നടന്‍ സലിം കുമാറിന്റെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ നിന്നും മലയാളികള്‍ ഇതുവരേയും മുക്തരായിട്ടില്ല. മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ നടനാണ് സലിം കുമാര്‍. സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ, സുഹൃത്തിന്റെ വിയോഗം ഒരിക്കലും നികത്താന്‍ പറ്റാത്ത വിടവാണ്.
സലിം കുമാറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ്. സലിം കുമാറിന്റെ വേര്‍പാട് തനിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് നെല്‍സണ്‍ പറയുന്നത്. സലിം കുമാറിന്റെ അവസാന നാളുകളില്‍ അദ്ദേഹവുമായി നടത്തിയ ഫോണ്‍ സംഭാഷണം ഓര്‍ത്തെടുക്കുകയാണ് നെല്‍സണ്‍ ഐപ്പ്.
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഐപ്പ് മനസ് തുറന്നത്. മാര്‍ച്ച് 31-ാം തിയ്യതി തന്റെ ഭാര്യയുടെ റിട്ടയര്‍മെന്റിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി സലിം കുമാറിനെ ക്ഷണിക്കാനായിരുന്നു നെല്‍സണ്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്തത്. ആ സമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സലിം കുമാര്‍.
'ഫോണ്‍ എടുത്ത ഉടനെ അദ്ദേഹം എന്നോട് പറഞ്ഞത്, ആ ഡേറ്റിനൊന്നും ഞാന്‍ ഉണ്ടാവില്ല. ഞാന്‍ പോകും, മരിച്ചു പോകും എന്നായിരുന്നു' നെല്‍സണ്‍ ഐപ്പ് പറയുന്നു. തനിക്ക് തീരെ വയ്യെന്നും ശരീരം വിചാരിക്കുന്നിടത്തേക്ക് വരുന്നില്ലെന്നും ശരീരം വിചാരിക്കുന്നതിനടത്തേക്ക് മനസ് വരുന്നില്ല എന്ന അവസ്ഥയായിരുന്നു അദ്ദേഹത്തിന്റേതെന്നും ഐപ്പ് പറയുന്നു.
മരണം മുന്നില്‍ കണ്ടിരുന്നത് പോലെയായിരുന്നു അടുത്തകാലത്ത് വിളിക്കുമ്പോഴൊക്കെ സലിം കുമാര്‍ സംസാരിച്ചിരുന്നതെന്നും നെല്‍സണ്‍ ഐപ്പ് ഓര്‍ക്കുന്നു. അതുകാരണം താന്‍ അദ്ദേഹത്തെ വിളിക്കുന്നത് തന്നെ കുറച്ചിരുന്നു. വിഷമിപ്പിക്കുന്നതായിരുന്നു സലിം കുമാറിന്റെ ആ അവസ്ഥയെന്നും അദ്ദേഹം പറയുന്നു. സുഹൃത്തിന്റെ വേര്‍പാടില്‍ നിന്നും താനിപ്പോഴും മുക്തനായിട്ടില്ലെന്നും നെല്‍സണ്‍ ഐപ്പ് പറയുന്നു.
ജൂണ്‍ 6 നാണ് മലയാളികളുടെ പ്രിയ താരം സലിം കുമാര്‍ വിട പറയുന്നത്. ഏറെനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടുവരികയായിരുന്നു താരം. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച്, സിനിമയില്‍ ഹാസ്യ താരമായി കയ്യടി നേടിയ സലിം കുമാര്‍ പിന്നീട് മികച്ചനടനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും നേടിയെടുത്തു. പ്രിയതാരത്തെ അവസാനമായി കാണാന്‍ ആരാധകരും സിനിമാലോകവും ലാഫിങ് വില്ലയിലേക്ക് ഒഴുകിയെത്തിയിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മലയാളികള്‍ സലിം കുമാറിന് വിട ചൊല്ലിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates