ന് നടൻ മോഹൻലാൽ. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് അംബാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മോഹൻലാൽ. തന്റെ അമ്മയുടെ ഓർമകളും മോഹൻലാൽ പങ്കുവച്ചു.
ആറ്റുകാൽ അമ്മയുടെ ഭക്തയായിരുന്നു തന്റെ അമ്മയെന്നും വാക്കുകൾ അപ്രസക്തമാകുന്ന നിമിഷമാണിതെന്നും മോഹൻലാൽ പറഞ്ഞു. "അകം നിറയെ ആറ്റുകാൽ അമ്മയാണ്. ഞാൻ ഇവിടെ നിൽക്കുമ്പോൾ, ജീവിച്ചിരുന്നെങ്കിൽ എന്‍റെ അമ്മ ആയിരിക്കും സന്തോഷിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. തിരുവനന്തപുരത്തുകാർക്ക് ആറ്റുകാൽ ഒരു വികാരമാണ്. പൊങ്കാല തലസ്ഥാനത്തിന്‍റെ തിരുവാഭരണമാണ്.
ഏതൊരു തിരുവനന്തപുരത്തുകാരനെപ്പോലെയും എന്‍റെ കൗമാരവും ആറ്റുകാൽ ദർശനവും പൊങ്കാല അനുഭവവുമായി ബന്ധപ്പെട്ടതാണ്. ബാല്യകാല ഓർമകളിൽ ആറ്റുകാൽ ഇന്നു കാണുന്ന പോലെ വികസിച്ചിട്ടില്ല. ചുറ്റും വയലുകൾ ആയിരുന്നു. പൊങ്കാല ദിവസമാകുമ്പോൾ നാടു മുഴുവൻ അടുപ്പുകളും ഭക്തരുമായിരിക്കും.
ആറ്റുകാലിലേക്ക് വന്നിരുന്ന വിളക്കുകെട്ട് ഘോഷയാത്രകൾ മുടവൻമുകളുകാർക്ക് ഉത്സവമായിരുന്നു. ഓരോ പ്രദേശത്തു നിന്നുമുള്ള ഘോഷയാത്രകൾക്ക് അന്ന് 'ചപ്രമെഴുന്നള്ളത്ത്' എന്നാണ് പറഞ്ഞിരുന്നത്. സപ്രമഞ്ചലിന്‍റെ പ്രാദേശിക രൂപമായിരിക്കാം അത്. ഇന്നത് 'വിളക്കുകെട്ട്' എന്നാണറിയപ്പെടുന്നത്.’
പൊങ്കാലയുടെ തലേന്ന് ശ്രീപത്മനാഭയിലും കിള്ളിപ്പാലം ശിവയിലും സെക്കൻഡ് ഷോയ്ക്ക് ശേഷം സ്പെഷ്യൽ തേർഡ് ഷോയുണ്ടാകും. മിക്കവാറും ഭക്തി ചിത്രങ്ങളായിരുന്നു. അത്തരം നിരവിധി ഗൃഹാതുരമായ ഓർമകൾ. എന്‍റെ അന്യഭാഷാ സിനിമാ സുഹൃത്തുക്കളോട് പൊങ്കാലയെപ്പറ്റി സംസാരിക്കാറുണ്ട്. അതിന്‍റെ പ്രത്യേകതകൾ കേട്ട് അവർ അത്ഭുതപ്പെടുന്നതു കണ്ടിട്ടുണ്ട്.
ഇതുപോലൊരു ക്ഷേത്രവും ഉത്സവവും ഇവിടെ മാത്രമേയുള്ളു എന്നാണ് അഭിപ്രായം. പല തലത്തിലുള്ള ബഹുമതികൾ സ്വീകരിക്കാൻ 48 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ സാധിച്ചു. എങ്കിലും വളർന്ന മണ്ണിലെ, മനസ്സുകൊണ്ട് കുമ്പിടുന്ന ഭഗവതിയുടെ പേരിലുള്ള പുരസ്കാരം അതിന്റെ ആത്മീയ ചൈതന്യം കൊണ്ട് സവിശേഷമാണെന്നും മോഹൻലാൽ പറഞ്ഞു.
ജീവിതത്തിലെ നിർണായകമായ രണ്ട് കാര്യങ്ങൾ ആറ്റുകാലമ്മയ്ക്ക് മുന്നിലായിരുന്നു. ആദ്യമായി മുഖം കാണിച്ച 'തിരനോട്ട'ത്തിന്‍റെ പൂജ ഇവിടെയായിരുന്നു. 1988 ഏപ്രിൽ 28ന് സുചിത്രയെ താലി കെട്ടിയതും ഈ തിരുനടയിൽ വച്ചാണ്. 36 വർഷം പിന്നിടുന്നു ഞങ്ങളുടെ ദാമ്പത്യം. എല്ലാം അമ്മയുടെ അനുഗ്രഹമാണ്.
ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പലതവണയായി വിളിച്ചെങ്കിലും അതിന് സാധിച്ചില്ല, എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ എന്ന് പറയുന്നത് പോലെ, ദാസാ എന്ന അമ്മയുടെ വിളിയായി കണക്കാക്കിയാണ് ഇത്തവണ എത്തിയത്. ദേവിയുടെ പേരിൽ ലഭിച്ച പുരസ്കാരത്തെ ആശിർവാദമായാണ് കാണുന്നത്".- മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates