മോഹൻലാലിന് നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ചെറിയ ഇടവേള. 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷമാണ് ഷെഡ്യൂൾ ബ്രേക്ക് എടുത്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് യാത്ര പറഞ്ഞിറങ്ങുന്ന മോഹൻലാലിന്റെ വിഡിയോ ആണ്.
ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നുമെന്നും അങ്ങനെ സ്നേഹം തോന്നിയ ചിത്രമാണ് ഇതെന്നുമാണ് മോഹൻലാൽ പറഞ്ഞത്. വിഷമത്തോടെയാണ് സെറ്റിനോട് വിടപറയുന്നതെന്നും താരം പറഞ്ഞു.
‘47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ ഒരു സിനിമയാണ് ഇത്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടം ഉണ്ടാവും. ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. ഇവിടെ തന്നെ നിന്ന എത്രയോ ദിവസങ്ങൾ. ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു. വീണ്ടും എളുപ്പം തിരിച്ചുവരാം.’- മോഹൻലാൽ പറഞ്ഞു.
സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൽ360. മോഹൻലാലിനൊപ്പം ശോഭനയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കെ.ആര്‍. സുനിലിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തി. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, കോ ഡയറക്ടർ ബിനു പപ്പു. അതേസമയം എമ്പുരാന്റെ ചിത്രീകരണത്തില്‍ മോഹൻലാൽ ജോയിൻ ചെയ്യും. ഗുജറാത്തിൽ ചിത്രീകരിക്കുന്ന ഭാഗങ്ങളിലാകും മോഹൻലാൽ ഇനി അഭിനയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates