ഹിറ്റ് മേക്കർ, സ്റ്റാർ മ്യൂസിക് കംപോസർ, മികച്ച പാട്ടുകാരൻ, കേരളത്തിന്റെ അനിരുദ്ധ് അങ്ങനെ മലയാളികൾ ജേക്സ് ബിജോയ്ക്ക് നൽകിയിരിക്കുന്ന വിശേഷണങ്ങൾ ഏറെയാണ്. കുട്ടിക്കാലം മുതലേ തനിക്ക് പാട്ടിനോട് ഏറെയിഷ്ടമായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും ജേക്സ് പറഞ്ഞിട്ടുണ്ട്. പാട്ടുകാരനിൽ നിന്ന് മ്യൂസിക് കംപോസറിലേക്കുള്ള ജേക്സിന്റെ യാത്രയും അത്ര എളുപ്പമായിരുന്നില്ല.
ഇന്നിപ്പോൾ മലയാളവും കടന്ന് തെന്നിന്ത്യയും ബോളിവുഡും വരെ കീഴടക്കിയിരിക്കുകയാണ് ഈരാറ്റുപേട്ടക്കാരനായ ജേക്സ്. 2025 ജേക്സ് ബിജോയിയെ സംബന്ധിച്ച് വളരെ സ്പെഷ്യലായ ഒരു വർഷം കൂടിയായിരുന്നു. ഒന്നല്ല, രണ്ടല്ല, മൂന്നല്ല ഒട്ടേറെ ഹിറ്റ് പാട്ടുകളാണ് ഈ വർഷം ജേക്സ് ബിജോയ് സിനിമാ ലോകത്തിന് സമ്മാനിച്ചത്.
ഓഫീസർ ഓൺ ഡ്യൂട്ടി, ദേവ, പാതിരാത്രി, കാന്ത, ഐഡന്റിറ്റി തുടങ്ങിയ ചിത്രങ്ങളും ഈ വർഷം ജേക്സിന്റേതായി പുറത്തുവന്നിരുന്നു. ഇനി വരാൻ പോകുന്ന ജേക്സ് ബിജോയ് ചിത്രങ്ങളിലും പ്രേക്ഷകർക്ക് ഉള്ള പ്രതീക്ഷ വളരെ വലുതാണ്. ഐ ആം ഗെയിം, ഖലീഫ, തുടക്കം തുടങ്ങി ഒട്ടേറെ സിനിമകളാണ് 2026 ൽ ജേക്സിന്റേതായി ഒരുങ്ങുന്നത്.
ഈ വർഷം ജേക്സിനോളം മലയാളികൾ ആഘോഷിച്ച മറ്റൊരു സംഗീത സംവിധായകനില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. 2025 ൽ മലയാളികൾ ഏറ്റെടുത്ത ജേക്സ് ബിജോയ്‌യുടെ പാട്ടുകളിലൂടെ.
"തനിലോക മുറക്കാരി
നരഭാവന ധിക്കാരി
പരലോകക്കാരി, വീണ ഭൂവിനുടയാളീ…"
ഈ ഒറ്റ പാട്ട് കൊണ്ട് പടത്തിന് ജേക്സ് കയറ്റിയ ഹൈപ്പ് പറഞ്ഞറിയിക്കാനാകാത്തതാണ്. ജ്യോതി നൂറൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ വർഷം ജേക്സിന്റെ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റെടുത്ത ഗാനം കൂടിയായിരുന്നു ഇത്. ലോകയുടെ ബാക്ക്ഗ്രൗണ്ട് സ്കോറും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
"മിഴിയോരം നനയുകയോ
മനമെങ്ങോ ഒഴുകുകയോ
ഒരു കൂട്ടം കഥകളുമായി
ഇളം കാറ്റിൽ ഇടവഴിയിൽ..
ഒരു കാലം.. തിരികെ വരും"
തുടരും സിനിമയിലെ ഈ ഗാനം ഒട്ടുമിക്ക സിനിമാ പ്രേക്ഷകരുടെയും കണ്ണ് നനയിപ്പിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ജേക്സിന്റെ മറ്റൊരു മാജിക് കൂടിയാണ് ഈ പാട്ടിലൂടെ മലയാളികൾ അടുത്തറിഞ്ഞത്. ചിത്രത്തിലെ കൺമണി പൂവേ എന്ന പാട്ടും ഈ വർഷത്തെ ഹിറ്റ് പാട്ടുകളിലൊന്നാണ്. 'കുറേ കാലങ്ങൾക്ക് ശേഷം മലയാള തനിമയുള്ള ഒരു പാട്ട് കേൾക്കുന്നു' എന്നാണ് ഈ പാട്ടിന് താഴെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകളിലധികവും. ജേക്സ് ബിജോയിയുടെ ഈ വർഷത്തെ മറ്റൊരു ഹിറ്റ് കൂടിയായിരുന്നു തുടരും.
"മിന്നൽവള കയ്യിലിട്ട പെണ്ണഴകേ
എത്തിത്തൊടാൻ എത്തുകില്ല
മാരിവില്ലാണു നീ"
ഈ വർഷം റീലുകളിൽ വൻ തരംഗം തീർത്ത പാട്ടായിരുന്നു മിന്നൽ വള. ഇത്രയ്ക്കും അഡിക്ട് ആയ ഒരു പാട്ട് 2025 ൽ വേറെ ഇറങ്ങിയിട്ടില്ല- എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മലയാള സിനിമയുടെ ഒരു പ്രധാന ഘടകമായി ജേക്സ് മാറിയെന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്ന പാട്ട് കൂടിയായിരുന്നു ഇത്.
'ഡബിൾ ട്രബിൾ...'
വിലായത്ത് ബുദ്ധയുടെ നട്ടെല്ല് എന്ന് പറഞ്ഞത് തന്നെ ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും മ്യൂസിക്കും ആയിരുന്നു. ചിത്രത്തിലെ ഡബിൾ ട്രബിൾ എന്ന പാട്ടും ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. പക്ഷേ ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മാത്രമല്ല തനിക്കൊരുപാട് ഇമോഷണൽ കണക്ഷൻ കൂടിയുള്ള ചിത്രമാണ് വിലായത്ത് ബുദ്ധ എന്ന് ജേക്സ് ബിജോയ് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates