ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി നിർമ്മാതാവ് പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ്. ബംഗാളി സിനിമാ മേഖലയിൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച നന്തി മൂവീസ്, ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണ്. എ2വി നെറ്റ്‌വർക്ക്സ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവരുമായി ചേർന്നാണ് നന്തി മൂവീസിൻ്റെ ആദ്യ ചിത്രം മലയാളത്തിൽ ഒരുങ്ങുന്നത്.
നവാഗതനായ സൂരജ് സോമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ പുറത്തുവിടും. പ്രദീപ് കുമാർ നന്തി, നിതിൻ കുമാർ, അലോക് കുമാർ, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗാർമെന്റ് നിർമ്മാണ രംഗത്തെ വിജയകരമായ സംരംഭകത്വത്തിന് ശേഷം സിനിമാ നിർമ്മാണത്തിലേക്ക് എത്തിയ പ്രദീപ് കുമാർ നന്തി, വ്യത്യസ്തമായ കഥകളും പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കുന്ന സിനിമകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. സിനിമയോടുള്ള തന്റെ ആഴത്തിലുള്ള അഭിനിവേശവും സംരംഭക മികവും ഒരുമിപ്പിച്ചാണ് അദ്ദേഹം നിർമ്മാണ രംഗത്ത് പുതിയ ചുവടുകൾ വെക്കുന്നത്.
മലയാള സിനിമയിലെ മുൻനിര നിർമ്മാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ഡ്രീം ബിഗ് ഫിലിംസിൻ്റെ സഹകരണവും ഈ പ്രോജക്ടിന്റെ പ്രത്യേകതയാണ്. മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സജീവമായ ഡ്രീം ബിഗ് ഫിലിംസിനൊപ്പം നന്തി മൂവീസ് മലയാളത്തിലേക്ക് എത്തുമ്പോൾ പുതിയൊരു നിർമ്മാണ കൂട്ടുകെട്ടിനാണ് തുടക്കമാകുന്നത്.
'ഭാഗ്യോലോക്കി’, ‘റന്ന ബാത്തി’, ‘മാഡം സെൻഗുപ്ത’, ‘ബിബി പായ്റ’, ‘ഫെരാ’, ‘കേ ബോലെ ബിപ്ലോബി, കേ ബോലെ ഡാക്കത്’ തുടങ്ങിയ ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളിലൂടെ ബംഗാളി സിനിമയിൽ സാന്നിധ്യമറിയിച്ച നിർമ്മാണ സ്ഥാപനമാണ് നന്തി മൂവീസ്. ഹൊറർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം പ്രദീപ് കുമാർ നന്തിയുടെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയിൽ തന്നെ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന്റെ താരനിര, കഥ, മറ്റ് അണിയറ പ്രവർത്തകർ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം പുറത്തുവരും.
കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; 'സർവേ ജനാഃ സുഖിനോ ഭവന്തു' ചിത്രീകരണം പൂർത്തിയായി. മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച നടി അപർണ ദാസ് കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. 'സർവേ ജനാഃ സുഖിനോ ഭവന്തു' എന്നാണ് ചിത്രത്തിൻ്റെ പേര്. മനോരഞ്ജൻ രവിച്ചന്ദ്രൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
നിലവിൽ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. എസ്.വി. എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ്.വി. നാരായണനും എസ്.വി. കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ രുദ്രപ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനെന്ന നിലയിൽ സുനിൽ രുദ്രപ്രഭയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രശസ്ത നടൻ പൃഥ്വി അംബാർ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
കേരളത്തിലെ പാലക്കാട് സ്വദേശിനിയാണ് അപർണ ദാസ്. കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തമിഴിൽ വിജയ് നായകനായ 'ബീസ്റ്റ്', 'ദാദ' തുടങ്ങിയ ചിത്രങ്ങളിലും 'വദന്തി' എന്ന തമിഴ് വെബ് സീരീസിലും അപർണ അഭിനയിച്ചിട്ടുണ്ട്. 'സർവേ ജനാഃ സുഖിനോ ഭവന്തു'വിലൂടെയാണ് താരം കന്നഡ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സെപ്റ്റംബർ 10ന് അപർണ ദാസിന്റെ ജന്മദിനം കൂടിയാണ്. ജന്മദിനത്തിൽ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് 'സർവേ ജനാഃ സുഖിനോ ഭവന്തു'വിന്റെ അണിയറപ്രവർത്തകർ.
എസ്.വി. എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. 'അറ്റംപ്റ്റ് ടു മർഡർ', 'രംഗനായകി' തുടങ്ങിയ ചിത്രങ്ങൾ നേരത്തെ ഈ ബാനറിൽ നിർമ്മിച്ചിട്ടുണ്ട്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കാർത്തിക് എസ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ കെ.എം. പ്രകാശാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates